- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേതനത്തില്‍ വിട്ടു വീഴ്ചയ്ക്ക് താര സംഘടന; എല്ലാം ശരിയല്ലേ അണ്ണാ എന്ന് ചോദ്യം കേട്ട് കുളിരിട്ട ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മതാക്കള്‍ക്ക് ഇടയില്‍ ഒറ്റപ്പെട്ടത് 'അമ്മ'യും തിരിച്ചറിഞ്ഞു; ആകെ സുരേഷ് കുമാറിനോട് ഉയര്‍ത്തുക താരങ്ങളും നിര്‍മ്മിക്കുമെന്ന വാദം മാത്രം; നടന്മാരെ വെട്ടിലാക്കിയത് ഹൈക്കോടതിയുടെ മുന്നിലുള്ള ഹേമാ കമ്മറ്റിയിലെ ആ രഹസ്യ റിപ്പോര്‍ട്ട്; മോളിവുഡില്‍ താരാധിപത്യം തകര്‍ന്നടിയും
കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളാനെന്ന തരത്തില്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ യോഗം ചേര്‍ന്നതിന് പിന്നില്‍ 'ഹേമാ കമ്മറ്റി ഭയം'. ഹേമാ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിന് മുന്നിലുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതിയ്ക്ക് മുമ്പില്‍ പ്രത്യേക അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടുമുണ്ട്. മലയാള സിനിമയിലെ അതിശക്തര്‍ക്കെതിരെ എഫ് ഐ ആര്‍ ഇട്ടതിന്റെ വിവരങ്ങളാണ് ഇതിലുള്ളത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അതീവ രഹസ്യമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ പ്രതികളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ കോടതി ആവശ്യപ്പെട്ടാല്‍ അത് മലയാള സിനിമയില്‍ ഞെട്ടലാകും. ഈ സാഹചര്യത്തില്‍ എടുക്കേണ്ട നിലപാടുകളും മലയാള സിനിമയിലെ പ്രധാന നടന്മാര്‍ കൊച്ചിയില്‍ ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.
നിര്‍മാതാക്കളുടെ സമരതീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അമ്മ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയത്തില്‍ താര സംഘടനയ്ക്ക് പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. നിര്‍മ്മതാക്കളുടെ സംഘടന പൊളിയ്ക്കാനുള്ള നീക്കവും നടന്നില്ല. നിര്‍മ്മതാക്കളുടെ സംഘടന ഒറ്റക്കെട്ടായി മുമ്പോട്ട് പോവുകയാണ്. സിനിമാ വ്യവസായത്തിന്റെ നഷ്ടം നടന്മാര്‍ കൂടി ഏറ്റെടുക്കണമെന്നത് മാത്രമാണ് അവരുടെ ആവശ്യം. 25 കോടി പ്രതിഫലം വാങ്ങുന്ന നടന്മാര്‍ മലയാളത്തിലുണ്ട്. ഇത് മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കുമെന്നത് തിയേറ്റര്‍ ഉടമകളും നിര്‍മ്മതാക്കളില്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കുന്നു. സാങ്കേതിക വിദഗ്ദര്‍ക്കും ഇതേ നിലപാടാണ്. ഇതോടെ താര സംഘടന വിഷയത്തില്‍ ഒറ്റപ്പെട്ടു. നിര്‍മ്മതാക്കളുടെ യോഗത്തിന് താര സംഘടനയുടെ പിന്തുണയില്‍ നിര്‍മ്മാതാക്കളെ വിമര്‍ശിക്കാന്‍ എത്തിയ ആന്റണി പെരുമ്പാവൂര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. പ്രതിഫലം തവണകളായി നല്‍കുന്നത് സംബന്ധിച്ച് ചില നിബന്ധനകള്‍ നിര്‍മാതാക്കളുടെ സംഘടന മുന്നോട്ട് വെച്ചിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കും നിലപാട് മയപ്പെടുത്തുന്നതിനും താരങ്ങള്‍ തയ്യാറാകും. അല്ലാത്ത പക്ഷം ഹേമാ കമ്മറ്റിയില്‍ കുടുങ്ങുന്നവരെ മറ്റാരും പിന്തുണയ്ക്കില്ല.
