- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസാമിലുള്ള ഭാര്യയും മാതാപിതാക്കളും അതീവ ദാരിദ്ര്യത്തിലായതിനാൽ വിയ്യൂരിൽ എത്തി തന്നെ സന്ദർശിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അമീറുൾ ഇസ്ലാം; നിലവിലെ ചട്ടപ്രകാരം പറ്റില്ലെന്ന് സുപ്രീംകോടതിയും; വധശിക്ഷയിൽ നിന്നൊഴിവാക്കാൻ പലവിധ തന്ത്രങ്ങൾ പയറ്റി പെരുമ്പാവൂരിലെ വില്ലൻ; അതിക്രൂര ബലാത്സംഗ പ്രതി അടിസ്ഥാന മനുഷ്യാവകാശം ചർച്ചയാക്കുമ്പോൾ
ന്യൂഡൽഹി: പെരുമ്പാവൂർ നിയമവിദ്യാർത്ഥിനിയുടെ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ നിലവിലെ ജയിൽചട്ട പ്രകാരം ആസാമിലേയ്ക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ജയിൽ മാറ്റം ആവശ്യമാണെങ്കിൽ കേരള സർക്കാർ പുറത്തിറക്കിയ 2014ലെ ചട്ടങ്ങൾ കൂടി ഹർജിയിൽ ചോദ്യം ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു. അമീറുളിന്റെ ഹർജി ഡിസംബർ അഞ്ചിന് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി.
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ആസാമിലെ ജയിലിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് അമീറുൾ ഹർജി നൽകിയത്. ആസാമിലുള്ള ഭാര്യയും മാതാപിതാക്കളും അതീവ ദാരിദ്ര്യത്തിലായതിനാൽ വിയ്യൂരിൽ എത്തി തന്നെ സന്ദർശിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.നിയമ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അമീറുൾ ഇസ്ലാമിനെ വിയ്യൂർ ജയിലിലേയ്ക്ക് മാറ്റിയത്.
വധശിക്ഷയ്‌ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നമാണിതെന്ന് അമീറുളിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.എന്നാൽ 2014ലെ ജയിൽ ചട്ടത്തിലെ 587ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ജയിൽമാറ്റം അനുവദിക്കാനാകില്ലെന്നാണ് വ്യവസ്ഥ. വധശിക്ഷയ്‌ക്കെതിരെയുള്ള അപ്പീൽ കോടതിയുടെ പരിഗണനയിൽ ആണെങ്കിലും അവരെ മറ്റൊരു ജയിലിലേയ്ക്ക് മാറ്റാൻ പാടില്ല. ഈ വ്യവസ്ഥകൾ നിലനിൽക്കെ ആസാമിലേയ്ക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സുപ്രിം കോടതി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട് മുഖേനയാണ് ഹർജി ഫയൽ ചെയ്തതിട്ടുള്ളത്.
കുടുംബാംഗങ്ങളെ കാണുക എന്ന തന്റെ മൗലികാവകാശം സംരക്ഷിക്കണെമെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ അമീറുൾ ഇസ്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന മനുഷ്യാവകാശ പ്രശ്നമാണിതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇതേ അവശ്യമുന്നയിച്ച് അമീറുൾ ഇസ്ലാം അസം ഗവർണറെയും സമീപിച്ചിരുന്നു. എന്നാൽ കേരളത്തിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഇടപെടാൻ വിസമ്മതിച്ചിരുന്നു. 2016 ഏപ്രിൽ 28-നാണ് നിയമവിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അടുത്ത ജൂലൈ മാസം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നാണ് അമീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതിക്രമിച്ചു കയറി, മാനഭംഗം ചെയ്തു, കൊലപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഈ വധശിക്ഷയിൽ നിന്ന് എങ്ങനേയും രക്ഷപ്പെടാൻ വേണ്ടിയാണ് അസമിലേക്കുള്ള ജയിൽ മാറ്റ പദ്ധതിയും ചർച്ചയാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