- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ തടി മുഴുവൻ വെള്ളമാണെന്നും സർക്കാരിനെ താഴെയിടാനുള്ള്ള ശേഷിയൊന്നുമില്ലെന്നും പറഞ്ഞത് സാക്ഷാൽ പിണറായി; ആ മുഖ്യമന്ത്രിക്കൊപ്പം വള്ളംകളി കാണാൻ അമിത് ഷാ എത്താൻ ഇടയില്ല; തിരുവനന്തപുരത്ത് മാത്രമായി ഓണഘോഷത്തിനിടെയുള്ള വരവ് ഒതുങ്ങും; ലാവ്‌ലിൻ-സ്വർണ്ണ കടത്ത് കേസുകളിൽ പ്രതികരണം നിർണ്ണായകമാകും
തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്നിന് ബിജെപി പട്ടികജാതി സംഗമത്തിലും പങ്കെടുക്കും. ബിജെപി കോർ കമ്മിറ്റി യോഗവും അന്നു ചേരുന്നുണ്ട്. അതിനപ്പുറത്തേക്കള്ള പരിപാടിയൊന്നും അമിത് ഷാ പങ്കെടുക്കാനിടയില്ല. നിലവിലെ പദ്ധതികളിൽ കോവളത്തെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ ഒഴികെ ഒന്നിലും അമിത് ഷാ പങ്കെടുക്കില്ല. നെഹ്‌റു ട്രോഫി വള്ളംകളി വേദിയിലേക്ക് അമിത് ഷാ പോകാൻ ഒരു സാധ്യതയുമില്ല. സർക്കാരിന്റെ ഓണാഘോഷത്തിലും പങ്കെടുക്കാൻ ഇടയില്ല. എന്നാൽ ഏതെങ്കിലും ഒരു പരിപാടിയിൽ പങ്കെടുക്കാൻ സർക്കാർ അമിത് ഷായ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ്.
നേരത്തെ 2 തവണ തിരുവനന്തപുരത്ത് അമിത് ഷാ എത്തുമെന്നറിയിച്ചെങ്കിലും പിന്നീടു പരിപാടി മാറ്റി വച്ചിരുന്നു. പട്ടികജാതി സംഗമം മുൻപു നിശ്ചയിച്ചതു പോലെ ഇപ്പോൾ നടത്തണമെന്ന് അമിത് ഷാ തന്നെ നിർദ്ദേശിച്ചതിനെ തുടർന്നാണ് മൂന്നിന് യോഗം ചേരുന്നത്. 2ന് വൈകിട്ട് വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷായ്ക്ക് ബിജെപി പ്രവർത്തകർ വലിയ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് സർക്കാരിന്റെ ക്ഷണം അമിത് ഷാ സ്വീകരിക്കുമോ എന്ന ചർച്ച. മുഖ്യമന്ത്രി നേരിട്ടാണ് വിളിച്ചത്. ഇത് ഏറെ വിവാദവും ചർച്ചയുമായി. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാനാണ് അമിത് ഷായെ സ്വാധീനിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ഈ വിഷയങ്ങളിൽ ബിജെപി യോഗത്തിൽ അമിത് ഷാ മനസ്സു തുറക്കാനും സാധ്യതയുണ്ട്.
കേരളം പ്രത്യേക റിപ്പബ്ലിക് അല്ലെന്നും ഇന്ത്യയുടെ ഭാഗമാകണമെന്നും അതുകൊണ്ട് അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്നുമൊക്കെ ഡിവൈഎഫ്‌ഐ പോലും പതിവില്ലാതെ ന്യായികരിക്കുകയും ചെയ്തു. എന്നിരുന്നാലും സംശയങ്ങൾ ഇപ്പോഴും അവിടെ തന്നെ കിടപ്പുണ്ട്. സംശയങ്ങളുടെ പട്ടികയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിരത്തിയത് അടുത്തിടെ സുപ്രീം കോടതിയിൽ വരാൻ പോകുന്ന ലാവ്ലിൻ കേസ് മുതൽ സ്വർണക്കടത്ത് കേസിന്റെ അന്വേഷണം വരെയുണ്ട്. അരിയാഹാരം കഴിക്കുന്നവരൊക്കെ അങ്ങനെ സംശയിക്കുന്നുവെന്നു വേണം കരുതാൻ.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിനെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷാ ഒരു യോഗത്തിൽ പങ്കെടുത്ത് സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി ഉത്തരം പറയണമെന്നാവശ്യപ്പെട്ട് ചില ചോദ്യങ്ങൾ ചോദിച്ചു. വേണ്ടിവന്നാൽ സർക്കാരിനെ വലിച്ചുതാഴെയിടും എന്നും അമിത്ഷാ പറഞ്ഞപ്പോൾ ആ തടി മുഴുവൻ വെള്ളമാണെന്നും സർക്കാരിനെ താഴെയിടാനുള്ള്ള ശേഷിയൊന്നുമില്ലെന്നും കൃത്യമായി കൗണ്ടർ അടിച്ച പിണറായി വിജയൻ ദേശീയ തലത്തിൽ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ അമിത് ഷായെ വള്ളംകളി കാണാൻ ക്ഷണിച്ച പിണറായിയുടെ തീരുമാനം ഏവരേയും ഞെട്ടിച്ചു.
എന്നാൽ പരിപാടിയിൽ പങ്കെടുക്കരുതെന്ന ആവശ്യം ചില കേന്ദ്രങ്ങൾ അമിത് ഷായ്ക്ക് മുമ്പിൽ വച്ചിട്ടുണ്ട്. തെറ്റിധാരണകളും ചർച്ചകളും സജീവമാക്കുന്നതൊന്നും ചെയ്യരുതെന്നാണ് ആവശ്യം. കേരളമെന്ന ബദൽ എന്ന നിർദ്ദേശവുമായി കേന്ദ്രത്തിനെതിരെ എന്തിനും ഏതിനും വാളെടുക്കുന്ന സംസ്ഥാന സർക്കാരിൽ നിന്നും സിപിഎമ്മിൽ നിന്നും അനുകൂലമായൊന്നും ഈ കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് ആവശ്യം. ഇത് അമിത് ഷാ അംഗീകരിക്കുമെന്നാണ് വിലയിരുത്തൽ.
അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടിയെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരുന്നു. അത് ഭരണപരമായ കാര്യം മാത്രമാണ്.കേരളം പ്രത്യേക റിപ്പബ്ലിക് അല്ലെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാരും രംഗത്ത് വന്നിരുന്നു. അമിത് ഷാ എത്തുന്നത് സതേൺ സോണൽ കൗൺസിൽ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗൺസിൽ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചതിൽ രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു.ഓളപ്പരപ്പിലെ ഒളംപിക്‌സിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. വള്ളങ്ങളെല്ലാം തീവ്രപരിശീലനത്തിലാണ്. ഇതിനിടെയാണ് മുഖ്യാതിഥിയെ ചൊല്ലി വിവാദം ഉയർന്നത്. കഴിഞ്ഞ 23നാണ് അമിത് ഷായെ ഉദ്ഘാടകനായി ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