വാഷിങ്ങ്ടൺ: പലയാവർത്തി പരീക്ഷിച്ച് പരാജയപ്പെട്ട അമേരിക്കയുടെ ഹൈപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി യു എസ് വ്യോമസേന.പെന്റഗൺ പുറത്തിറക്കിയ വാർത്തക്കുറിപ്പിലൂടെയാണ് പരീക്ഷണം വിജയിച്ച വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. എന്നാൽ പരീക്ഷണത്തിന്റെ ചിത്രം പെന്റഗൺ പങ്കുവെച്ചിട്ടുമില്ല.ബി 52 ബോംബറിൽ നിന്നാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചത്.

ഉക്രെയ്‌നിലെ ക്രൂരമായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എതിരാളികൾക്കെതിരെ മുന്നേറ്റങ്ങൾ നടത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് അൾട്രാ ഫാസ്റ്റ് ആയുധങ്ങളുടെ ഏറ്റവും പുതിയ പരീക്ഷണം കാലിഫോർണിയയുടെ തീരത്ത് നടത്തിയത്.ദക്ഷിണ കാലിഫോർണിയ തീരത്ത്, ഡിസംബർ 9-ന്, ആദ്യത്തെ ഓൾ-അപ്പ്-റൗണ്ട് എജിഎം 183 എ എയർ-ലോഞ്ച്ഡ് റാപ്പിഡ് റെസ്പോൺസ് വെപ്പൺ വിജയകരമായി പുറത്തിറക്കി,' എന്നാണ് പ്രസ്താവനയിലൂടെ യുഎസ് വ്യോമസേന അറിയിച്ചത്.

പൂർണ്ണമായ പ്രൊട്ടൈപ്പ് മിസൈലിന്റെ ആദ്യ പരീക്ഷണമായിരുന്നു ഇത്. മുൻപരീക്ഷണങ്ങളിലെ പോരായ്മകൾ പരിഹരിച്ച് വേഗത കൂട്ടി ബൂസ്റ്റർ പ്രകടനം നടത്തുന്നതിലായിരുന്നു ഇത്തവണ സേന കേന്ദ്രീകരിച്ചത്.മിസൈൽ വിക്ഷേപിച്ചതിന് പിന്നാലെ 'അത് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ ഹൈപ്പർസോണിക് വേഗതയിലെത്തുകയും ഫ്‌ളൈറ്റ് പാത പൂർത്തിയാക്കി ടെർമിനൽ ഏരിയയിൽ പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് സേന അറിയിച്ചത്.

വേഗത മാത്രമല്ല റഷ്യ അവരുടെ മിസൈലിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയും തങ്ങൾ മിസൈലിൽ വിജയകരമായി പരീക്ഷിച്ചതായി ബ്രിഗ് ആർമമെന്റ് ഡയറക്ടറേറ്റ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഓഫീസർ ജനറൽ ജെയ്സൺ ബാർട്ടലോമി പറയുന്നു.'എആർആർഡബ്ല്യു ടീം അഞ്ച് വർഷത്തിനുള്ളിൽ ഹൈപ്പർസോണിക് മിസൈൽ വിജയകരമായി രൂപകൽപ്പന ചെയ്യുകയും പരീക്ഷിക്കുകയും ചെയ്തു.ഞങ്ങളുടെ പോരാളിക്ക് സുപ്രധാനമായ കഴിവ് നൽകാൻ ഈ ടീം കാണിച്ച ദൃഢതയിലും അർപ്പണബോധത്തിലും താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഏറ്റവും പുതിയതും വിജയകരവുമായ ഫ്‌ളൈറ്റ് പരീക്ഷണം എയർ-ലോഞ്ച്ഡ് റാപ്പിഡ് റെസ്പോൺസ് വെപ്പണിന്റെ രൂപകൽപ്പനയുടെ മികവ് തെളിയിക്കുകയും ഹൈപ്പർസോണിക് വേഗതയിൽ അതിന്റെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് എന്ന് ആയുധ നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഉൾപ്പടെ അഞ്ചോളം തവണ മിസൈൽ പരീക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതൊന്നും പൂർണ്ണവിജയമായില്ല.അതിനാൽ തന്നെ ഒരോ തവണയിലെയും വീഴ്‌ച്ചകളെ കൃത്യമായി പഠിച്ച് കുറവുകൾ നികത്തിയാണ് പരീക്ഷണം വിജയിപ്പിച്ചെടുത്തത്.പുറത്തുവിട്ട പ്രസ്താവന പ്രകാരം യുദ്ധമുഖത്ത് ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പറ്റുന്നതാവും അമേരിക്കയുടെ ഈ ഹൈപ്പർ സോണിക് മിസൈൽ.

സെറ്റ് പാരാബോളിക് പാതകൾ ഉപയോഗിച്ച് സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈപ്പർസോണിക് ആയുധങ്ങൾ കൂടുതൽ കൈകാര്യം ചെയ്യാവുന്നതും പരമ്പരാഗത വ്യോമ പ്രതിരോധത്തിന് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നതുമാണ്. യുഎസ് ഹൈപ്പർസോണിക് മിസൈൽ വികസനത്തിന് പെന്റഗൺ ഈ വർഷത്തേക്ക് ഏകദേശം 4 ബില്യൺ ഡോളർ അഭ്യർത്ഥിച്ചിട്ടുണ്ട്.റഷ്യയുമായും ചൈനയുമായും മത്സരത്തിൽ അമേരിക്കയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് പുതിയ പരീക്ഷണ വിജയം.