- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ എല്ലാ പുരോഗതികൾക്കും അടിത്തറയിട്ട മഹാത്മാവ്; പ്രായപൂർത്തി വോട്ടവകാശം തൊട്ട് ഹിന്ദുകോഡ് ബിൽ വരെ; ഭരണഘടനാ ശിൽപ്പി എന്ന ഒറ്റ കള്ളിയിൽ ഒതുക്കേണ്ട വ്യക്തിയല്ല ഡോ ബി ആർ അംബേദ്ക്കർ; ഇന്ന് അംബേദ്ക്കർ ജയന്തി
ന്യൂഡൽഹി: ഇന്ന് ഇന്ത്യയുടെ എല്ലാ പുരോഗതികൾക്കും അടിത്തറയിട്ട ഒരു മഹാത്മാവിന്റെ ജന്മദിനമാണ്യ ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 132ാം ജന്മവാർഷികദിനമാണ് ഇന്ന്. സാമൂഹിക പരിഷ്‌കർത്താവ്, നിയമവിശാരദൻ, വിദ്യാഭ്യാസ സാമ്പത്തിക വിദഗ്ധൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് ഇന്നു രാജ്യം സ്മരണാഞ്ജലി അർപ്പിക്കും.
18 വയസിൽ സ്ത്രീക്കും പുരുഷനും വോട്ടവകാശം, സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുകയും സ്വത്തവകാശം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഹിന്ദു കോഡ് ബിൽ തൊട്ട് ഇന്ത്യൻ ഭരണഘടനവരെ. ഇന്ത്യയിലുടനീളം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്കൾ സ്ഥാപിക്കുവാൻ മുൻകൈ എടുത്തതിനൊപ്പം, തൊഴിൽ സമയം 14 മണിക്കൂറിൽ നിന്നും 8 ആകുവാനുള്ള തീരുമാനം ഏഴാമത് ഇന്ത്യൻ തൊഴിലാളി സമ്മേളനത്തിൽ എടുപ്പിച്ചത് അംബേദ്കർ ആണ്. ദ പ്രോബ്‌ളം ഓഫ് റുപ്പി ; ഇറ്റ്സ് ഒറിജൻ ആൻഡ് ആൻഡ് സൊലൂഷൻ, എന്ന അംബേദ്കറിന്റെ ബുക്കാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ഇത് പിന്നീട് സാക്ഷാൽ നെഹറുതന്നെ അംഗീകരിച്ചതാണ്. 'വെയിറ്റിങ്ങ് ഫോർ വിസ' എന്ന അദ്ദേഹത്തിന്റെ ബുക്ക് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പാഠ പുസ്തത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ ഇത്രയധികം അംഗീകരാം കിട്ടിയ അക്കാദമീഷനും വേറെയുണ്ടാവില്ല.
1891 ഏപ്രിൽ 14ന് മധ്യപ്രദേശിലാണ് അംബേദ്കറുടെ ജനനം. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് മഹാരാഷ്ട്രയിലുടനീളം ഘോഷയാത്രയും സമ്മേളനങ്ങളുമുണ്ടാകും. ഭൗതികശരീരം സംസ്‌കരിച്ച ദാദറിലെ ചൈത്യഭൂമിയിലെ ചടങ്ങിലും അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലെ സ്മാരകത്തിലും പതിനായിരങ്ങൾ സംഗമിക്കും. തെലങ്കാനയിൽ 125 അടി ഉയരമുള്ള അംബേദ്കർ പ്രതിമ ഇന്നു മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു അനാഛാദനം ചെയ്യും. പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിനു തൊട്ടടുത്ത്, ബുദ്ധപ്രതിമയ്ക്ക് എതിർവശത്താണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. 119 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി 35,000 പേർ പങ്കെടുക്കുന്ന ചടങ്ങിൽ അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ മുഖ്യാതിഥിയായി പങ്കെടുക്കും.
ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ് ആരാണെന്ന് അറിയാൻ മൂന്നുവർഷംമുമ്പ് സിഎൻഎൻ- ഐബിഎൻ ചാനൽ രാജ്യവ്യാപകമായി ഒരു സർവേ നടത്തിയിരുന്നു. നെഹറുവിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പേരുകളായിരുന്നു. എല്ലാവരും കരുതിയിരുന്നത്. പക്ഷേ ജനം വോട്ട് ചെയ്തത് അംബേദ്ക്കർക്കായിരുന്നു. മുഖ്യധാര രാഷ്ട്രീയപാർട്ടികൾ എങ്ങനെ അവഗണിച്ചാലും അംബ്ദേ്ക്കർ ചിന്തകൾ ഇന്ത്യയിൽ പടരുക തന്നെയാണെന്ന് ചുരുക്കം.
