- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കസവ് മുണ്ടും ഷര്‍ട്ടും പൊന്നാടയും ധരിച്ച ചിത്രത്തിനൊപ്പം മലയാളത്തില്‍ അമിതാഭ് ബച്ചന്റെ ഓണാശംസ; 'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വര്‍ഷം വാ'; ഇനി 346 ദിവസം ഉണ്ട് ബച്ചേട്ടായെന്നും കമന്റുകള്‍; ട്രോളുകളുമായി മലയാളികള്‍; പിറകെ വിശദീകരണവും ഖേദപ്രകടനവുമായി ബിഗ്ബി
ഒരാഴ്ചകള്‍ക്ക് ശേഷം അമിതാഭ് ബച്ചന്റെ ഓണാശംസ
മുംബൈ: ഓണം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍ ഓണാശംസകള്‍ നേര്‍ന്ന ബോളിവുഡിലെ ബിഗ്ബി അമിതാഭ് ബച്ചനെതിരെ ട്രോളുകളുമായി ഒരുവിഭാഗം. കേരളീയ വേഷമണിഞ്ഞ് നെറ്റിയില്‍ ചന്ദനക്കുറി തൊട്ടുനില്‍ക്കുന്ന ബച്ചന്റെ ചിത്രത്തോടൊപ്പമാണ് ഫേസ്ബുക്കില്‍ ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇതിന് രസകരമായ കമന്റുകളാണ് മലയാളികള്‍ നല്‍കുന്നത്. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിനായിരുന്നു തിരുവോണം. കസവ് മുണ്ടും ഷര്‍ട്ടും പൊന്നാടയും ധരിച്ച ചിത്രത്തിനൊപ്പം മലയാളത്തിലാണ് താരം ആശംസ പങ്കുവെച്ചത്. വൈകിയ ആശംസയ്ക്ക് ട്രോളുമായി മലയാളികള്‍ എത്തിയതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് താരം വിശദീകരണം നല്‍കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തു.
താരത്തിന് തിരിച്ചും ഓണാശംസകള്‍ അറിയിച്ച ശേഷമാണ് പലരും തെറ്റ് ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ വര്‍ഷം ഓണം സെപ്റ്റംബര്‍ 14-ന് ആയിരുന്നെന്നും എന്നാല്‍ എല്ലാ തവണയും ഒരേ തീയതിയില്‍ ആവില്ലെന്നും പലരും താരത്തെ ഓര്‍മിപ്പിച്ചു. സാമൂഹിക മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ ഇക്കാര്യം അറിയിക്കണമെന്നും പലരും ആവശ്യപ്പെട്ടു. 'ഓണം ഒക്കെ കഴിഞ്ഞു, പോയി അടുത്ത വര്‍ഷം വാ', എന്നും ചിലര്‍ ട്രോളുന്നുണ്ട്.
'ഇത്ര പെട്ടെന്ന് തന്നെ വേണോ, ഇനിയും ഒരുവര്‍ഷം കൂടിയുണ്ട് ഓണത്തിന്', എന്ന് ചിലര്‍ പരിഹാസരൂപേണ ഓര്‍മപ്പെടുത്തി. അതേസമയം, നമ്മള്‍ മലയാളികള്‍ക്ക് എപ്പോഴും ഓണമാണെന്നും നെഗറ്റീവ് കമന്റുകളെ അവഗണിക്കൂ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പോസ്റ്റ് തെറ്റിദ്ധരിച്ച് ഓണാശംസ നേര്‍ന്ന് ചില മറുനാട്ടിലുള്ളവരും കമന്റ് ബോക്സിലുണ്ട്.
'താങ്കള്‍ക്കും ഓണാശംസകള്‍ പക്ഷെ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാര്‍', 'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വര്‍ഷം വാ', 'പാതാളത്തില്‍ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ', 'ഫ്രാന്‍സിലെ പാരിസില്‍ ഓണം ഈവരുന്ന ശനിയാഴ്ച! നമുക്കൊന്നും ഓണം കഴിഞ്ഞിട്ടില്ല അമിതബ് ബച്ചേട്ടാ ഹാപ്പി ഓണം', 'അടുത്ത വര്‍ഷത്തേക്കുള്ള ആശംസകളാണ് ഇപ്പോഴെ പറഞ്ഞത്', '2024....സെപ്തംബര്‍ 14...ഓണം, അപ്പൊ 2025 സെപ്തംബര്‍ 14 ഓണം എന്ന് വിചാരിച്ചിട്ടുണ്ടാവും അങ്ങനെ ഇട്ടതാവാനെ വഴിയുള്ളു', 'ഇത്ര നേരത്തെ ഇടണ്ടായിരുന്നു, ഓണം ആകാന്‍ ഇനിം 346 ദിവസം ഉണ്ട് ബച്ചന്‍ ജി', 'അഡ്വാന്‍സ് 28 ആം ഓണാശംസകള്‍ ഭായ്'- തുടങ്ങിയ കമന്റുകളാണ് പോസ്റ്റില്‍ നിറയുന്നത്.
'ഡ്രസ്സ് ഓര്‍ഡര്‍ കിട്ടാന്‍ ലേറ്റ് ആയി പോയി...', 'പോയിട്ട് ദീപാവലിക്ക് വാ...', 'പാതാളത്തില്‍ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ', 'ബച്ചേട്ടാ...ഓണം കഴിഞ്ഞു...അടുത്ത തവണ നേരത്തിനു തന്നെ വിഷ് ചെയ്യാന്‍ മറക്കല്ലേ...',- എന്നൊക്കെയായിരുന്നു അമിതാഭ് ബച്ചന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍
പിന്നീട് താരം തന്നെ പോസ്റ്റ് എഡിറ്റ് ചെയ്താണ് ഖേദപ്രകടനം നടത്തിയതും വിശദീകരണം നല്‍കിയതും. ഓണം കഴിഞ്ഞുപോയിരിക്കാം, തന്റെ സോഷ്യല്‍ മീഡിയ ഏജന്റിന് തെറ്റുപറ്റിയിരിക്കാം എന്ന കമന്റുകള്‍ കാണുന്നുണ്ടെന്ന് അമിതാഭ് ബച്ചന്‍ കുറിച്ചു. എന്നാല്‍, ആഘോഷവേളകള്‍ എപ്പോഴും ആഘോഷം തന്നെയാണെന്നും അതിന്റെ പ്രാധാന്യവും ചൈതന്യവും ഒരിക്കലും നഷ്ടപ്പെടില്ലെന്നുമാണ് താരത്തിന്റെ വിശദീകരണം. പിന്നാലെ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.
'ഓണം കഴിഞ്ഞുപോയി, എന്റെ സോഷ്യല്‍ മീഡിയ ഏജന്റിന് തെറ്റുപറ്റി എന്നൊക്കെ നിങ്ങള്‍ കമന്റ് ചെയ്തിരിക്കാം. പക്ഷേ, ആഘോഷം എപ്പോഴും ആഘോഷം തന്നെയാണ്. അതിന്റെ ചൈതന്യത്തിനും പവിത്രതയ്ക്കും ഒരിക്കലും കാലപ്പഴക്കം സംഭവിക്കില്ല. പിന്നെ, ഞാന്‍ തന്നെയാണ് എന്റെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. എനിക്ക് അതിന് പ്രത്യേകം ഏജന്റ് ഇല്ല. ഞാന്‍ ക്ഷമ ചോദിക്കുന്നു'- എന്നായിരുന്നു വിശദീകരണം.