- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിനൊപ്പം മാതാ അമൃതാനന്ദമയിയെ കണ്ട ശേഷം ചെന്നിത്തലയെ കാണാനില്ല; ഹരിപ്പാട്ടെ ഓഫീസിലോ വീട്ടിലോ എത്തിയില്ല; എവിടെ എന്ന് പ്രവർത്തകർ തിരക്കുമ്പോഴേക്കും, നേതാവ് കണ്ണനെ കാണാൻ അങ്ങ് ഗുരുവായൂരിൽ; രാവിലെ 6.30 യ്ക്ക് രാഹുൽ പദയാത്രയ്ക്ക് തയ്യാറായപ്പോൾ ചെന്നിത്തലയും റെഡി; വണ്ടറടിച്ച് പ്രവർത്തകർ
കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ യാത്രയുടെ തിരക്കിലാണ് കെപിസിസി മുൻപ്രസിഡന്റും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല. യാത്ര തുടങ്ങിയ സെപ്റ്റംബർ ഏഴു മുതൽ ഒരു ദിവസം പോലും മുടങ്ങാതെ അതിൽ പങ്കെടുക്കുന്നുമുണ്ട്. വെള്ളിയാഴ്ചയും പതിവു പോലെ യാത്രയിലുടനീളം അദ്ദേഹം പങ്കെടുത്തു. വെള്ളിയാഴ്ച രാത്രി ഒൻപതു മണി വരെ അദ്ദേഹം യാത്രയിൽ രാഹുലിനൊപ്പമുണ്ടായിരുന്നു. കരുനാഗപ്പള്ളിയിലെ സമാപന സമ്മേളനത്തിനു ശേഷമാണ് രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയിയെ കാണാൻ വള്ളിക്കാവിലേക്കു പോയത്. ഒപ്പം ചെന്നിത്തലയുമുണ്ടായിരുന്നു.
വള്ളിക്കാവ് ആശ്രമത്തിലെ കൂടിക്കാഴ്ചയ്ക്കു ശേഷം രാത്രി പത്തു മണിക്ക് രാഹുലും ചെന്നിത്തലയും രണ്ടു വഴിക്കു പിരിഞ്ഞു. രാഹുൽ ഗാന്ധി കരുനാഗപ്പള്ളി ശ്രീധരീയം കൺവെൻഷൻ സെന്ററിലേക്കും ചെന്നിത്തല എതിർദിശയിലേക്കും. ഹരിപ്പാട് എംഎൽഎ ഓഫീസിലേക്കാണു ചെന്നിത്തല പോയതെന്നാണ് എല്ലാവരും കരുതിയത്. കാരണം ഭാരത് ജോഡോ യാത്ര അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പ്രവേശിക്കുകയാണല്ലോ. ആലപ്പുഴ ജില്ലയിലെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയത് ചെന്നിത്തലയുടെ നേൃത്വത്തിലായിരുന്നു. ഒരു മിനിറ്റു പോലും പാഴാക്കാനില്ല. എന്നിട്ടും അദ്ദേഹം ഹരിപ്പാട്ടെ ഓഫീസിലോ ചെന്നിത്തലയിലെ വീട്ടിലോ എത്തിയില്ല.
അമൃതപുരിയിൽ നിന്ന് ചെന്നിത്തലയുടെ വാഹനം പാഞ്ഞത് ഗുരുവായൂരിലേക്കായിരുന്നു. ഇന്നലെ കന്നിമാസം ഒന്നാം തീയതി ആയിരുന്നു. കരുണാകര ശിഷ്യനായ ചെന്നിത്തല കഴിഞ്ഞ കുറേ നാളായി എല്ലാ മലയാള മാസവും ഗുരുവായൂരിലെത്തും. പുലർച്ചെ തന്നെ കണ്ണനെ കണ്ട് കദളിപ്പഴം സമർപ്പിച്ച് വണങ്ങി മടങ്ങുകയാണ് പതിവ്. ഇന്നലെയും ഈ പതിവ് മുടങ്ങിയില്ല. വള്ളിക്കാവിൽ നിന്നു നേരേ ഗുരുവായൂരിലേക്കു കുതിച്ചു. പുലർച്ചെ രണ്ട് മണിക്ക് ഗുരുവായൂരിലെത്തി. ഗസ്റ്റ് ഹൗസിൽ കുളിയും പ്രാർത്ഥനയും കഴിഞ്ഞ് നേരേ കിഴക്കേ നടയിലേക്ക്.
മൂന്നു മണിക്കു നട തുറന്നു, 3.15ന് നിർമ്മാല്യം കണ്ടു തൊഴുതു. 3.25ന് മുറിയിൽ തിരിച്ചെത്തി വസ്ത്രം മാറി നേരേ ഓച്ചിറയിലേക്ക്. രാവിലെ ആറരയോടെ പദയാത്രികരും രാഹുൽ ഗാന്ധിയും പദയാത്രയ്ക്കു തയാറായി വന്നപ്പോഴേക്കും ചെന്നിത്തലയും അവിടെ ഉണ്ടായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ രാഹുലിനൊപ്പം പദയാത്രയിൽ ചേരുകയും ചെയ്തു. ഓച്ചിറ മുതൽ കായംകുളം വരെ 12 കിലോമീറ്റർ ദൂരവും വൈകുന്നേരം കായംകുളം മുതൽ ചേപ്പാട് വരെ 13 കിലോമീറ്ററും മുഴുവൻ സമയവും ചെന്നിത്തലയും രാഹുലിനൊപ്പം നടന്നു തന്നെ തീർത്തു.
കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിലെത്തിയപ്പോഴേക്കും ഹരിപ്പാട് നിയോജകമണ്ഡലത്തിലടക്കമുള്ള പ്രവർത്തകരുടെ തിക്കിത്തിരക്കായി. പതിവിൽ ഒരു മാറ്റവും വരുത്താതെ അവർക്കിടയിലേക്ക് രമേശ് ചെന്നിത്തല ഊളിയിട്ടു. തലേ ദിവസം കൊല്ലത്തു തുടങ്ങിയ യാത്രയ്ക്കു ശേഷം ഒരു നിമിഷം പോലും കിടന്നുറങ്ങാതെയാണ് തങ്ങളുടെ ലീഡർ ഒപ്പം നടക്കുന്നതെന്ന് അവരാരും അറിഞ്ഞതു പോലുമില്ല. ചേപ്പാട് മുതൽ ആലപ്പുഴ വരെ നീളുന്ന ഇന്നത്തെ പ്രഭാത പദയാത്രയിലും രമേശ് ചെന്നിത്തല പങ്കെടുക്കും. ഉറക്കച്ചടവുണ്ടാകാമെങ്കിലും തളർച്ച ലവലേശമില്ലാതെ.
മറുനാടന് മലയാളി ബ്യൂറോ