ന്യൂയോര്‍ക്ക്: ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. മുപ്പതിനായിരത്തോളം തസ്തികകള്‍ കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഇന്ന് മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം കൂടുതല്‍ ജീവനക്കാരെ ആമസോണ്‍ ജോലിക്കെടുത്തിരുന്നു. ഇപ്പോള്‍ കമ്പനി ചെലവുകള്‍ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയമനങ്ങള്‍ വെട്ടിച്ചുരുക്കുന്നത്.

കമ്പനിയുടെ മൊത്തം 1.55 ദശലക്ഷം ജീവനക്കാരുടെ ഒരു ചെറിയ ശതമാനത്തെയാണ് ഈ കണക്ക് പ്രതിനിധീകരിക്കുന്നത്. 350,000 കോര്‍പ്പറേറ്റ് തൊഴിലാളികളില്‍ ഏകദേശം 10 ശതമാനമാണിത്. 2022 അവസാനത്തോടെ ഏകദേശം 27,000 ജോലികള്‍ ഇല്ലാതാക്കിയതിനുശേഷം ആമസോണിലെ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറയ്ക്കലായിരിക്കും ഇത്. ആമസോണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് കോര്‍പ്പറേറ്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് സിഇഒ ആന്‍ഡി ജാസ്സി പറഞ്ഞതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം നിലവില്‍ വരുന്നത്.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തന്നെ അദ്ദേഹം പറഞ്ഞത് ആമസോണ്‍ പ്രവര്‍ത്തിക്കുന്ന ശൈലിയെ തന്നെ എ.ഐ സംവിധാനം മാറ്റി മറിച്ചു എന്നാണ്. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍, ഇതിലൂടെ തങ്ങളുടെ മൊത്തം കോര്‍പ്പറേറ്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജാസി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി വിവിധ ഡിവിഷനുകളിലായി ആമസോണ്‍ ചെറിയ എണ്ണം ജോലികള്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഈ ആഴ്ച ആരംഭിക്കുന്ന വെട്ടിക്കുറയ്ക്കല്‍ ആമസോണിലെ വിവിധ ഡിവിഷനുകളെ ബാധിച്ചേക്കാം. പീപ്പിള്‍ എക്സ്പീരിയന്‍സ് ആന്‍ഡ് ടെക്നോളജി എന്നറിയപ്പെടുന്ന മാനവ വിഭവശേഷി, ഉപകരണങ്ങള്‍, സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ, മറ്റുള്ളവയെ ഇത് ബാധിച്ചേക്കാം. രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവാണ് ആമസോണ്‍. തൊഴില്‍ സ്ഥിരതയ്ക്കുള്ള ഒരു നാഴികക്കല്ലായിട്ടാണ് കമ്പനിയെ പൊകുവേ കണക്കാക്കുന്നത്.

2022 ലും 2023 ലും ആമസോണ്‍ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. ഏകദേശം 27,000 തസ്തികകള്‍ ഇല്ലാതാക്കി. യുഎസ് ആസ്ഥാനമായുള്ള തൊഴിലുടമകള്‍ ജൂലൈയില്‍ 62,075 ജോലികള്‍ വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 25,885 ആയിരുന്നു. പ്രമുഖ കമ്പനിയായ ഇന്റല്‍ 25,000 തൊഴില്‍ അവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന്് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.