തിരുവനന്തപുരം: അമ്മയുടെ സ്‌നേഹവും അധ്യാപകരുടെ കരുതലും ഒരുമിച്ച് ലഭിച്ചപ്പോള്‍ വൈകല്യങ്ങളെ മറികടന്ന് ജീവിതത്തിന്റെ നേട്ടങ്ങളിലേക്ക് കുതിക്കുകയാണ് അലന്‍. ഭിന്നശേഷിക്കാരനെങ്കിലും അമ്മയുടെ നിശ്ചയദാര്‍ഢ്യത്തിനും സ്‌നേഹത്തിനും മുന്നില്‍ പഠിച്ച് മിടുക്കനായി ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് അലന്‍ ജോസഫ് (21). അപൂര്‍വ്വമായ നേട്ടമാണ് ഈ ഭിന്നശേഷിക്കാരനായ യുവാവ് നേടിയിരിക്കുന്നത്.

ചങ്ങനാശേരി സ്വദേശിയായ അലന്‍ കുറ്റിച്ചല്‍ ലൂര്‍ദ്മാതാ കോളജിലെ വിദ്യാര്‍ത്ഥിയാണ്. ഇന്നാണ് അലന്റെ ബിരുദ ദാനം. ഭിന്നശേഷിയുള്ളതിനാല്‍ ലഭിക്കുമായിരുന്ന 'സ്‌ക്രൈബ്' സംവിധാനം ഒരു പരീക്ഷയ്ക്കും ഉപയോഗിക്കാതെയാണ് അലന്റെ ബിദുര നേട്ടം. ഇഷ്ട വിഷയത്തില്‍ നേടിയ ബിരുദത്തില്‍ അലന്‍ മുത്തമിടുമ്പോള്‍ അത് അമ്മ റിന്‍സി ജോസഫിന്റെ പോരാട്ടത്തിന്റെ വിജയം കൂടിയാണ്.

ഹോട്ടല്‍മാനേജ്‌മെന്റ് പഠിക്കാനെത്തിയ അലന്റെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ അമ്മയുടെ നിശ്ചയദാര്‍ഢ്യവും കരുതലും സ്‌നേഹവുമാണ്. ആദ്യ സെമസ്റ്ററില്‍ മകന്‍ കോളേജിലെത്തുമ്പോള്‍ ക്ലാസില്‍ പിന്നിലിരിപ്പുണ്ടായിരുന്നു അമ്മ. രണ്ട് മാസം കഴിഞ്ഞപ്പോള്‍ അലന്‍ തന്നെ പറഞ്ഞു അമ്മ ക്ലാസിലേക്കു വരേണ്ട എന്ന്. പക്ഷേ, മകനെ തനിച്ചാക്കാന്‍ ആ അമ്മയ്ക്ക് മനസ്സു വന്നില്. റിന്‍സി ക്യാംപസില്‍ തന്നെ തുടര്‍ന്നു. മകന്റെ പാഠങ്ങള്‍ കുറിപ്പുകളും സ്ലൈഡുകളുമാക്കി മാറ്റി. ഓരോ ചേരുവകള്‍ തയാറാക്കുമ്പോഴും അലനു കരുത്തായി ഷിബു, ജോജി പോള്‍ തുടങ്ങിയ അധ്യാപകരും കൂടെയുണ്ടായിരുന്നു.

ഒരുപാട് പേരുടെ കരുതലും സ്‌നേഹവുമാണ് അലന്റെ ബിരുദ നേട്ടത്തിന് കൂട്ടായത്. ഹോട്ടല്‍മാനേജ്‌മെന്റില്‍ അലന്‍ ബിരുദമെടുത്തു പുറത്തു വരുമ്പോള്‍, ഒപ്പം നിന്ന കോളജ് മാനേജ്‌മെന്റിനും അഭിമാനിക്കാം. ഭിന്നശേഷി നേരിടുന്ന കുട്ടികളെ അവഗണിക്കാതെ, അവസരം നല്‍കിയാല്‍ ഒന്നും അസാധ്യമല്ലെന്ന സന്ദേശമാണ് അലനിലൂടെ കോളജ് നല്‍കുന്നത്.