- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ നിയമങ്ങൾ പ്രാബല്യമായാൽ കേസ് രജിസ്റ്റർ ചെയ്ത തീയതിക്ക് പകരം വിചാരണ സമയത്ത് നിലവിലുള്ള നിയമമാകും ചുമത്തപ്പെടുക; അനുബന്ധ കുറ്റപത്രങ്ങൾക്കും പുതിയ നിയമം; പുതിയ ക്രിമിനൽ നിയമ ചട്ടങ്ങൾ ഉടൻ; നടപ്പാക്കുക ഒരു വർഷത്തിന് ശേഷം മാത്രം
ന്യൂഡൽഹി : പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യും. എങ്കിലും പുതിയ ക്രിമിനൽ നിയമങ്ങൾ ഉടൻ നടപ്പാകില്ല. പുതിയനിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ കേസ് രജിസ്റ്റർ ചെയ്ത തീയതിക്ക് പകരം കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് പ്രാബല്യത്തിലുള്ള നിയമമാകും ചുമത്തപ്പെടുക. അതായത് കുറ്റപത്രം സമർപ്പിക്കാത്ത കേസുകളിൽ എല്ലാം പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ആ ചട്ടങ്ങളാകും വരിക.
പുതിയ ചട്ടങ്ങൾ ജനുവരി 26-നുള്ളിൽ വിജ്ഞാപനംചെയ്യും. ഒരുവർഷംവരെ തയ്യാറെടുപ്പുകൾ കഴിഞ്ഞായിരിക്കും പ്രാബല്യത്തിൽ വരുത്തുക. ഉദ്യോഗസ്ഥർക്കുള്ള പരിശീലനപരിപാടികൾ രണ്ടുമാസത്തിനുള്ളിൽ ആരംഭിക്കും. രാജ്യത്തൊട്ടാകെ 3000 വിദഗ്ധപരിശീലകരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ട്രെയിനിങ്ങിന്റെ കീഴിലുള്ള കർമസമിതി മേൽനോട്ടം നൽകും. അടിമുടി മാറ്റമാകും വരിക എന്നതു കൊണ്ടാണ് ഒരു കൊല്ലം തയ്യാറെടുപ്പുകൾ നടത്തുക.
പഴയ ക്രിമിനൽ നിയമങ്ങൾക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ ഭാഗമായ അനുബന്ധ കുറ്റപത്രങ്ങളിലും രാജ്യത്ത് അപ്പോൾ നിലവിലുള്ള നിയമങ്ങൾ മാത്രമാകും ചുമത്താനാകുക. ഇതും പഴയ കേസുകളെ സ്വാധീനിക്കും. പ്രതിയെ അറസ്റ്റുചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം രജിസ്റ്റർ ചെയ്യണമെന്നും അന്വേഷണത്തിന്റെപേരിൽ കേസ് അനിശ്ചിതമായി നീട്ടാനാകില്ലെന്നും പുതിയ നിയമങ്ങൾ ശുപാർശചെയ്യുന്നു. പാർലമെന്റ് പാസാക്കിയ ഭാരതീയ ന്യായസംഹിത, ഭാരതീയ സാക്ഷ്യ അധീനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നീ ബില്ലുകളിൽ ഡിസംബർ 25-നാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചത്.
അതിനിടെ കേന്ദ്രം കൊണ്ടുവന്ന പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ സ്റ്റേ ചെയ്യണമെന്നും വിദഗ്ദ്ധസമിതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും എത്തി. റിട്ട. സുപ്രീംകോടതി ജഡ്ജി അദ്ധ്യക്ഷനായി സമിതി വേണമെന്ന് അഡ്വ. വിശാൽ തിവാരി ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രതിപക്ഷ എംപിമാർ സസ്‌പെൻഷനിൽ നിൽക്കെ ചർച്ച ചെയ്യാതെയാണ് ബില്ലുകൾ പാസാക്കിയത്. ബില്ലുകളിൽ ന്യൂനതകളുണ്ട്. ചർച്ചകൂടാതെ പാസാക്കുന്നതിൽ മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ 2021ൽ ഉയർത്തിയ ആശങ്കയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്രിമിനൽ നിയമ പരിഷ്‌ക്കരണത്തിനായി 3 ബില്ലുകൾ കഴിഞ്ഞ പാർലമെന്റ് ശൈത്യകാല സമ്മേളനത്തിലാണ് പാസാക്കിയത്. കൊളോണിയൽക്കാലത്തെ ക്രിമിനൽ നിയമങ്ങൾ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പരിഷ്‌കരണമെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. ബിൽ പാസാക്കിയ സമയം പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ ഉണ്ടായിരുന്നില്ല. സസ്പെൻഷന തുടർന്ന് ഇന്ത്യ സഖ്യകക്ഷികൾ പാർലമെന്റിന് പുറത്തായ സമയത്താണ് ബില്ലുകൾ പാസാക്കിയത്.
ഓഗസ്റ്റ് 11-നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദ്യ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്. തുടർന്നിത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. തുടർന്ന്, നവംബർ പത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും പിന്നാലെ ഡിസംബർ 11-ന് ബില്ലുകൾ പിൻവലിക്കുകയും ചെയ്തു. പിന്നീട് ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭ പാസാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