- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും മുമ്പേ യാത്ര ചെയ്തെന്ന് കാണിക്കാൻ അമിതാവേശം; ട്രയൽ റണ്ണിനിടെ റെയിൽവെ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ ഇടിച്ചുകയറുന്നു; അമ്മയും കൈക്കുഞ്ഞും യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; സി 12 കോച്ചിൽ യാത്ര ചെയ്തത് കർട്ടൻ താഴ്ത്തിയിട്ട്; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം; അന്വേഷണം വരും
തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാനമായ വന്ദേഭാരത് എക്സ്‌പ്രസ് കാണാനും അതിൽ സഞ്ചരിക്കാനും ഒക്കെ എല്ലാവർക്കും മോഹമുണ്ട്. എന്നാൽ, അമിതാവേശം സുരക്ഷാവീഴ്ചയ്ക്കിടയാക്കുന്നു എന്നാണ് ആക്ഷേപം. ഈ മാസം 25 നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ഇപ്പോൾ നടക്കുന്ന ട്രയൽ റണ്ണിനിടെ സുരക്ഷാവീഴ്ച ഉണ്ടായെന്നാണ് ആരോപണം. മാത്യഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് മുൻപ് തന്നെ വന്ദേഭാരതിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ അടുപ്പക്കാർ യാത്ര ചെയ്തുവെന്നാണ് ആക്ഷേപം. ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീയുടേയും കുട്ടിയുടേയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇത് വിവാദമായി മാറി.
എറണാകുളത്ത് നിന്ന് അസിസ്റ്റന്റ് ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയറുടെ സഹോദരിയും കുഞ്ഞും വന്ദേഭാരതിൽ യാത്രചെയ്‌തെന്നാണ് ആരോപണം. വന്ദേഭാരതിന്റെ സി 12 കോച്ചിലായിരുന്നു ഇവർ യാത്രചെയ്തത്. എഞ്ചിനിൽ നിന്ന് നാലാമതായുള്ള കോച്ചാണിത്. കോച്ചിന്റെ കർട്ടൻ താഴ്‌ത്തിയിട്ടായിരുന്നു ഇവരുടെ യാത്ര. മറ്റൊരു കോച്ചിലും കർട്ടൻ താഴ്‌ത്തിയിട്ടിരുന്നില്ല.കുഞ്ഞ് കരയുന്നതും ദൃശ്യത്തിലുണ്ട്.
ചിലയാളുകൾ യുവതിയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. വിവാദമായതോടെ ആർപിഎഫിന്റെ കമാൻഡർ ഇവരോട് കോഴിക്കോട് ഇറങ്ങാൻ നിർദ്ദേശം നൽകിയെങ്കിലും യുവതി കാസർകോട് വരെ യാത്ര തുടർന്നു. എന്നാൽ, സംഭവത്തിൽ കൃത്യമായ വിവരമില്ലെന്നാണ് റെയിൽവേ അധികൃതരുടെ പ്രാഥമിക പ്രതികരണം. സ്റ്റേഷനിൽ നിർത്തുമ്പോൾ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ ഇടിച്ചുകയറുന്ന സാഹചര്യമുണ്ടെന്ന് ആർ.പി.എഫ്. സ്ഥിരീകരിക്കുന്നുണ്ട്.
കാസർകോട് സ്റ്റേഷനിൽ ദൃശ്യങ്ങൾ മാധ്യമപ്രവർത്തർ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി ആദ്യം കോച്ചിലെ ശൗചാലയത്തിന്റെ ഭാഗത്തേക്ക് മാറുകയും പിന്നീട് ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം സ്റ്റേഷനിൽ ഇറങ്ങുകയുമായിരുന്നു. ഇവരെ വി.ഐ.പി. ലോഞ്ചിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് അസിസ്റ്റന്റ് ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയർ ഏറനാട് എക്സ്പ്രസിൽ മംഗലാപുരം ഭാഗത്തേക്കും യുവതിയും കുഞ്ഞും ഭാവ്നഗർ- കൊച്ചുവേളി എക്സ്പ്രസിൽ ഷൊർണൂർ ഭാഗത്തേക്കും യാത്രതിരിച്ചു.
ട്രയൽ റണ്ണിനിടെ പല സ്റ്റേഷനുകളിലും ട്രെയിൻ നിർത്തിയപ്പോൾ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ കയറിയിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെ ട്രെയിനിൽ അനുമതിയില്ലാതെ ആളുകൾ കയറിയത് സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