- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ വൈറൽ
ആലപ്പുഴ: ആലപ്പുഴ എംപിയും സിപിഎം നേതാവുമായ എഎം ആരിഫിനെ കുറിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞത് വൈറൽ. രാഷ്ട്രീയത്തിൽ എതിരാളികളെങ്കിലും വേദിയിൽ സൗഹൃദം പങ്കുവയ്ക്കുകയായിരുന്നു സുരേഷ് ഗോപി. ആലപ്പുഴ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാണ് എ.എം. ആരിഫ്. തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപിയും. എന്നാൽ ആരിഫിന്റെ രാഷ്ട്രീയ ഉയർച്ചയ്ക്ക് പിന്നിൽ താനുമുണ്ടെന്നാണ് സുരേഷ് ഗോപി പറയുന്നത്.
അരൂർ നിയമസഭാ മണ്ഡലത്തിൽ എ.എം. ആരിഫിനെ സ്ഥാനാർത്ഥിയാക്കാൻ പരമാവധി സഹായിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. തവിൽ വാദ്യകലാകാരൻ ആലപ്പുഴ എസ്. വിജയകുമാറിനു സുവർണമുദ്ര സമർപ്പിക്കാൻ ആലപ്പുഴയിൽ ചേർന്ന ചടങ്ങിലായിരുന്നു സുരേഷ് ഗോപിയുടെ ഈ വെളിപ്പെടുത്തൽ. ഈ ചടങ്ങ് സുരേഷ് ഗോപിയും ആരിഫും തമ്മിലെ സൗഹൃദകഥയിൽ വൈറലാകുകയാണ്.
'അരൂരിൽ ഞാൻ കണ്ടെത്തിയ ആദ്യത്തെ എംഎൽഎ. സ്ഥാനാർത്ഥി എ.എം. ആരിഫ്' എന്ന ആമുഖത്തോടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗത്തിന്റെ തുടക്കം. ചരിത്രം വിശദീകരിച്ചു പറഞ്ഞാൽ ആരിഫിന്റെ രാഷ്ട്രീയത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിശദമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ആരിഫിനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നേതാവിനും വി എസ്. അച്യുതാനന്ദനും വ്യക്തമായിട്ടറിയാം.-ഇതാണ് സുരേഷ് ഗോപി പറയുന്നത്.
പൊരുത്തവും പൊരുത്തക്കേടും ഉണ്ടെങ്കിലും സ്‌നേഹസൗഹൃദമാണ് സുരേഷ് ഗോപിയുമായുള്ളതെന്ന് എ.എം.ആരിഫ് എംപി പറഞ്ഞു. അരൂരിൽ മത്സരിക്കുന്നതിന് സഹായം നൽകിയിട്ടുണ്ട്. എംപിയായി ഡൽഹിയിൽ എത്തിയപ്പോൾ രാജ്യസഭാംഗമെന്ന നിലയിൽ സുരേഷ് ഗോപി വിരുന്നു നൽകിയെന്നും ആരിഫ് പറഞ്ഞു. നേരത്തെയും സുരേഷ് ഗോപിയും ആരിഫും തമ്മിലെ സൗഹൃദം ചർച്ചകളിൽ എത്തിയിരുന്നു. സുരേഷ് ഗോപിയെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പലായിരുന്നു അതുണ്ടായിരുന്നത്. 2020ലായിരുന്നു ആ കുറിപ്പ് ചർച്ചയായത്. ഇതേ കുറിച്ച് ആരിഫും പ്രതികരിച്ചിരുന്നു.
