- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളത്തിനും പെൻഷനും വകയില്ലാതെ വിഷമിക്കുന്ന കെഎസ്ആർടിസിയിൽ അനധികൃത നിയമനവും; മാസം ഒന്നരലക്ഷം രൂപ ശമ്പളത്തിൽ മതിയായ യോഗ്യതയില്ലാത്ത ആൾക്ക് അനധികൃത നിയമനം; ആലുവ സ്വദേശിനിക്ക് ചുളുവിൽ നിയമനം കിട്ടിയത് മൂന്നുവർഷത്തേക്ക്; പട്ടിണിക്കിടയിലും കള്ളക്കളി
തിരുവനന്തപുരം:കെ എസ് ആർ ടി സിയിൽ ആകെ കുഴപ്പമാണ്. രണ്ടു മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് കിട്ടാനുള്ളത്. തിരുവോണം അടുത്തിട്ടും ശമ്പളക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ജീവനക്കാർ പണിമുടക്കിന്റെ സൂചനയും നൽകിക്കഴിഞ്ഞു. ഈ പ്രതിസന്ധിക്കിടയിലും ഒരു അനധികൃത നിയമനത്തിന്റെ വാർത്തയാണ് കെ എസ് ആർ ടി സി യിൽ നിന്നും പുറത്തു വരുന്നത്.
ജനറൽ മാനേജർ(ഫിനാൻസ്) തസ്തികയിൽ ഇപ്പോൾ നടന്ന നിയമനം നിയമ വിരുദ്ധമാണെന്നാണ് ആരോപണം. യോഗ്യതയില്ലെന്ന് സെലക്ഷൻ കമ്മിറ്റി കണ്ടെത്തിയ ആളെ ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചത് ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ തസ്തികയിലേക്കുള്ള അപേക്ഷയിൽ നിശ്ചിത യോഗ്യത ഉണ്ടായിരുന്നത് പി. ഇന്ദുമതി എന്ന വ്യക്തിക്കായിരുന്നു. എന്നാൽ എന്തോ കാരണത്താൽ അവർ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായില്ല.
തുടർന്ന് പ്രവർത്തി പരിചയത്തിൽ 6 മാസം കുറവുള്ള വി.കെ ബീനാ ബീഗത്തെ ഇളവു നൽകി നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തു. വീണ്ടും അപേക്ഷ ക്ഷണിക്കുകയാണ് സാധാരണ ഗതിയിൽ ചെയ്യുന്നത് എന്നിരിക്കെ അത് ചെയ്യാതെ യോഗ്യതയില്ലാത്ത ബീനാ ബീഗത്തെ നിയമിച്ചതാണ് ആക്ഷേപം ഉയരാൻ കാരണം.
3 വർഷത്തേക്ക് കരാർ നിയമനത്തിലാണ് ആലുവ സ്വദേശിയായ ബീനാ ബീഗത്തെ നിയമിച്ചിരിക്കുന്നത്. ഒന്നരലക്ഷം രൂപയാണ് ശമ്പളം. ജീവനക്കാർ പട്ടിണി കിടക്കുമ്പോഴാണ് സർക്കാരിന് വേണ്ടപ്പെട്ടവരെ വലിയ ശമ്പളത്തിൽ നിയമിക്കുന്നത്. ജീവനക്കാരുടെ ശമ്പളം കൊടുക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും.
പി.എസ്.സി പരീക്ഷ എഴുതി ജോലിയിൽ കയറിയ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്ത സർക്കാരാണ് യോഗ്യതയില്ലാത്തവർക്ക് ഒന്നര ലക്ഷം രൂപ മാസ ശമ്പളം നൽകുന്നത് എന്നതാണ് വിരോധാഭാസം. ബീനാ ബീഗത്തെ ജനറൽ മാനേജർ ( ഫിനാൻസ് ) തസ്തികയിൽ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് 30. 8.22 ന് ഗതാഗത വകുപ്പിൽ നിന്ന് ഇറങ്ങി. ഗതാഗത സെക്രട്ടറി ബിജു പ്രഭാകറാണ് ഉത്തരവിറക്കിയത്.