- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആവശ്യമെങ്കിൽ മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത്ഷാ
ന്യൂഡൽഹി: മണിപ്പുരിലെ വംശീയ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ കുക്കി-മെയ്ത്തി വിഭാഗക്കാരുമായി ചർച്ചനടത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. തിങ്കളാഴ്ച വൈകീട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. മണിപ്പുർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ് യോഗത്തിൽ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിന് ശേഷം ആർഎസ്എസ് മേധാവി മോഹൻ ഭഗവത് വിമർശനം ഉന്നയിച്ചു രംഗത്തുവന്നതോടയാണ് കേന്ദ്രസർക്കാർ മണിപ്പൂർ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
മണിപ്പുരിലെ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നിതിനായ കേന്ദ്രം സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ഷാ പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സുരക്ഷാസേനയെ കൂടുതൽ കാര്യക്ഷമതയോടെയും തന്ത്രപരമായും വിന്യസിക്കണമെന്നും അമിതഷാ അഭിപ്രായപ്പെട്ടു.
അക്രമവുമായി മുന്നോട്ട് പോകുന്നതിനെരെ കർശന നടപടിയുണ്ടാകും. മണിപ്പുരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിഗതികളും യോഗം വിലയിരുത്തി. കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും ഷാ വ്യക്തമാക്കി.
വംശീയകലാപമുണ്ടായ മണിപ്പുരിൽ ഒരുവർഷത്തിനുശേഷവും സമാധാനം പുനഃസ്ഥാപിക്കാനാവാത്തതിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘർഷഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ മുൻഗണനയോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മണിപ്പൂർ സമാധാനത്തിനായി കാത്തിരുന്നിട്ട് ഒരു വർഷമായി. കഴിഞ്ഞ 10 വർഷമായി സംസ്ഥാനം സമാധാനപരമായിരുന്നു. എന്നാൽ പെട്ടെന്ന്, സംസ്ഥാനത്ത് തോക്ക് സംസ്‌കാരം വർദ്ധിച്ചു. ഇത് പ്രധാനമാണ്. മുൻഗണനാക്രമത്തിൽ സംഘർഷം പരിഹരിക്കണമെന്നുമായിരുന്നു ആർഎസ്എസ് മേധാവി ആവശ്യപ്പെട്ടത്.
മണിപ്പൂരിലെ ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള മെയ്‌തേയികളും കുന്നിൻ പ്രദേശമായ കുക്കികളും തമ്മിലുള്ള വംശീയ സംഘർഷം ഒട്ടേറെ ജീവനുകൾ അപഹരിച്ചിരുന്നു. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 200-ലധികം മരണങ്ങൾക്ക് കാരണമാവുകയും ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തു.
2023 മെയ് മാസം മൂന്നിനാണ് കുക്കി-മെയ്ത്തി വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും വംശീയകലാപത്തിലേക്ക് വഴിമാറിയതും. ഇപ്പോഴും സംസ്ഥാനത്തെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജിരിബാമിൽനിന്ന് പുതിയ അക്രമങ്ങൾ റിപ്പോർട്ടുചെയ്യുന്നുണ്ട്.
മെയ്ത്തി വിഭാഗത്തിലുള്ളവരെ പട്ടികവർഗത്തിൽപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച മണിപ്പുർ ഹൈക്കോടതി ഉത്തരവിനെത്തുടർന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ ഇതുവരെ 200-ലധികം പേർക്ക് ജീവൻ നഷ്ടമായി. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. പതിനായിരങ്ങളാണ് ഭവനരഹിതരായത്.