പത്തനംതിട്ട: കസ്റ്റഡി മര്‍ദനങ്ങള്‍, മരണങ്ങള്‍, സ്വജനപക്ഷപാതം തുടങ്ങി കേരളാ പോലീസ് ഓരോ ദിവസവും പ്രതിക്കൂട്ടിലാകുന്നതിനിടെ വിചിത്രമായ മറ്റൊരു സംഭവം കൂടി പുറത്തു വരികയാണ്. രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ നേരിടുന്ന മുന്‍ പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാര്‍ ക്രൈംബ്രാഞ്ച് എഡിജിപിയുടെ ഓഫീസില്‍ എഐജിയായി ജോലി ചെയ്യുകയാണ്. അതായത്, തനിക്കെതിരേ നടക്കുന്ന അന്വേഷണങ്ങളും ഇതിന്മേല്‍ വരുന്ന റിപ്പോര്‍ട്ടും ആദ്യം അറിയുന്നത് വിനോദ്കുമാര്‍ തന്നെ. തനിക്കെതിരേ വരുന്ന റിപ്പോര്‍ട്ട് പൂഴ്ത്തുകയോ അട്ടിമറിക്കുകയോ ഈ ഉദ്യോഗസ്ഥനു ചെയ്യാം. ക്രൈംബ്രാഞ്ചിന് രണ്ടു വിഭാഗങ്ങളാണുള്ളത്. ധനകാര്യവും നരഹത്യയും. രണ്ടിനും ഒരു എഡിജിപിയാണ്. അതു കൊണ്ടു തന്നെ രണ്ട് വിഭാഗത്തില്‍ നിന്നും എഡിജിപി ഓഫീസിലേക്ക് വരുന്ന ഫയലുകള്‍ വിനോദിന്റെ കൈയില്‍ കിട്ടും. പോരെങ്കില്‍ ഫയല്‍ വിളിച്ചു വരുത്താനുള്ള അവകാശവുമുണ്ട്. വളരെ വിചിത്രമാണ് കേരളാ പോലീസില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍.

നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷാണ്. അദ്ദേഹം തന്നെയാണ് ക്രൈംബ്രാഞ്ച് എഡിജിപിയും. ഈ ഓഫീസില്‍ എഐജിയാണ് മുന്‍ പത്തനംതിട്ട എസ്പിയായ വി.ജി. വിനോദ്കുമാര്‍. രണ്ടു ക്രൈംബ്രാഞ്ച് അന്വേഷണം അടക്കം നിരവധി സംഭവങ്ങളില്‍ ഇദ്ദേഹത്തിനെതിരേ ആഭ്യന്തര അന്വേഷണം നടന്നു വരികയാണ്. രണ്ടും അന്വേഷിക്കുന്നത് ഇദ്ദേഹത്തിനേക്കാള്‍ ജൂനിയര്‍ ആയ ഓഫീസര്‍മാര്‍ ആണെന്നുള്ളതാണ് രസകരമായ ഒരു കാര്യം. എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരായ വിജിലന്‍സ് കേസ് അദ്ദേഹത്തേക്കാള്‍ താഴ്ന്ന റാങ്കിലുള്ള ഡിവൈ.എസ്.പി അന്വേഷിച്ചതിനെ കോടതികള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.

ഈ വിമര്‍ശനം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം എസ്.പിക്കെതിരേ ഒരു നോണ്‍ ഐപിഎസ് എസ്.പിയും ഒരു ഡിവൈ.എസ്.പിയും നടത്തുന്നത്. രണ്ടു പേര്‍ക്കും വിനോദിനെ മറികടന്ന റിപ്പോര്‍ട്ട് കൊടുക്കാന്‍ കഴിയില്ല. ഇനി കൊടുത്താല്‍ തന്നെ നേരെ ചെല്ലുക വിനോദിന്റെ കൈയിലാകും. പിന്നീട് ഇതിന്റെ പേരില്‍ തങ്ങള്‍ക്കെതിരേ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭയന്ന് ഉദ്യോഗസ്ഥര്‍ പ്രഹസന റിപ്പോര്‍ട്ട് നല്‍കാനുള്ള സാധ്യത ഏറെയാണ്.

