ന്യൂഡല്‍ഹി: ഒരു സൈനികന്റെയും ജീവത്യാഗം വെറുതെയാവില്ലെന്നും രാജ്യത്ത് 2026 മാര്‍ച്ചോടെ നക്‌സലിസം അവസാനിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡില്‍ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അമിത്ഷാ. ഛത്തീസ് ഗഡില്‍ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജവാന്മാര്‍ സഞ്ചരിച്ച വാഹനം കുഴിബോംബുകള്‍ ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു.

ബിജാപൂരില്‍ ഐഇഡി സ്‌ഫോടനത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്തയില്‍ അതീവ ദുഃഖിതനാണെന്നും ധീരരായ സൈനികരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു.

'ഛത്തീസ്ഗഢിലെ ബിജാപൂരില്‍ ഐഇഡി സ്‌ഫോടനത്തിലുണ്ടായ ഡിആര്‍ജി സൈനികരുടെ നഷ്ടം സംബന്ധിച്ച വാര്‍ത്തയില്‍ ഞാന്‍ വളരെ ദുഃഖിതനാണ്. ധീരരായ സൈനികരുടെ കുടുംബങ്ങളോട് ഞാന്‍ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ സങ്കടം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതല്ല, പക്ഷേ നമ്മുടെ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. 2026 മാര്‍ച്ചോടെ നക്സലിസം ഇന്ത്യയുടെ മണ്ണില്‍ നിന്ന് വേരോടെ പിഴുതെറിയപ്പെടും ,'' എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തന്റെ സന്ദേശത്തില്‍ വ്യക്തമാക്കിയത്.

ജനുവരി മൂന്ന് മുതല്‍ ബീജാപൂര്‍-നാരായണപൂര്‍ മേഖലകളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന പരിശോധന സംസ്ഥാന പൊലീസിന്റെ ഭാഗമായ ജില്ലാ റിസര്‍വ് ഗാര്‍ഡ് തുടങ്ങിയിരുന്നു. ഇന്നത്തെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം തിരികെ ക്യാമ്പിലേക്ക് വരികയായിരുന്ന ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. രണ്ട് വാഹനങ്ങളിലായി സഞ്ചരിക്കുന്നതിനിടെയാണ് കുഴിബോംബ് സ്‌ഫോടനം നടന്നത്.

ബീജാപൂരിലെ അംബേലി ഗ്രാമത്തിലെ വനമേഖലയിലെ റോഡിലാണ് മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്ഥാപിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച ഈ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയിലെ നാല് മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇന്നത്തെ ആക്രമണമത്തെ സുരക്ഷ സേന വിലയിരുത്തുന്നത്.

വാഹനം ഇതിന് മുകളില്‍ കയറിയതോടെ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ഒരു വാഹനം പൂര്‍ണ്ണമായി തകര്‍ന്നു. ജവാന്മാരുടെ ശരീരം ചിതറി പോയി. ഇരുപത് ജവാന്മാരാണ് സ്‌ഫോടനത്തില്‍ അകപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. വോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു. 2026 ഓടെ മാവോയിസത്തെ പൂര്‍ണ്ണമായും തുടച്ചു നീക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. അത് നടപ്പിലാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വിഷ്ണു ദേവ് സായി പറഞ്ഞു.