തിരുവനന്തപുരം: വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണ്. പതിനഞ്ച് വര്‍ഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പരിഹസിച്ചു. തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

പുത്തരിക്കണ്ടത്ത് ബിജെപി വാര്‍ഡ് തല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനത്തിന് മുകളില്‍ വോട്ട് സംസ്ഥാനത്ത് ബിജെപി നേടും. ബിജെപി ഇല്ലാതെ വികസിത കേരളം ഉണ്ടാകില്ല.

കേരളം എല്‍ഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നല്‍കി. അക്രമവും അഴിമതിയും പ്രീണനവുമാണ് തിരികെ നല്‍കിയത്. കേരളത്തില്‍ തഴച്ചുവളര്‍ന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സര്‍ക്കാരാണ്. പിഎഫ്‌ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരെടുത്തത്. മാറ്റം വേണമെങ്കില്‍ ബിജെപിയെ വിജയിപ്പിക്കണം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം.

സംസ്ഥാന ഭരിച്ച എല്‍ഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തില്‍ വ്യത്യസ്തരല്ലെന്ന് പറഞ്ഞ അമിത് ഷാ, മോദി സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ലെന്ന് പറഞ്ഞു. സ്വര്‍ണക്കടത്ത് ആരോപണം ആവര്‍ത്തിച്ച അദ്ദേഹം പിണറായി വിജയന്‍ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അഴിമതി നടത്തിയെന്ന് ആരോപിച്ചു. അടുത്ത വര്‍ഷത്തോടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി വികസനത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം 3700 കോടിയുടെ റെയില്‍ വികസനം കേരളത്തില്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

ബിജെപിക്ക് പുതിയ ആസ്ഥാനം

ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതല്‍ സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനം മാരാര്‍ജി ഭവന്‍ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം കേന്ദ്രമാക്കിയായിരിക്കും. രണ്ട് ഭൂഗര്‍ഭ നിലകളടക്കം ഏഴ് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണി കഴിപ്പിച്ചതാണ് ബിജെപിയുടെ സംസ്ഥാനത്തെ പുതിയ ഓഫീസ് കെട്ടിടം.

ഓഫീസിലെത്തി പതാക ഉയര്‍ത്തിയ അമിത് ഷാ, ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കല പ്രതിമയും കേന്ദ്ര ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം പുതിയ ഓഫീസ് കെട്ടിടത്തില്‍ സംസ്ഥാനത്തെ ബിജെപി - ആര്‍എസ്എസ് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓഗസ്റ്റില്‍ വീണ്ടും സംസ്ഥാനത്തേക്ക് വരുമെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. അടുത്ത വരവില്‍ നാല് മേഖല യോഗങ്ങള്‍ വിളിക്കാനും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.

കേരളത്തിലെ പുതിയ നേതൃത്വം മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംഘടനയ്ക്ക് പുതിയ ഊര്‍ജം നല്‍കും. പുതിയ ദേശീയ അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും, ഒരു പേരും അന്തിമമായിട്ടില്ല. ആര്‍എസ്എസുമായി തര്‍ക്കമുണ്ടെന്നത് മാധ്യമങ്ങളുടെ സങ്കല്‍പകഥകള്‍ മാത്രമാണ്. മണിപ്പൂരില്‍ നിലവില്‍ അക്രമസംഭവങ്ങളില്ല, രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വിശ്വാസ്യത വലിയ തോതില്‍ തകര്‍ന്നിട്ടുണ്ട്.

ആര്‍എസ്എസും വിവിധ സന്നദ്ധ സംഘടനകളും വലിയ തോതില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജാതി സെന്‍സസ് നടത്തുന്നത് ജനങ്ങളുടെ വികാരം മാനിച്ച്, പ്രതിപക്ഷ സമ്മര്‍ദ്ദം കൊണ്ടല്ല. തമിഴ്‌നാട്ടില്‍ നടക്കുന്ന കൊടിയ അഴിമതിയില്‍ ജനം പൊറുതി മുട്ടി. ബിജെപി - എഐഡിഎംകെ സഖ്യം വലിയ വിജയം നേടും. വിജയ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. വിവിധ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും ലേഖനത്തില്‍ അമിത് ഷാ പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും. നാലുമണിയോടെ കണ്ണൂരിലേക്ക് തിരിക്കുന്ന ആഭ്യന്തരമന്ത്രി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഡെല്‍ഹിക്ക് മടങ്ങും. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അമിത് ഷാ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന വാര്‍ഡുതല നേതൃസംഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് റവന്യൂ ജില്ലകളിലെ എട്ട് പാര്‍ട്ടി സംഘടനാ ജില്ലകളിലെ വാര്‍ഡ് സമിതി അംഗങ്ങളായ 36,000 നേതാക്കളാണ് നേതൃസംഗമത്തില്‍ എത്തിയത്.

മറ്റ് പത്ത് റവന്യൂ ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതല്‍ ജില്ലാ തലം വരെയുള്ള നേതാക്കളും അതാതു പഞ്ചായത്ത് ഏരിയാ തലങ്ങളില്‍ വെര്‍ച്വലായി തിരുവനന്തപുരം സമ്മേളനത്തിന്റെ ഭാഗമായി. ഒന്നര ലക്ഷത്തോളം പേരാണ് ഇത്തരത്തില്‍ വെര്‍ച്വലായി തിരുവനന്തപുരം സമ്മേളനത്തില്‍ പങ്കെടുക്കുന്നത് എന്നാണ് വിവരം.

പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വാര്‍ഡ് തല നേതൃസംഗമത്തോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോരാട്ടം ബിജെപി ആരംഭിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിലടക്കം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം സംഭവിക്കുന്ന വീഴ്ചകള്‍ ബിജെപി ജനങ്ങളിലേക്ക് എത്തിക്കുമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.