- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു മാസത്തിനുള്ളില്‍ 'അമീബിക് മസ്തിഷ്ക ജ്വരം' ബാധിച്ച് മരിച്ചത് അഞ്ച് പേര്! രോഗകാരണം കൃത്യമായി കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്; നോക്കുകുത്തിയായി കോടികള്‍ മുടക്കിയ സ്ഥാപനങ്ങള്‍; ചികിത്സാ പിഴവുകളിലെ അന്വേഷണങ്ങളും നടപടികളും ഫയലില്‍ ഉറങ്ങുന്നു; ആരോഗ്യ രംഗത്തെ 'കേരള മോഡല്‍' തരിപ്പണമാകുന്നു
ഒരു മാസത്തിനുള്ളില്‍ 'അമീബിക് മസ്തിഷ്ക ജ്വരം' ബാധിച്ച് മരിച്ചത് അഞ്ച് പേര്!
തിരുവനന്തപുരം: തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ഘടിപ്പിച്ച ഗൈഡ് വയര്‍ പുറത്തെടുക്കാതെ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ്, പ്രസവത്തിനുശേഷം വയറിനുള്ളില്‍ കുടുങ്ങിയ പഞ്ഞി പുറത്തെടുക്കാതെ ഗൈനക്കോളജി വിഭാഗം, ഇടതുകാലിനു പകരം വലതുകാലില്‍ ചെയ്ത ശസ്ത്രക്രിയ വിജയമാണെന്ന് പ്രഖ്യാപിച്ച് അസ്ഥിരോഗ ചികിത്സാ വിഭാഗം മേധാവി, ഇടതുകണ്ണിനു പകരം വലതുകണ്ണില്‍ കുത്തിവയ്‌പെടുത്ത് കണ്ണു ഡോക്ടര്‍, ഏഴുവയസുകാരന് മൂക്കിനു പകരം വയറില്‍ ശസ്ത്രക്രിയ ചെയ്ത് മെഡിക്കല്‍ കോളേജ്.... കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ വീഴ്ചകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നാല്‍പ്പതിലേറെ അന്വേഷണങ്ങളാണ്.
ഒരു മാസത്തിനിടെ കേരളത്തില്‍ പനി ബാധിച്ച് 46 പേരും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് അഞ്ചുപേരും മരിച്ചു. ഇതിനു പുറമേയാണ് മാരകമായ പകര്‍ച്ചവ്യാധികളുടെ കടന്നുകയറ്റവും. 'കേരള മോഡല്‍' ആരോഗ്യരംഗം തകര്‍ന്നു തരിപ്പണമായപ്പോള്‍ മന:പൂര്‍വ്വം കുറ്റപ്പെടുത്തുകയാണെന്ന 'പരാതി'യുമായി മാറിനില്‍ക്കുകയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ മുതല്‍ നിരവധി വിവാദങ്ങളാണ് ആരോഗ്യ വകുപ്പിലുണ്ടായത്. അതില്‍ ഭൂരിഭാഗവും ചികിത്സാപ്പിഴവും മാരകമായ പകര്‍ച്ചവ്യാധികളുടെ കടന്നുകയറ്റവും സംബന്ധിച്ചായിരുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപകമായ ചികിത്സാപ്പിഴവുകളാണ് ഉണ്ടായത്. ആരോഗ്യരംഗത്തെ വീഴ്ചകള്‍ കാരണം കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 40 ലേറെ അന്വേഷണങ്ങളാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചത്. എന്നാല്‍, എല്ലാ അന്വേഷണങ്ങളും വെറും പ്രഹസനമായി മാത്രം മാറുകയാണുണ്ടായത്്. പരാതികളും അന്വേഷണ റിപ്പോര്‍ട്ടുകളും ആരോഗ്യ വകുപ്പു മന്ത്രിയുടെയും ഡയറക്ടറുടെയും മേശപ്പുറത്ത് ഫയലുകളായി കെട്ടിക്കിടക്കുന്നു. ഒരു പരാതിയിലും കര്‍ശന നടപടിയും ഉണ്ടായിട്ടുമില്ല.