സ്വാതന്ത്ര്യം നേടി രണ്ടു വർഷം പിന്നിട്ടതോടെ രാജ്യത്തിന്റെ ഭരണഘടനയ്ക്കുവേണ്ടി പലരും അക്ഷമരായി. ഭരണഘടനാ കരടുകമ്മിറ്റിയുടെ അധ്യക്ഷൻ എന്ന നിലയ്ക്ക് ഡോ. ബി.ആർ. അംബേദ്കറിനുമേൽ സമ്മർദം നാൾക്കുനാൾ കൂടിക്കൊണ്ടിരുന്നു. മെല്ലെപ്പോക്കെന്നും പണം പാഴാക്കലെന്നും പഴികേട്ടു. ഒടുവിൽ 1949 നവംബർ 25-ന്, ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുന്നതിന് ഒരു ദിവസം മുൻപ്, ഭരണഘടനാ നിർമ്മാണസഭയിലെ അവസാനപ്രസംഗത്തിൽ അംബേദ്കർ വിമർശനങ്ങൾക്ക് മറുപടി നൽകി. കാലതാമസമുണ്ടായതിന് യുക്തിസഹമായ വിശദീകരണമുണ്ടായിരുന്നു അദ്ദേഹത്തിന്. താനെടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്തവർക്കും ആശയപരമായ സംവാദങ്ങളിലേക്ക് വഴിതെളിച്ചവർക്കും അംബേദ്കർ പേരു വിളിച്ച് നന്ദി പറഞ്ഞു. അത്തരം ചർച്ചകൾ ഉണ്ടായില്ലെങ്കിൽ ഭരണഘടനാ നിർമ്മാണം തീർത്തും യാന്ത്രികമായിപ്പോയേനെ.
1947 ഓഗസ്റ്റ് 29-നാണ് ഭരണഘടനാ നിർമ്മാണസഭ അംബേദ്കറിന്റെ നേതൃത്വത്തിലുള്ള കരടുകമ്മിറ്റിയെ നിയോഗിച്ചത്. ആമുഖമുൾപ്പെടെ എന്തൊക്കെ വേണം, വേണ്ട എന്നതു സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ സഭ കമ്മിറ്റിക്ക് നൽകിയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എല്ലാമൊന്ന് ക്രോഡീകരിക്കുകയേ വേണ്ടിയിരുന്നുള്ളൂ. എന്നാൽ, വെറുമൊരു പകർത്തിയെഴുത്തുകാരനായി തന്റെ പേര് ചരിത്രത്തിലേക്ക് ചേർക്കാൻ അംബേദ്കർ ഒരുക്കമായിരുന്നില്ല. താനെഴുതുന്നത് ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെയും വളർച്ചയെത്താത്ത ജനാധിപത്യത്തിന്റെയും ഭാഗധേയമാണെന്ന ബോധ്യത്തിൽ അംബേദ്കർ സ്രഷ്ടാവു തന്നെയായി.
ചരിത്രം ഡോ. ബി.ആർ. അംബേദ്കറെ ഭരണഘടനാശില്പിയെന്ന് വിളിച്ചു. എന്നാൽ, ആ ശില്പത്തിന്റെ ആത്മാവടങ്ങിയ ആമുഖത്തിന് സാമാന്യചരിത്രം കടപ്പെട്ടിട്ടുള്ളത് ജവാഹർലാൽ നെഹ്രുവിനോടാണ്. അദ്ദേഹം ഭരണഘടനാ നിർമ്മാണസഭയിൽ അവതരിപ്പിച്ച ലക്ഷ്യപ്രമേയം പിന്നീട് ഭരണഘടനയുടെ ആമുഖമായെന്നാണ് പൊതുധാരണ. ഈ കാഴ്ചപ്പാടിൽനിന്നുള്ള മാറിനടത്തമായിരുന്നു ആകാശ് സിങ് റാത്തോറിന്റെ 'അംബേദ്‌കേഴ്‌സ് പ്രിയാമ്പിൾ: ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ദ കോൺസ്റ്റിറ്റിയൂഷൻ ഓഫ് ഇന്ത്യ' എന്ന പുസ്തകം. ഇന്ത്യ എന്ന ആശയത്തിന്റെ ഏറ്റവും സമഗ്രവും സംക്ഷിപ്തവുമായ നിർവചനമാണ് ഭരണഘടനയുടെ ആമുഖം. അതിൽ അംബേദ്കറൈറ്റ് ആശയങ്ങൾ എങ്ങനെയെല്ലാം ഉൾച്ചേർന്നിരിക്കുന്നു എന്ന അന്വേഷണമാണ് ആകാശ് റാത്തോർ നടത്തിയത്.
