തിരുവനന്തപുരം: പതിനായിരത്തിലധികം സാധാരണക്കാർ എഴുതുന്ന ഹയർ സെക്കൻഡറി തുല്യത പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. പരീക്ഷ വിജിലൻസ് സ്കോഡ് ഡ്യൂട്ടിക്ക് ഹയർ സെക്കൻഡറി പരീക്ഷ മാനുവലിന് വിരുദ്ധമായി യോഗ്യതയില്ലാത്ത ജീവനക്കാരെ നിയമിച്ച് വേണ്ടപ്പെട്ടവരെ മാത്രം അതിരുവിട്ട് സഹായിക്കുന്നുവെന്നാണ് പരാതി. പരീക്ഷാർത്ഥികകൾക്ക് കോപ്പിയടിച്ച് എഴുതുന്നതിന് വേണ്ടി ഭരണകക്ഷി യൂണിയൻ നേതാവാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറെയും പരീക്ഷ ജോയിന്റ് ഡയറക്ടറെയും നോക്കുകുത്തിയാക്കി ഈ വിചിത്രമായ ഉത്തരവ് തയ്യാറാക്കിയതിന് പിന്നിലെന്നാണ് പ്രധാന ആരോപണം.

ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ ചാപ്റ്റർ 8 പ്രകാരം പരീക്ഷ വിജിലൻസ് ഡ്യൂട്ടി സ്കോഡ് ലീഡർ ആയി പരീക്ഷ അസിസ്റ്റന്റ്റ് ഡയറക്ടറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനും മെമ്പർമാരായി ബന്ധപ്പെട്ട ജില്ലകളിലെ സീനിയർ മോസ്റ്റ് ഗവൺമെന്റ്റ് / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരാകണം എന്നാണ് നിഷ്കർഷിക്കുന്നതിന് ഇതിന് വിരുദ്ധമായി ഭരണകക്ഷി യൂണിയൻ നേതാവിൻ്റെ ശുപാർശ പ്രകാരം ക്ലാർക്കുമാരെയും, ജോയിന്റ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്റ്മാരെയുമാണ് നിയമിച്ചിരിക്കുന്നത്. അധ്യാപകരെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയത് പരീക്ഷ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സംശയിക്കേണ്ടിരിയിക്കുന്നുവെന്നും പറയുന്നു.

അതേസമയം, ഹയർ സെക്കൻഡറി പരീക്ഷ ജോയിൻ്റ് ഡയറക്ടറുടെ പേരിൽ 10/07/2025 തീയതി ഇറക്കിയ ഉത്തരവിൽ യോഗ്യതയില്ലാതെ ശ്രീ ഷാജുദ്ദീൻ എ ജൂനിയർ സൂപ്രണ്ട്, ശ്രീ ഹരിപ്രസാദ് . ക്ലാർക്ക്,ശ്രീ മുഹമ്മദ് അൻസാർ ക്ലാർക്ക്, ശ്രീമതി ബിന്ദു പി ജി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ശ്രീമതി വെജി ജെ ആർ ജൂനിയർ സൂപ്രണ്ട്, ശ്രീമതി ഷീജ എസ് ജൂനിയർ സൂപ്രണ്ട്, ശ്രീ അജീഷ് കെ ജൂനിയർ സൂപ്രണ്ട്. ശ്രീമതി സ്നേഹ ക്ലാർക്ക്, കുമാരി ഹരിശ്രീ ക്ലാർക്ക്, ശ്രീമതി അഞ്ജന പി വി ക്ലാർക്ക്, ശ്രീ ലിനു കെ എസ് ക്ലാർക്ക്, ശ്രീ സതീഷ് കുമാർ ക്ലാർക്ക്, ശ്രീ മഹേഷ് എം ക്ലാർക്ക് എന്നീ 14 ജീവനക്കാരെയാണ് യോഗ്യതയ്ക്ക് പുറത്ത് നിന്ന് വിജിലൻസ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ജൂലായ് 10 മുതലാണ് സംസ്ഥാനത്ത് ഹയർ സെക്കൻഡറി തുല്യത പരീക്ഷ തുടങ്ങിയത്.