കേരളത്തില്‍ ഇപ്പോള്‍ ആശങ്ക പടര്‍ത്തുന്നത് അമീബിക് മസ്തിഷ്‌കജ്വരമാണ്. സംസ്ഥാനത്ത് 2016 ല്‍ ആലപ്പുഴയിലാണ് ഈ മാരകരോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്്. അതിനുശേഷം കേസുകള്‍ അപൂര്‍വ്വമായിരുന്നെങ്കിലും, സമീപകാലത്ത് മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ കൂടുതല്‍ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗം ബാധിച്ച മിക്കവാറും ആളുകള്‍ മലിനമായ കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവരാണ്.
മലിനജലം മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറില്‍ എത്തുകയും അണുബാധ ഉണ്ടാക്കുകയും തുടര്‍ന്ന് മരണകാരണമാകുകയുമാണ്. അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച് പത്തുവര്‍ഷമായിട്ടും മാരകരോഗത്തെ ഗൗരവമായി കാണാതെ പോകുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ഒരു മാസത്തിനിടെ രോഗം ബാധിച്ച് അഞ്ചുപേര്‍ മരിച്ചിട്ടും കേരളത്തില്‍ മരണനിരക്ക് കുറവാണെന്ന വാദമുയര്‍ത്തി കുളങ്ങളില്‍ ക്ലോറിന്‍ കലക്കിയൊഴിക്കുക മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നത്. കോടികള്‍ മുടക്കി സ്ഥാപിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങള്‍ പോലും ഇപ്പോഴത്തെ വിഷയത്തില്‍ കൈയും കെട്ടിയിരിപ്പാണ്.
രോഗം ബാധിച്ചശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരുന്നത് തടയാനുള്ള അവബോധ പരിപാടികളില്‍ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്്ധരുടെ അഭിപ്രായം. എന്നാല്‍, അമീബിക് മസ്തിഷ്‌കജ്വരത്തിന് ആഗോളതലത്തില്‍ 97 ശതമാനം വരെയാണ് മരണനിരക്കെന്നും കേരളത്തില്‍ അത് 26 ശതമാനം മാത്രമാണെന്നുമുള്ള മേനിപറച്ചിലിലാണ് ആരോഗ്യ വകുപ്പ്. കഴിഞ്ഞവര്‍ഷം മാരകമായ നിരവധി പകര്‍ച്ചവ്യാധികളും സംസ്ഥാനത്ത് രോഗികളുടെ ജീവന്‍ അപഹരിച്ചു. 144 പേരാണ് കഴിഞ്ഞവര്‍ഷം പകര്‍ച്ചവ്യാധികള്‍ ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. കേരളത്തില്‍ നിര്‍മ്മാര്‍ജ്ജ്‌നം ചെയ്‌തെന്ന് കരുതിയിരുന്ന കോളറ ബാധിച്ചും ഒരാള്‍ മരിച്ചു. കഴിഞ്ഞവര്‍ഷവും സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചിരുന്നു.
2023 ല്‍ സംസ്ഥാനത്ത് 974 പേര്‍ക്ക് ഹെപ്പറ്റെറ്റിസ് എ സ്ഥിരീകരിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം 7000 ത്തിലധികം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു. 3000 ത്തിലധികം പേര്‍ക്ക് എച്ച് ഒണ്‍ എന്‍ ഒണ്‍ സ്ഥിരീകരിച്ചപ്പോള്‍ അത്ര പരിചിതമല്ലാത്ത എംപോക്സ് എന്ന രോഗം ആറുപേര്‍ക്കും ഷിഗെല്ല 117 പേര്‍ക്കും വെസ്റ്റ് നൈല്‍ 29 പേര്‍ക്കും സ്ഥിരീകരീച്ചു. 2023 നേക്കാള്‍ പകര്‍ച്ചവ്യാധികള്‍ മൂലമുള്ള മരണങ്ങളും 2024 ല്‍ സംസ്ഥാനത്ത് വര്‍ധിച്ചു. എലിപ്പനി മൂലമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചത്. നിപ ബാധിച്ചും ഒരാള്‍ മരിച്ചു. എന്നാല്‍, ആരോഗ്യരംഗം മികച്ചരീതിയില്‍ മുന്നേറുകയാണെന്നും മന:പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം.