- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തക്കാളിയും കല്ലുമായി എത്തി; മതില്‍ക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി; സുരക്ഷാ ജീവനക്കാരെ കൈയ്യേറ്റം ചെയ്തു; വീട്ടിലെ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിതകര്‍ത്തു; അല്ലു അര്‍ജുന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍: സംഭവത്തില്‍ എട്ട് പേര് അറസ്റ്റില്‍
ഹൈദരബാദ്: അല്ലു അര്‍ജുന്റെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഒരു പറ്റം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീട്ടിന് മുന്നിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. വീട്ടിലെ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുഷ്പ 2 പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട രേവതിക്ക് നീതി വേണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയിലുള്ളവരാണ് പ്രതിഷേധക്കാര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഇന്നലെ വൈകിട്ട് അല്ലു അര്‍ജുന്‍ വീടിന് മുന്നില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായതും തുടര്‍ന്ന് നടന്ന സംഭവങ്ങളുമടക്കമുള്ള വിഷയങ്ങളില്‍ നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പ്രതിഷേധ പ്രകടനവും കയ്യേറ്റവും നടന്നിരിക്കുന്നത്.
തിയേറ്റര്‍ മാനേജ്‌മെന്റിന്റെ അപേക്ഷയില്‍ പോലീസ് തങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ അകത്ത് പ്രവേശിച്ചത്. അനുമതിയില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തിരിച്ചുപോകുമായിരുന്നു. നിയന്ത്രിക്കാന്‍ കഴിയാത്തത്ര ആള്‍ക്കൂട്ടമുണ്ടെന്നും അവിടെ നിന്ന് പോകണമെന്നും തന്റെ മാനേജറാണ് തന്നോട് പറഞ്ഞത്-അല്ലു അര്‍ജുന്‍ വ്യക്തമാക്കി
ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. യുവതിയുടെ മകന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയിപ്പോള്‍ കോമയില്‍ ചികിത്സയിലാണ്.
തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് പോലീസ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതില്‍ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തു. കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്ന അല്ലു അര്‍ജുന്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങി.
പോലീസ് അനുമതി നിഷേധിച്ചിട്ടും പ്രീമിയര്‍ ഷോയില്‍ അല്ലു അര്‍ജുന്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചത്. തിയേറ്ററിലേക്ക് വന്നപ്പോഴും പുറത്തേക്ക് പോയപ്പോഴും തന്റെ കാറിന്റെ സണ്‍റൂഫിലൂടെ അല്ലു അര്‍ജുന്‍ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നുവെന്നും താരത്തെ ഒരു നോക്കുകാണാനായി ആരാധകര്‍ തിക്കും തിരക്കും കൂട്ടിയതോടെ അപകടം സംഭവിക്കുകയായിരുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. യുവതിയുടെ മരണശേഷവും തിയേറ്റര്‍ വിടാതിരുന്ന അല്ലു അര്‍ജുനെ പോലീസ് നിര്‍ബന്ധിപ്പിച്ചാണ് പുറത്തിറക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പുഷ്പ 2 കാണാന്‍ എത്തിയ ഒരു കുട്ടിയും മരിച്ചിരുന്നു.