- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധുവിന് പരമാവധി സമ്മാനം നൽകാവുന്നത് ഒരു ലക്ഷം രൂപയും 10 പവൻ സ്വർണവും; സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു; വനിതാ കമ്മിഷൻ നൽകിയ ശുപാർശകൾ നടപ്പാക്കാൻ നിയമം ഭേദഗതി ചെയ്യും; പരിഗണനയ്ക്കായി കേന്ദ്ര സർക്കാറിനും അയച്ചു കൊടുക്കും; സ്ത്രീധന പീഡനങ്ങൾ പെരുകുമ്പോൾ സർക്കാർ നടപടിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെയായി സ്ത്രീധന പീഡനങ്ങൾ വ്യാപകമാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഗത്യന്തരമില്ലാതെ ആത്മഹത്യയിൽ യുവതികൾ അഭയം പ്രാപിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇതിനിടെ സ്ത്രീധന നിരോധന ചട്ടം പുതുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്‌കരിക്കാൻ സർക്കാർ നടപടി തുടങ്ങിയിരിക്കുന്നത്.
കൊല്ലം നിലമേൽ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംസ്ഥാന വനിതാ കമ്മിഷൻ പരിഷ്‌കരണ ശുപാർശകൾ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നടപടികൾ പുരോഗിമിക്കുന്നത്. അതേസമയം സർക്കാർ ഇതു പുറത്തുവിടുകയോ നടപടികളിലേക്കു കടക്കുകയോ ചെയ്തിരുന്നില്ല. വനിതാ കമ്മിഷനും സ്ത്രീ സംരക്ഷണ സംഘടനകളും സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് ഇപ്പോൾ ചർച്ചകളും അഭിപ്രായശേഖരണവും ആരംഭിച്ചത്.
കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളും ഭേദഗതി ചെയ്യും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങൾ സമർപ്പിച്ചു. തദ്ദേശഭരണവകുപ്പിന്റെ നിർദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധവകുപ്പുകളുമായും ചർച്ചകൾ നടത്തിയശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കും.
വനിതാ കമ്മിഷൻ നൽകിയ ചില ശുപാർശകൾ നടപ്പാക്കാൻ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും. ഹൈസ്‌കൂൾ മുതലുള്ള പാഠപുസ്തകങ്ങളിൽ ഗാർഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, പോക്‌സോ നിയമം എന്നിവ ഉൾക്കൊള്ളിക്കുന്ന അധ്യായം ഉണ്ടാകണമെന്ന കമ്മിഷന്റെ ശുപാർശയും നടപ്പായിട്ടില്ല.
വധുവിന് നൽകുന്ന മറ്റു സാധനങ്ങൾ 25,000 രൂപയിൽ കൂടാൻ പാടില്ല, ബന്ധുക്കൾ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നൽകാവൂ, വധുവിന് ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിന് മാത്രം, വിവാഹ സമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം, വിവാഹ രജിസ്ട്രേഷൻ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നൽകണം തുടങ്ങിയ കാര്യങ്ങളും ശുപാർശയിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