പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സംരക്ഷിക്കുന്നതിനായി സിപിഎമ്മിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും വഴിവിട്ട സഹായം. എതിർപ്പുമായി ജില്ലാകമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തു വന്നതോടെ സിപിഎം ജില്ലാ നേതൃത്വവും വെട്ടിലായി. ഏഴംകുളം-കൈപ്പട്ടൂർ റോഡരികിൽ കൊടുമൺ സ്റ്റേഡിയത്തിന് എതിർവശം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് മുന്നിലുള്ള ഓടയാണ് അലൈന്മെന്റ് മാറ്റി നിർമ്മിക്കാൻ നീക്കം നടന്നത്. ഇത് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരനും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് തടഞ്ഞു. കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് വിട്ടയച്ചു. മന്ത്രിയുടെ ഭർത്താവ് ഭരണസ്വാധീനം ഉപയോഗിച്ച് അലൈന്മെന്റ് മാറ്റുന്നതിൽ പ്രതിഷേധിച്ച് നാളെ കൊടുമൺ പഞ്ചായത്തിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറിയുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള നിർദ്ദേശപ്രകാരമാണ് അലൈന്മെന്റ് വളച്ച് നിർമ്മിക്കാൻ നീക്കം നടന്നത്. ഇന്ന് രാവിലെ നേരിട്ട് സ്ഥലത്തു വന്ന ജില്ലാ സെക്രട്ടറി എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാൻ കെ.എസ്.ടി.പി എൻജിനീയർക്ക് നിർദ്ദേശം നൽകിയിരുന്നുവത്രേ. ഈ വിവരം അറിഞ്ഞാണ് കോൺഗ്രസ് പ്രവർത്തകർ നിർമ്മാണം തടയാൻ എത്തിയത്. എന്നാൽ, അതിന് മുൻപ് തന്നെ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ എതിർപ്പുമായി രംഗത്തു വന്നിരുന്നു. ഇന്ന് രാത്രിയിൽ നിർമ്മാണം പൂർത്തീകരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഉറക്കമൊഴിച്ച് കാത്തിരുന്ന് തടയുമെന്ന നിലപാടിലാണ് യു.ഡി.എഫ് പ്രവർത്തകർ.

കൊടുമൺ പൊലീസ് സ്റ്റേഷനോട് ചേർന്നും പഞ്ചായത്ത് സ്റ്റേഡിയത്തിന് എതിർവശത്തുമായുള്ള സ്ഥലത്താണ് മന്ത്രി വീണയുടെ ഭർത്താവ് ജോർജ് ജോസഫ് ഇരുനില ഷോപ്പിങ് കോംപ്ലക്സ് നിർമ്മിച്ചിട്ടുള്ളത്. 40 കോടി രൂപ മുടക്കിയുള്ള കൈപ്പട്ടൂർ-ഏഴംകുളം റോഡ് വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഓട ഈ കെട്ടിടത്തിന് മുന്നിലെത്തുമ്പോൾ അലൈന്മെന്റ് വളഞ്ഞ് പോവുകയാണ്. ജോർജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഓടയുടെ അലൈന്മെന്റ് മാറ്റിയിട്ടുള്ളതെന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ പറഞ്ഞു. റോഡിന് 12 മീറ്റർ വീതിയാണുള്ളത്. റോഡ് വികസനത്തിന് പ്രദേശവാസികൾ സ്ഥലം വിട്ടു നൽകുകയും മതിൽ പൊളിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, കൊടുമൺ പഞ്ചായത്തിൽ ജോർജിന്റെ കെട്ടിടത്തിന് സമീപം വന്നപ്പോൾ മാത്രമാണ് അലൈന്മെന്റ് വളഞ്ഞു പോയതെന്ന് കെ.കെ. ശ്രീധരൻ പറഞ്ഞു. ഓടയുടെ അലൈന്മെന്റ് ഇവിടെ വളഞ്ഞാൽ റോഡിന് 12 മീറ്റർ വീതിയെന്നതിന് കുറവു വരും. ബാക്കിയുള്ളിടത്തെല്ലാം ഇതേ വീതിയിലാണ് വികസനം നടക്കുന്നത് എന്നും കെ.കെ. ശ്രീധരൻ പറഞ്ഞു.

അതേ സമയം, നിശ്ചയിച്ച അലൈന്മെന്റ് പ്രകാരമാണ് ഓട നിർമ്മാണം നടക്കുന്നത് എന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്. ആ ഭാഗത്ത് ഒരു ട്രാൻസ്ഫോർമർ ഉണ്ട്. അതു കൊണ്ടാണ് അലൈന്മെന്റ് വളഞ്ഞു പോകുന്നത് എന്നുമാണ് വിശദീകരണം. എന്നാൽ, ട്രാൻസ്ഫോർമർ അവിടെ നിന്ന് മാറ്റി സ്ഥാപിക്കാമെന്നും അങ്ങനെ വന്നാൽ അത് ജോർജിന്റെ സ്ഥലത്ത് വയ്ക്കേണ്ടി വരുമെന്നും കോൺഗ്രസുകാർ ചുണ്ടിക്കാട്ടുന്നു. ഇത് ഒഴിവാക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് അലൈന്മെന്റ് വ്യത്യാസപ്പെടുത്തിയത് എന്നാണ് ആക്ഷേപം. ഈ രീതിയിൽ ഓട നിർമ്മിച്ചാൽ റോഡിൽ വെള്ളക്കെട്ടുണ്ടാകും. നിലവിൽ ഈ ഭാഗത്ത് ചെറിയ മഴയ്ക്ക് പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. ഇത് ഒഴിവാക്കുന്ന തരത്തിലാണ് ഓട നിർമ്മിക്കേണ്ടത് എന്നാണ് നാട്ടുകാർ പറയുന്നത്.

ഒന്നര വർഷം മുൻപാണ് ഇവിടെ കെട്ടിടം പണിതതെന്നും മൂന്നു വർഷം മുൻപ് തയാറാക്കിയ അലൈന്മെന്റ് പ്രകാരമാണ് ഓട നിർമ്മാണം നടക്കുന്നത് എന്നുമാണ് മന്ത്രിയുടെ ഭർത്താവിന്റെ വിശദീകരണം. നേരത്തേ തന്നെ ഈ ഭൂമിക്കെതിരേ വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. മന്ത്രിയുടെ ഭർത്താവ് ഭരണസ്വാധീനം ഉപയോഗിച്ച് വയൽ നികത്തിയാണ് കെട്ടിടം നിർമ്മിച്ചത് എന്നായിരുന്നു ആരോപണം. ഇപ്പോഴത്തെ അലൈന്മെന്റ് വിവാദത്തിൽ പഞ്ചായത്തിലെ സിപിഎം ജോർജിന് എതിരാണ്. സിപിഎം ജില്ലാ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ കോൺഗ്രസിനൊപ്പം ചേർന്ന് അലൈന്മെന്റ് മാറ്റത്തിനെതിരേ രംഗത്തു വന്നതോടെ സിപിഎം ജില്ലാ നേതൃത്വവും വെട്ടിലായിരിക്കുകയാണ്.

പൊലീസ് സ്റ്റേഷന്റെ സ്ഥലവും കൈയേറി

അതിനിടെ പൊലീസ് സ്റ്റേഷന്റെ സ്ഥലം ജോർജ് ജോസഫ് കൈയേറിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. നേരത്തേ പൊലീസ് സ്റ്റേഷനിൽ വാഹനങ്ങൾ ഇടാൻ ഉപയോഗിച്ചിരുന്ന ഷെഡ് നിന്ന സ്ഥലം ഇപ്പോൾ കാണാനില്ല. ജോർജ് ജോസഫ് ഇത് തന്റെ വസ്തുവിനൊപ്പം കൂട്ടിച്ചേർത്തുവെന്നും അടിയന്തിരമായി ഭൂമി അളന്ന് കൈയേറിയ ഭാഗം തിരിച്ചു പിടിക്കണമെന്നും ആവശ്യം ഉയർന്നു.