പഠിച്ചത് സ്‌കൂളിലെ ഓരത്ത് ചാക്കു കഷ്ണത്തിൽ ഇരുന്ന്
നൂറ്റാണ്ടുകളായി മഹാരാഷ്ട്രയിൽ അധ:കൃതവിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മഹർ സമുദായത്തിലായിരുന്നു ഭീം റാവു അംബേദ്കറുടെ ജനനം. രാംജിയും ഭീമാബായിയുടെയും പതിന്നാലാമത്തെ കുഞ്ഞായിരുന്നു അദ്ദേഹം. എത്ര ബുദ്ധിമുട്ടിയാലും മകനെ പഠിപ്പിച്ച് മിടുക്കനാക്കണമെന്ന വാശി ഭീമിന്റെ പിതാവ് രാംജിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം സത്താറയിലേക്ക് രാംജിയും കുടുംബവും താമസം മാറി. രാംജിയുടെ സഹോദരി മീരയായിരുന്നു ഇക്കാലത്ത് ഭീമിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. സത്താറയിലെ സ്‌കൂളിലായിരുന്നു ഭീമിന്റെ പഠനം. അന്ന് അയിത്തജാതിക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം മുള്ളിന്മേൽ തപസ്സു പോലെയായിരുന്നു. സ്‌കൂളിലേക്കു പോകുമ്പോൾ ഇരിക്കാനായി ചാക്കുകഷണം കൂടി കൊണ്ടുപോകണം. ക്ലാസ്സ് മുറിയുടെ ഒരറ്റത്ത് ചാക്കുവിരിച്ചാണ് അതിലാണ് ഇരിക്കുക. ബെഞ്ചും ഡസ്‌കും സവർണസമുദായത്തിലെ കുഞ്ഞുങ്ങൾക്ക്.
അയിത്തജാതിക്കാരായ കുഞ്ഞുങ്ങളെ ഒപ്പം ഇരുത്താൻ പോലും സവർണർ അനുവദിച്ചിരുന്നില്ല- ഭീമിന്റെ ബാല്യത്തെ കുറിച്ച് പിന്നീട് ജീവചരിത്രകാരൻ ഇങ്ങനെ എഴുതി. ഒരിക്കൽ സ്‌കൂൾ വരാന്തയിൽ വച്ചിരിക്കുന്ന കലത്തിൽനിന്ന് വെള്ളം എടുത്തുകുടിക്കാൻ അംബേദ്കർ ശ്രമിച്ചു. വെള്ളമെടുക്കാൻ തുനിഞ്ഞപ്പോഴേക്കും അരുത് എന്ന ഗർജനവുമായി കാവൽക്കാരൻ ഓടിയെത്തി. എന്നിട്ടു പറഞ്ഞു..ഇത് മറ്റുള്ളവർക്കു കുടിക്കാനുള്ളതാ..നീ തൊട്ട് അശുദ്ധമാക്കിയാൽ പിന്നെ ആർക്കും കുടിക്കാൻ കഴിയില്ല. കൈക്കുമ്പിൾ നീട്ടിക്കാണിക്ക് ..ഒഴിച്ചു തരാം...കൈക്കുമ്പിൾ നീട്ടിക്കൊടുത്ത അദ്ദേഹത്തിന്റെ കയ്യിലേക്ക് ശിപായി വെള്ളം ഒഴിച്ചു കൊടുത്തു.
ആ വെള്ളത്തിന് കയ്പുള്ളതായി ആ ബാലനു തോന്നി. പുസ്തകം പറയുന്നു. ഭീം റാവു അംബാവേഡക്കർ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ജനിച്ച സ്ഥലത്തിന്റെ പേര് പേരിനൊപ്പം ചേർക്കുക എന്ന പതിവ് നിലവിലുണ്ടായിരുന്നതു കൊണ്ട്, അംബാവാഡിയിൽ ജനിച്ച ഭീമിന്റെ പേരിനൊപ്പം അബാവഡേക്കർ എന്ന് ചേർത്തു.
എല്ലാം മാറ്റിമറിച്ചത് ആ ബ്രാഹ്മണനായ ആധ്യാപകൻ
വിദ്യാലയത്തിൽ പോകാൻ ഭീമിന് മടി തോന്നിത്തുടങ്ങിയിരുന്നു. ഉയർന്ന ജാതിക്കാരായ സഹപാഠികളുടെ ക്രൂരതകൾതന്നെയായിരുന്നു അതിനു കാരണം. ഒരു ദിവസം ഉച്ചഭക്ഷണത്തിനായി സ്‌കൂൾ വിട്ടപ്പോൾ എല്ലാവരും ഭക്ഷണപ്പൊതികളുമായി വരാന്തയിൽ നിരന്നു. അന്ന് ഭീമിന് ഉച്ചഭക്ഷണം അമ്മായി കൊടുത്തയച്ചിരുന്നു. അവൻ അതുമായി മറ്റു കുട്ടികളുടെ അടുത്തേക്കു പോയി. 'ദൂരെ പോ... ദൂരെ പോ...' അവരെല്ലാം ഭീമിനെ ആട്ടിയോടിച്ചും അവൻ അവന്റെ അദ്ധ്യാപകന്റെ അടുത്തേക്കുതന്നെ മടങ്ങി.
