ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. നടനെതിരെ ചുമത്തിയ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്നതില്‍ സംശയമെന്ന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ട് പറഞ്ഞു. സൂപ്പര്‍താരമാണെന്ന് കരുതി ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് പറയാനാകില്ലെന്ന് കോടതി പറഞ്ഞു. മരിച്ച സ്ത്രീയോട് സഹതാപമുണ്ട്. എന്നാല്‍, കുറ്റം നടന് മേല്‍ നില്‍ക്കുമോ എന്നതിലാണ് സംശയമാമെന്നാണ് കോടതി പ്രകടിപ്പിച്ചത്.

ഒരു ജനപ്രീയ താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ല. ഒരു പ്രമോഷന്റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ആ കുറ്റം അല്ലു അര്‍ജുന് മേല്‍ മാത്രം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. സൂപ്പര്‍ താരമാണെന്ന് കരുതി അല്ലു അര്‍ജുനോട് ഒരു പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയാന്‍ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയില്‍ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. തെലുങ്കാന ഹൈക്കോടതിയുടെ വിധിയോടെ അല്ലുവിന് ജയില്‍വാസമാണ് ഒഴിവായത്. ഒരു പകല്‍നീണ്ട തെലുങ്കാന പോലീസിന്റെ നാടകീയ നീക്കങ്ങള്‍ക്കും തിരിച്ചടിയേറ്റു. ഇതോടെ തന്റെ പുതിയ ചിത്രമായ പുഷ്പ്പ 2ലെ പുഷ്പരാജിന്റെ മാസ്സ് രംഗം പോലെയായി അല്ലുന്റെ മാസ്സ് എന്‍ട്രിയും..!

പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിലാണ് അല്ലുവിനെ ഇന്ന് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് വൈദ്യ പരിശോധനകള്‍ക്ക് ശേഷം നമ്പള്ളി കോടതിയാണ് നടനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഇതേസമയം, ഇടക്കാല ജാമ്യേപേക്ഷ ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. ഇതോടെ അല്ലുവിനെ ജയിലിലേക്ക് അയക്കാതെ ഹൈക്കോടതി വിധി വരാന്‍ കാത്തിരിക്കയായിരുന്നു തെലുങ്കാന പോലീസ്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു. നിര്‍മാതാവ് ദില്‍ രാജുവും സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനില്‍വെച്ച് നടന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം ഗാന്ധി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.

തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് പോലീസ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതില്‍ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് അല്ലു അര്‍ജുനെവെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തി തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടികള്‍ക്കിടെ ഏറെ വൈകാരികമായരംഗങ്ങളും അരങ്ങേറി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അറസ്റ്റിനായി പോലീസ് സംഘം വീട്ടിലെത്തിയസമയത്ത് അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഭാര്യ അല്ലു സ്നേഹ റെഡ്ഡി, സഹോദരന്‍ അല്ലു സിരിഷ്, അച്ഛന്‍ അല്ലു അരവിന്ദ് എന്നിവരും സംഭവസമയം നടന്റെ കൂടെ വീട്ടിലുണ്ടായിരുന്നു. അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുതീരുന്നത് വരെ പോലീസ് സംഘം കാത്തിരുന്നു. ഇതിനുശേഷമാണ് നടനുമായി പോലീസ് സംഘം സ്റ്റേഷനിലേക്ക് പോയത്.

പോലീസ് സംഘത്തിനൊപ്പം പോകുന്നതിന് മുന്‍പ് ഭാര്യ സ്നേഹ റെഡ്ഡിക്ക് അല്ലു അര്‍ജുന്‍ ചുംബനം നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടകാര്യമില്ലെന്നും നടന്‍ പറഞ്ഞു. കാപ്പി കുടിച്ചതിന് പിന്നാലെ ഇനി പോകാം സര്‍ എന്നുപറഞ്ഞാണ് അല്ലു അര്‍ജുന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം നടന്നുനീങ്ങിയത്.

ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അല്ലു അര്‍ജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് ലാത്തിവീശേണ്ടി വന്നതെന്നുമായിരുന്നു പോലീസിന്റെ ഭാഷ്യം. അല്ലു അര്‍ജുന് പുറമേ തിയറ്റര്‍ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും എതിരെയും കേസെടുത്തിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തിയറ്ററില്‍ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നെന്നും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നെന്നും അല്ലു അര്‍ജുന്‍ കോടതിയെ അറിയിച്ചിരുന്നു. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.