പത്തനംതിട്ട: ഉരച്ചു നോക്കുമ്പോഴാണ് സ്വര്‍ണമെന്ന് കരുതിയതൊക്കെ ചെമ്പാണെന്ന് അറിയുന്നതെന്ന് കെപിസിസി സംസ്‌കാര സാഹിതി ചെയര്‍മാന്‍ സിആര്‍ മഹേഷ് എം.എല്‍.എ പറഞ്ഞു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ വിനായകന്റെ പിടിവിട്ടു പോയിരിക്കുകയാണെന്നും യേശുദാസിനെയും അടൂരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച വിനായകനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തനമെന്നാല്‍ ചിലരുടെ കുത്തകയാണെന്ന് ഒരു ധാരണയുണ്ടായിരുന്നു. താടി വളര്‍ത്തി, സഞ്ചി ധരിച്ചു നടന്നതു കൊണ്ട് മാത്രം സാംസ്‌കാരിക പ്രവര്‍ത്തകനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി സംസ്‌കാര സാഹിതി കലാകാരന്മാരുടെ ഉന്നതിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കേളകത്ത് വാഹനം മറിഞ്ഞു മരിച്ച രണ്ടു നാടക കലാകാരികളെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. സംസ്‌കാര ചടങ്ങിന് 25,000 രൂപ വീതം നല്‍കിയതോടെ സര്‍ക്കാരിന്റെ ബാധ്യത തീര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബം അനാഥത്വത്തിലാണ്. അവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നല്‍കേണ്ടിയിരുന്നു. സംസ്‌കാര സാഹിതി അരലക്ഷത്തോളം രൂപ ഇരുകുടുംബങ്ങള്‍ക്കുമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്‍മാര്‍ക്ക് ഇടത് സര്‍ക്കാര്‍ യാതൊരു സഹായങ്ങളും നല്‍കുന്നില്ല. അവശത അനുഭവിക്കുന്ന നിരവധി പേരുണ്ട്. ആദ്യകാലത്ത് കെ. പി. എ. സി പോലുള്ള നാടക സമിതികള്‍ നാട്ടിന്‍ പുറങ്ങളില്‍ നാടകം അവതരിപ്പിച്ചാണ് ഇടത് പക്ഷം അധികാരത്തില്‍ വന്നത് . എന്നാല്‍ നാടക സമിതികളെയും കലാകാരന്‍മാരെയും ഇടതുപക്ഷം വഴിയില്‍ ഉപേക്ഷിച്ചു. രാത്രിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്‍മാരുടെ പേരില്‍ പോലും പോലീസ് കേസുകള്‍ എടുത്തു കൊണ്ടിരിക്കുകയാണ്. സംസ്‌കാര സഹിതി അവതരിപ്പിച്ചു വരുന്ന മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന നാടകത്തിന് രാഷ്ടീയ കാരണത്താല്‍ അവാര്‍ഡ് തരാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് സംസ്‌കാരിക മുഖം നല്‍കുകയെന്നതാണ്? സംസ്‌കാര സാഹിതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ നിയന്ത്രണത്തിന് മുതിര്‍ന്ന അംഗങ്ങള്‍ ഇല്ലാത്തത് പ്രശ്നങ്ങള്‍ക്ക് കാരണം

അമ്മ സംഘടനയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ ഇടപെടല്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് പറഞ്ഞു. നിയന്ത്രണം അഡ്ഹോക്ക് കമ്മറ്റിക്കാണ്. അവരുടെ നിയന്ത്രണത്തില്‍ കാര്യങ്ങള്‍ നില്‍ക്കുന്നില്ല. ശ്വേതാ മേനോന് എതിരായ കേസ് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കാര സാഹിതി സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടിവ് 9,10 തീയതികളില്‍

കെ.പി.സി.സി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടിവ് 9,10 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം ഒമ്പതിന് രാവിലെ പത്തിന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ചെയര്‍മാന്‍ സി.ആര്‍. മഹേഷ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, യു.ഡി.എഫ് ചെയര്‍മാന്‍ അടൂര്‍ പ്രകാശ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍, ആന്റോ ആന്റണി എം.പി, ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ എന്നിവരും എഴുത്തുകാരന്‍ വിനോയി തോമസ്, ഡോ. സിറിയക് തോമസ്, കവി രാജീവ് ആലുങ്കല്‍, നടന്‍ ഗിന്നസ് പക്രു തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ചിത്രപ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ സി. ആര്‍. മഹേഷ് എം.എല്‍.എ, വര്‍ക്കിങ് ചെയര്‍മാന്‍ എന്‍.വി. പ്രദീപ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ ആലപ്പി അഷറഫ്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ്, ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.എം. ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. രാജേഷ് ചാത്തങ്കരി, ഷിജു സ്‌കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.