- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വ്യാജ പാസ്സ്‌പോര്‍ട്ടും വ്യാജ വിസയും നിര്‍മിച്ച് 500 ഗാംബിയക്കാരെ യുകെയിലെത്തിച്ചു; ബോര്‍ഡര്‍ പോലീസ് പൊക്കിയത് ഏഴുപേരെ; നേടിയത് കോടികളുടെ ആസ്തി; ആര്‍ക്കും യുകെയില്‍ കള്ളവിസയില്‍ എത്താമെന്ന അവസ്ഥ നാണക്കേടാവുന്നു
വ്യാജ പാസ്സ്‌പോര്‍ട്ടും വ്യാജ വിസയും നിര്‍മിച്ച് 500 ഗാംബിയക്കാരെ യുകെയിലെത്തിച്ചു
ലണ്ടന്‍: നൂറുകണക്കിന് വിദേശ കുടിയേറ്റക്കാരെ നിയമവിരുദ്ധമായി യു കെയില്‍ എത്തിച്ച് ലക്ഷക്കണക്കിന് പൗണ്ട് സമ്പാദിച്ച ഏഴംഗ മനുഷ്യക്കടത്ത് സംഘം പോലീസ് പിടിയിലായി. ആഞ്ഞൂറിലധികം ഗാംബിയന്‍ സ്വദേശികളെയാണ്, വ്യാജ പാസ്സ്‌പോര്‍ട്ടും വ്യാജ വിസയും ചമച്ച് ഇവര്‍ യുകെയില്‍ എത്തിച്ചത്. വ്യാജമായി നിര്‍മ്മിച്ച വിസയില്‍, ബ്രിട്ടനില്‍ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അവകാശം രേഖപ്പെടുത്തിയിരിക്കും. ഇതുവഴി, ഇങ്ങനെ എത്തിച്ചവര്‍ക്ക് പലയിടങ്ങളിലും തൊഴിലും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
പടിഞ്ഞാറന്‍ യോര്‍ക്ക്ഷയറിനും ഗ്രെയ്റ്റര്‍ ലണ്ടനും ഇടയിലായി പ്രവര്‍ത്തിക്കുന്ന ഈ സംഘം വ്യാപകമായ രീതിയില്‍ ഒരു ക്രിമിനല്‍ നെറ്റ്വര്‍ക്ക് തന്നെ രൂപീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് പൗണ്ടാണ് അവര്‍ ഈ വഴിയിലൂടെ നേടിയെടുക്കുന്നത്. ഈ സംഘത്തിന്റെ തലവന്‍ എന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ 1.3 മില്യനിലധികം സമ്പാദ്യം കണ്ടെത്തി. ഒരു ഫര്‍ണീച്ചര്‍ നിര്‍മ്മാണ കമ്പനിയില്‍ 35,000 പൗണ്ടിന് ജോലി ചെയ്യുന്നു എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.
മറ്റൊരു സംഘാംഗം 1 മില്യന്‍ പൗണ്ടിലേറെ രണ്ട് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, കുറഞ്ഞ വേതനക്കാര്‍ക്കുള്ള യൂണിവേഴ്സല്‍ ക്രെഡിറ്റ് ആനുകൂല്യം ഇയാള്‍ കൈപ്പറ്റുന്നുമുണ്ട്. ഗ്രെയ്റ്റര്‍ ലണ്ടന്‍, ബാറ്റ്‌ലി, പടിഞ്ഞാറന്‍ യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരാണ് ഏഴു പേരെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ചയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെല്ലാവരും തന്നെ 30 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ്.
അറസ്റ്റ് ചെയ്യപ്പെട്ട ഏഴുപേരില്‍ നാല് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും കേസ് ചാര്‍ജ്ജ് ചെയ്ത് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഒരാളെ പോലീസ് വിട്ടയച്ചു. ഗാംബിയന്‍ പൗരന്മാരെയായിരുന്നു ഈ സംഘം ലക്ഷ്യം വച്ചിരുന്നത്. അവര്‍ക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യലും, കുടിയേറ്റക്കാര്‍ ബ്രിട്ടനിലെത്തുമ്പോള്‍ താമസ സൗകര്യം ഒരുക്കലും, നിയമവിരുദ്ധമായി ജോലികള്‍ക്കായി അവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കലുമെല്ലാം ഈ സംഘമായിരുന്നു ചെയ്തിരുന്നത്. പൂര്‍ണ്ണമായ സേവനം ആവശ്യമുള്ളവരില്‍ നിന്നും ഒരാള്‍ക്ക് 5000 പൗണ്ടായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്.
പോലീസ് പിടികൂടുന്നത് ഒഴിവാക്കാന്‍, യഥാര്‍ത്ഥ രേഖകള്‍ എന്ന് തോന്നിപ്പിക്കുന്ന വ്യാജരേഖകള്‍ ഇവര്‍ ഗാംബിയന്‍ പൗരന്മാര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു പതിവ്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്ത വിവിധയിടങ്ങളില്‍ നിന്നായി ഇവര്‍ വ്യാജ തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. ഈ ക്രിമിനല്‍ കുറ്റങ്ങളില്‍ ഉപയോഗിച്ചവയാണ് ഇവ എന്നാണ് കരുതപ്പെടുന്നത്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ വാഗ്ദാനം നല്‍കിയാണ് ആളുകളെ ഇവിടേക്ക് കൊണ്ടു വന്നിരുന്നതെങ്കിലും അവരില്‍ പലരും കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയരായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.