താരം എന്നതിലുപരി കഷ്ടപ്പെടുന്ന മനുഷ്യനോട് ചേർന്ന് നിൽക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ചാണ് ആലപ്പി അഷറഫ് കുറിപ്പിൽ പറയുന്നത്. ഇതിൽ എല്ലാവരെയും ചെറുതായി അമ്പരപ്പിച്ച ഒരു വരിയുമുണ്ട്. ഇപ്പോൾ ആലപ്പുഴ എംപിയായ എ.എം.ആരിഫിന് സുരേഷ്‌ഗോപി ഫോൺ വാങ്ങിക്കൊടുത്ത സംഭവം. ഇതേ കുറിച്ച് ആരിഫ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
'ആലപ്പുഴ എംപി ആരിഫിന് മികച്ച ഒരു ഫോൺ സുരേഷ്‌ഗോപി എംപി സമ്മാനിച്ചു. ഇന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചു. ഇതു സത്യമാണോ എന്ന്. ചിലർക്കൊക്കെ തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ഈ അടുത്തിടെ നടന്ന സംഭവം എന്നാണ് പലരും കരുതുന്നത്. എന്റെ സുഹൃത്ത് ആലപ്പി അഷ്‌റഫ് കുറിപ്പിൽ പറഞ്ഞ കാര്യം സത്യമാണ്. പക്ഷേ അത് ഇപ്പോഴല്ല. ഇരുപത് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. ചിലർ കരുതുന്നത് ഈ ഇടയ്ക്ക് സംഭവിച്ചതാണ് എന്നാണ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ അങ്ങേയറ്റം എതിർക്കുന്നെരാളാണ് ഞാൻ. പക്ഷേ അദ്ദേഹത്തിലെ മനുഷ്യനോട് ഇഷ്ടമാണ് അന്നും ഇന്നും-ആരിഫ് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഞാൻ കോളജ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന സമയത്ത് മുതൽ അദ്ദേഹത്തെ അറിയാം. അന്ന് കേരള സർവകലാശാല യുവജനോൽസവത്തിന് അതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാൻ എറണാകുളത്ത് ഒരു ഷൂട്ടിങ് സെറ്റിൽ പോയപ്പോഴാണ് പിരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം സൗഹൃദമായി. അന്ന് അദ്ദേഹത്തിന് രാഷ്ട്രീയമില്ല. കരുണാകരനോടും വി.എസിനോടും അദ്ദേഹത്തിന് ആരാധനയുണ്ടായിരുന്നു. അന്ന് കോൺഗ്രസുകാർ കരുതും ഞങ്ങളുടെ പക്ഷമാണെന്ന്. ഇടതുപക്ഷം കരുതും അവരുടേതാണെന്ന്. അന്ന് അദ്ദേഹം രാഷ്ട്രീയം വ്യക്തമാക്കിയിരുന്നില്ല. എല്ലാ പാർട്ടിയിലും സജീവമായ സുഹൃത്തുക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു. അതിലാെരാളാണ് ഞാനും.
അന്ന് മൊബൈൽ ഫോൺ ഒന്നും അത്ര സജീവമല്ല. നോക്കിയയുടെ ഒരു ഫോണാണ് അന്ന് എനിക്ക് ഉണ്ടായിരുന്നത്. ആ സമയത്ത് സുരേഷ്‌ഗോപി ദുബായിൽ പോയിരുന്നു. അതു കഴിഞ്ഞ് വന്നപ്പോൾ എനിക്ക് സാംസങ്ങിന്റെ ഒരു ഫോൺ കൊണ്ടുവന്നു. ഒരു സുഹൃത്തിന്റെ കൈവശം കൊടുത്ത് വിട്ട് അത് എനിക്ക് സമ്മാനിച്ചു. അത്രത്തോളം സൗഹൃദം എനിക്ക് അദ്ദേഹത്തിനോട് ഉണ്ട്. ഇപ്പോഴും ഡൽഹിയിൽ വച്ച് കാണുമ്പോഴും അടുത്ത് ഇടപഴകുകയും വീട്ടിൽ പോകുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സമീപനങ്ങൾ അടുത്തറിഞ്ഞിട്ടുണ്ട് ഒരുപാട് തവണ. ആരു വന്ന് സങ്കടം പറഞ്ഞാലും സഹായിക്കുന്ന മനസാണ് അദ്ദേഹത്തിന്. ഞാൻ ആദ്യമായി തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ പ്രചാരണത്തിനും അദ്ദേഹം വന്നിരുന്നു. സുരേഷ്‌ഗോപി എന്ന നടനോടും മനുഷ്യനോടുമുള്ള എല്ലാ ആരാധനയും നിർത്തികൊണ്ട് പറയുകയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എനിക്ക് യോജിക്കാനാവില്ല. മനുഷ്യനോട് ബഹുമാനമാണ് എന്നും..' ആരിഫ് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. 2020ലായിരുന്നു ഈ പ്രതികരണം.