കല്‍പ്പറ്റ: തിരുവോണം ബമ്പറില്‍ 25 കോടി ഒന്നാം സമ്മാനം വീണ്ടും അതിര്‍ത്തി കടന്നു. അടിച്ച ഭാഗ്യശാലിയെ കണ്ടെത്തിയത് ഏഷ്യാനെറ്റ് ന്യൂസാണ്. ടിക്കറ്റ് പരിശോധനയടക്കം നടത്തി അതിവേഗം തുക കൈമാറുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഇത്തവണ ഓണം ബമ്പറില്‍ കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണ തമിഴ്നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബമ്പര്‍ അടിച്ചത്. കഴിഞ്ഞ തവണ കോയമ്പത്തൂരില്‍ നിന്നായിരുന്നു തമിഴ്‌നാട്ടുകാര്‍ ടിക്കറ്റെടുത്തത്. ഇത്തവണ വയനാട്ടിലൂടെ ഭാഗ്യം കര്‍ണ്ണാടകയിലേക്കും. വയനാട്ടിലെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് അല്‍ത്താഫ് ബമ്പര്‍ എടുത്തത്.


കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് പറഞ്ഞു. കര്‍ണാടകയില്‍ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അല്‍ത്താഫ്. കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ലോട്ടറി എടുക്കുന്നയാളാണ് അലത്താഫ് എന്ന് ബന്ധുവായ മലയാളി പറഞ്ഞു. കഴിഞ്ഞ മാസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണ് അല്‍ത്താഫ് ടിക്കറ്റ് എടുത്തത്. അല്‍ത്താഫുമായി ഫോണില്‍ സംസാരിച്ചുവെന്നും അഭിനന്ദങ്ങള്‍ അറിയിച്ചുവെന്നും അല്‍ത്താഫ് ലോട്ടറിയെടുത്ത എന്‍ജിആര്‍ ലോട്ടറി ഏജന്‍സി ഉടമയായ നാഗരാജ് പറഞ്ഞു.

ഒന്നാം സമ്മാനമായ 25 കോടി രൂപ ടിജി 434222 എന്ന നമ്പറിനായിരുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമേ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുള്‍പ്പെടെ 22 പേരാണ് കോടീശ്വരായത്. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയ്ക്ക് എത്തിയത്. 125. 54 കോടി രൂപയാണ് ആകെ സമ്മാനമായി നല്‍ക. നറക്കെടുപ്പ് എടുത്ത് അടുത്ത ദിവസം തന്നെ ഭാഗ്യശാലിയാരെന്ന് വ്യക്തമാകുകയും ചെയ്തു. അല്‍ത്താഫിന് മലയാളം അറിയില്ല. ബന്ധുവായ മലയാളി വഴിയാണ് ടിക്കറ്റ് അടിച്ചത് ഉറപ്പാക്കിയത്. ടെന്‍ഷനില്ലെന്നും അല്‍ത്താഫ് പ്രതികരിച്ചിട്ടുണ്ട്. നികുതിയെല്ലാം കഴിച്ച് 12.8 കോടി രൂപയാകും അല്‍ത്താഫിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ നിന്നും ലഭിക്കുക.

ഇത്തവണ ബമ്പര്‍ അടിക്കുമെന്ന് പറഞ്ഞ് തന്നെയാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് അടിച്ചതിന് പിന്നാലെ അല്‍ത്താഫ് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ഫോട്ടോ അയച്ചുനല്‍കാന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ബംപറടിച്ച വിവരം സ്ഥിരീകരിച്ചതെന്ന് ബന്ധു കൂട്ടിച്ചേര്‍ത്തു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്. എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റര്‍ ഏജന്റ്. ഡബ്ല്യൂ402 ആയിരുന്നു് ഏജന്‍സി നമ്പര്‍. സമ്മാനാര്‍ഹന്‍ ആരെന്നറിയില്ലെന്ന് ജിനീഷ് പ്രതികരിച്ചിരുന്നു. ഇരുപതിലേറെ വര്‍ഷമായി ലോട്ടറി ഏജന്റാണെന്നും ബമ്പറിന്റെ ഒന്നാംസമ്മാനം ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുമാസം മുന്‍പ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എന്‍.ജി.ആര്‍ ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചു. അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനം എന്നിങ്ങനെയാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തിയത്. 80 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 71,28,218 ടിക്കറ്റുകളാണ് വിറ്റത്.

അച്ചടിച്ചുവെച്ചതില്‍ എട്ടരലക്ഷത്തിലധികം ടിക്കറ്റുകള്‍ ബാക്കിയായതിനാല്‍ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം 75,76,096 ടിക്കറ്റുകള്‍ വിറ്റിരുന്നു. 71 ലക്ഷത്തിലധികം പേരില്‍ നിന്നൊരാള്‍ കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു കോടീശ്വരനായി മാറി എന്നതാണ് വസ്തുത.