കോയിപ്രം കസ്റ്റഡി മര്‍ദനം, ആറന്മുളയില്‍ ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറി എന്നീ വിഷയങ്ങളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ഹൈക്കോടതി അഭിഭാഷകനായ നൗഷാദ് തോട്ടത്തില്‍ പ്രതിയായ കേസില്‍ ആറന്മുള പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയിരുന്നു. അന്വേഷണ ചുമതലയുള്ള ആറന്മുള പോലീസ് വരുത്തിയ വീഴ്ചയ്ക്ക് കോന്നി ഡിവൈ.എസ്.പിയെയും എസ്.എച്ച്.ഓയെയും സസ്പെന്‍ഡ് ചെയ്യാനുള്ള റിപ്പോര്‍ട്ടാണ് എസ്.പിയായിരുന്ന വിനോദ്കുമാര്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു പേരെയും സസ്പെന്‍ഡ് ചെയ്തു. കേസിന്റെ മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തിയതില്‍ എസ്.പിയായ വിനോദ്കുമാറിനും പങ്കുണ്ടായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് പി. സാരഥി ആണ് നടത്തുന്നത്. സര്‍വീസില്‍ വി.ജി. വിനോദ്കുമാറിന്റെ ജൂനിയറാണ് ഗിരീഷ്.

കോയിപ്രം പോലീസ് സ്റ്റേഷനില്‍ അതിക്രൂരമായ കസ്റ്റഡി മര്‍ദനം ഏല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് വരയന്നൂര്‍ സ്വദേശി സുരേഷ് ആത്മഹത്യ ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കോന്നി എസ്.എച്ച്.ഓ നല്‍കിയ റിപ്പോര്‍ട്ടില്‍ കസ്റ്റഡി മര്‍ദനം സ്ഥിരീകരിച്ചിരുന്നു. റിപ്പോര്‍ട്ട് മൂന്നു മാസത്തോളമാണ് പൂഴ്ത്തി വച്ചത്. മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ അന്വേഷണം ആദ്യം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈ.എസ്.പിയെ വിരട്ടി അന്വേഷണം അട്ടിമറിക്കാന്‍ ആദ്യം ശ്രമിച്ചു. ഇതും വാര്‍ത്തയായതോടെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

ഇതിനിടെ സുരേഷിന്റെ കൂട്ടുകാരനായ അരീഷ്‌കുമാറിനെ പ്രതിയാക്കി ഒരു പുലര്‍കാല എഫ്ഐആര്‍ ഇട്ടു. അരീഷിന്റെ മര്‍ദനമേറ്റാണ് സുരേഷിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞത് എന്നായിരുന്നു എഫ്ഐആര്‍. ഇരവരുടെയും സുഹൃത്തായ അനില്‍കുമാറിന്റെ മൊഴി പ്രകാരമായിരുന്നു എഫ്ഐആര്‍. എന്നാല്‍, താന്‍ ഇങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്ന് അനില്‍കുമാറും താന്‍ സുരേഷിനെ മര്‍ദിച്ചിട്ടില്ലെന്ന് അരീഷ്‌കുമാറും പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. പോലീസിന്റെ ഗൂഢാലോചനയും ഇതോടെ പുറത്തായി.

ഈ വിഷയം അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ഹോമിസൈഡ് വിങ് തിരുവല്ല ഡിവൈ.എസ്.പി കെ.ആര്‍. പ്രതീകാണ്. ഇദ്ദേഹമാകട്ടെ വിനോദ്കുമാറിനൊപ്പം ജോലി ചെയ്തിരുന്നയാളാണ്. വിനോദിന് കാര്യമായ സ്വാധീനവും ചെലുത്താന്‍ കഴിയും. ഇതോടെ ഈ അന്വേഷണവും അട്ടിമറിക്കപ്പെടും. ഇതിന് പുറമേ വനിത എസ്ഐയുടെ പോക്സോ കേസ് അട്ടിമറിക്ക് ഒത്താശ ചെയ്തു, എഡിജിപിക്ക് ശബരിമലയിലേക്ക് ട്രാക്ടര്‍ യാത്രയ്ക്ക് ഒത്താശ ചെയ്തു, വനിതാ എസ്ഐമാര്‍ക്ക് തന്റെ പഴ്സണല്‍ നമ്പരില്‍ നിന്ന് അവരുടെ പേഴ്സണല്‍ നമ്പരിലേക്ക് രാത്രികാലങ്ങളില്‍ മെസേജ് അയച്ചു, തിരുവല്ലയില്‍ വച്ച് സ്വന്തം വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ പോലീസ് ഡ്രൈവറുടെ മൊഴിയെടുത്ത് കേസ് എടുത്തു എന്നിങ്ങനെ വിവാദ വിഷയങ്ങളില്‍ വിനോദ്കുമാര്‍ ഉള്‍പ്പെടുകയും ചെയ്തു. പത്തിലധികം റിപ്പോര്‍ട്ടുകളാണ് വിനോദിനെതിരേ പോലീസ് ആസ്ഥാനത്തുള്ളത്. ഇതെല്ലാം മന്ത്രി വാസവന്‍ ഇടപെട്ട് പൂഴ്ത്തി വച്ചിരിക്കുന്നു എന്നാണ് ആരോപണം.