'അവരെല്ലാം എന്നെ ആട്ടിയോടിക്കുന്നു സാർ....., ഞാനെവിടെയിരുന്നാണ് ഭക്ഷണം കഴിക്കേണ്ടത്?' അംബേദ്കർ ആ കുരുന്നു മുഖത്തേക്കു നോക്കി. അത് വാടിത്തളർന്നിരിക്കുന്നു. 'ഭീം... ഇവിടെ വരൂ...' ഹൃദയാലുവായ അദ്ധ്യാപകൻ അവനെ ക്ഷണിച്ചു. മടിച്ചു മടിച്ചു മുന്നോട്ടുനീങ്ങിയ ഭീമിനെ അംബേദ്കർ സ്വന്തം ശരീരത്തോടു ചേർത്തുനിർത്തി. ഭീം അമ്പരന്നുപോയി. തൊട്ടുകൂടാത്തവനായ തന്നെ ഈ മഹാ ബ്രാഹ്മണൻ ആലിംഗനം ചെയ്യുന്നു! ശരീരമാകെ കോരിത്തരിക്കുന്നു! ഹൃദയത്തിൽ ഒരായിരം പൂ വിരിയുന്നു!
'നോക്കൂ... ഭീം, ഇന്നുമുതൽ നീ ഇവിടെ, എന്റെ അടുത്ത് വന്നിരുന്ന് ഭക്ഷണം കഴിച്ചോളൂ...' അന്നുമുതൽ ഭീമിന്റെ ഉച്ചഭക്ഷണം അദ്ധ്യാപകന്റെ അടുത്തിരു ന്നായി. താൻ കൊണ്ടുവരുന്ന ആഹാരത്തിൽ ഒരു പങ്ക് അദ്ദേഹം അവന് കൊടുക്കുമായിരുന്നു. അത്രത്തോളം സ്‌നേഹമായിരുന്നു ആ അദ്ധ്യാപകന് അവനോട്. ഒരു ജാതി ഹിന്ദുക്കൾ അവനോടു കാണിക്കുന്ന ക്രൂരതയിൽ അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചു.
'ഇവന്റെ അയിത്തം മാറ്റണം... അതിനൊരു മാർഗം കണ്ടുപിടിക്കണം. ഇവന്റെ പേര് മാറ്റുകതന്നെ!' അദ്ദേഹം കരുതി. സ്‌കൂൾ രജിസ്റ്ററിൽ ഭീമിന്റെ പേർ ചേർത്തിരുന്നത് 'ഭീം അംബവാഡേക്കർ' എന്നാണ്. മറാഠികൾ തങ്ങളുടെ ജന്മസ്ഥലത്തിന്റെ പേര് സ്വന്തം പേരിനോടു ചേർക്കുക പതിവായിരുന്നു.ഭീം അംബവാഡിയിൽ ജനിച്ചതുകൊണ്ടാണ് അംബവാഡക്കർ എന്ന് രജിസ്റ്ററിൽ ചേർത്തിരുന്നത്. 'ഭീം... ഇന്നുമുതൽ നിന്റെ പേരിതാ ഞാൻ മാറ്റിയിരിക്കുന്നു എന്റെ കുടുംബപ്പേർ ഞാനിതാ നിനക്കും തരികയാണ്. ഇന്ന് മുതൽ നീ അംബവാഡേക്കർ അല്ല, അംബേദ്കറാണ്.' അവന്റെ പേര് രജിസ്റ്ററിൽ 'ഭീം അംബേദ്കർ' എന്ന് അദ്ദേഹം തിരുത്തി എഴുതി
അന്ന് അതൊരു വലിയ വിപ്ലവമായിരുന്നു. ഒരു ബ്രാഹ്മണൻ തന്റെ കുടുംബനാമം ഒരു അധഃകൃതനു കൊടുക്കുകയോ? ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളി. പക്ഷേ, അധഃകൃതനായ ശിഷ്യനെ ഉദ്ധരിക്കാൻ പ്രതിജ്ഞയെടുത്തിരുന്ന ആ അദ്ധ്യാപകൻ കുലുങ്ങിയില്ല. സ്‌നേഹനിധിയായ ആ ഗുരുവാണ് ഭീമിന്റെ ഉയർച്ചയിൽ ആദ്യ കാലത്ത് വലിയ താത്പര്യം പ്രദർശിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