മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തില്‍ നീതി നടപ്പാക്കി പോലീസ്. അമീനയുടെ മരണത്തിന് ഉത്തരവാദിയായ മാനേജര്‍ അബ്ദു റഹ്‌മാനെ പോലീസ് അറസ്റ്റു ചെയ്തു. മാനേജറായിരുന്ന അബ്ദുറഹിമാന്റെ മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവുമാണ് കോതമംഗലം സ്വദേശിയായ ജീവനക്കാരി അമീനയുടെ ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമായിരുന്നു. 12ന് ശനിയാഴ്ച്ച രാത്രിയിലാണ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയായ അമാന ആശുപത്രിയിലെ ജീവനക്കാരി അമീന മരിച്ചത്. അമിതമായി മരുന്നുകള്‍ കഴിച്ച് അവശനിലയിലായ അമീനയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു.

സംഭവത്തിന് അസ്വഭാവിക മരണത്തിന് കേസെടുത്ത് കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് 20 കാരിയായ ജീവനക്കാരി ആശുപത്രിയിലെ മാനേജര്‍ എന്‍. അബ്ദുറഹ്‌മാനില്‍ നിന്ന് വലിയ തോതിലുള്ള മാനസിക പീഡനവും സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിരുന്നുവെന്ന് സപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചത്. മരിച്ച അമീനക്ക് മാത്രമല്ല മറ്റ് ജീവനക്കാര്‍ക്കും ഇതേ അനുഭവങ്ങളുള്ളതായും അവര്‍ പറഞ്ഞു. അമീന ജീവനൊടുക്കിയ ദിവസം മാനേജര്‍ 10 മിനിറ്റോളം നിരന്തരമായി ഹരാസ് ചെയ്തിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു. പരാതിയെ തുടര്‍ന്ന് മാനേജര്‍ അബ്ദുറഹിമാനെ ആശുപത്രി മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ഇപ്പോള്‍ ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇതില്‍ പോലീസിനോട് നേഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ നന്ദി പറഞ്ഞു. നീതി നടപ്പിലായി എന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ഷാ അറിയിച്ചു.

ജാസ്മിന്‍ ഷായുടെ പോസ്റ്റ് ചുവടെ

നീതി നടപ്പിലായിരിക്കുന്നു...

അമീനയുടെ ഘാതകനായ അബ്ദുറഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നുവെന്നത് വളരെ സന്തോഷം നല്‍കുന്നു. യുഎന്‍എ നല്‍കിയ പരാതിയും, പോരാട്ടവും നീതി ലഭിക്കുന്നതിലേക്ക് കാരണമായിരിക്കുന്നു. ഒരു പാട് പ്രതീക്ഷകളോട് ആശുപത്രികളില്‍ തൊഴിലെടുക്കാന്‍ വരുന്ന നിര്‍ദ്ധനരായ ജീവനക്കാരെ ചൂഷണം ചെയ്ത് നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു താക്കീതാണ് ഈ അറസ്റ്റ്. ഇനി ക്രിത്യമായ ശിക്ഷ ലഭിച്ചു എന്ന് ഉറപ്പ് വരുത്തുന്നത് വരെ മാതാപിതാക്കള്‍ക്ക് നിയമ സഹായവും നല്‍കും. ഈ ക്രൂരതക്ക് കാരണക്കാരായ ആശുപത്രി മാനേജ്‌മെന്റിനെതിരെയും നടപടി വേണമെന്ന് യുഎന്‍എ ആവശ്യപ്പെടുന്നു.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായ എല്ലാ രാഷ്ട്രീയ-യുവജന - സാംസ്‌കാരിക സംഘടനകള്‍ക്കും, വ്യകതികള്‍ക്കും യുഎന്‍എ കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു. ധീരമായ നിലപാട് സ്വീകരിച്ച തിരൂര്‍ DySP പ്രേമാനന്ദന്‍ അവര്‍കള്‍ക്കും, അന്വേഷണ സംഘത്തിനും അഭിവാദ്യങ്ങള്‍ നേരുന്നു.