നിര്‍മാതാക്കളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. 'അമ്മ' യോഗത്തിലെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ആന്റണി പെരുമ്പാവൂര്‍ എത്തില്ലായെന്നാണ് വിവരം. നിര്‍മാതാവ് സുരേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഒരു മേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ചര്‍ച്ച ചെയ്താല്‍ തീരാവുന്നതേയുള്ളൂ ഇപ്പോഴത്തെ പ്രശ്നമെന്നാണ് കഴിഞ്ഞ ദിവസം ലിസ്റ്റിന്‍ സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ കൂടിയാണ് താര സംഘടനയുടെ യോഗം ചേര്‍ന്നത്. ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ്കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ 'അമ്മ' ഓഫീസില്‍ എത്തിയിരുന്നു. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്തതെന്നാണ് പറയുന്നത്. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്. എന്നിട്ടും കുറച്ചു പേര്‍ മാത്രമാണ് എത്തിയത്.
സിനിമാ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നിര്‍മാതാവ് സുരേഷ് കുമാര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ താരങ്ങള്‍ വിട്ടു വീഴ്ചയ്ക്ക് സമ്മതിച്ചാല്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനം പുനപരിശോധിക്കും. 100 കോടി ക്ലബും പാന്‍ ഇന്ത്യന്‍ ടാഗുമെല്ലാം വെറും 'വീരവാദം' ആണെന്നും മലയാള ചലച്ചിത്ര വ്യവസായം ഗുരുതര പ്രതിസന്ധിയിലാണെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു വിജയം ഉണ്ടാകുമ്പോള്‍ പ്രതിഫലത്തുക വര്‍ധിപ്പിക്കുന്ന താരങ്ങള്‍ അടുത്ത പടം പൊട്ടിയാല്‍ പ്രതിഫലം കുറയ്ക്കുന്നില്ല. ലാഭവിഹിതത്തിന്റെ മാത്രമല്ല നഷ്ടത്തിന്റെയും പങ്കുപറ്റാന്‍ ആര്‍ടിസ്റ്റുകളും സംവിധായകനും തയാറാകണം. നിര്‍മാതാക്കള്‍ മാത്രം നഷ്ടം സഹിക്കുന്ന രീതി ഇനി അംഗീകരിക്കാന്‍ കഴിയില്ല. ചിലര്‍ ഡേറ്റ് തരുന്നത് എന്തോ ഔദാര്യം പോലെയാണ്. എത്രയോ നിര്‍മാതാക്കള്‍ രാപകല്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇന്‍ഡസ്ട്രിയാണ് ഇത്. അവരെ വെറും കാഷ്യര്‍ ആയി കാണുന്ന രീതി അവസാനിപ്പിക്കണം. നിര്‍മാതാക്കള്‍ കടം കൊണ്ടു പൊറുതിമുട്ടി കിടപ്പാടം പോലും വില്‍ക്കുമ്പോള്‍ ചിലര്‍ മണിമാളികകള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു.
അടുത്തിടെ ഇറങ്ങിയ ടൊവീനോയുടെ പടത്തിന്റെ ബജറ്റ് 30 കോടി എന്നു പറഞ്ഞിടത്ത് പടം തീര്‍ന്നപ്പോള്‍ 42 കോടി രൂപ ആയി. ആ നിര്‍മാതാവിന്റെ അവസ്ഥ ആലോചിച്ചു നോക്കൂ. ഒടിടിയുടെ മുഴുവന്‍ ബിസിനസും പോയി. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ പടം എടുക്കുന്നില്ല. ഒരു പടം സൂപ്പര്‍ ഹിറ്റ് ആയി ഓടിയാല്‍ അവര്‍ പടം എടുക്കും. ഒറ്റ കണ്ടീഷന്‍ മാത്രം അവര്‍ ഒരു വില പറയും, ആ വിലയില്‍ ഒതുങ്ങിയാല്‍ എടുക്കും, ഇല്ലെങ്കില്‍ അവര്‍ക്കു വേണ്ട. മഎല്ലാ ഭാഷയിലെയും ചിത്രങ്ങളും ഒടിടി ഇങ്ങനെയാണ് എടുക്കുന്നത്. ഹിന്ദിയില്‍ അക്ഷയ് കുമാറിന്റെ പടങ്ങള്‍ സ്ഥിരമായി പൊട്ടിത്തുടങ്ങിയപ്പോള്‍, നൂറുകോടി പ്രതിഫലം വാങ്ങിയിരുന്ന ആള്‍ ഇപ്പോള്‍ കുറച്ച് 40 കോടിയാക്കി. അതുപോലെ ഇവിടെയും ചെയ്യട്ടെ. കോടികള്‍ക്ക് ഒരു വിലയുമില്ലേ. ആര്‍ടിസ്റ്റുകള്‍ എന്നാണു പടം നിര്‍മിക്കാന്‍ തുടങ്ങിയത്. കോവിഡിനു മുന്‍പ് വരെ രണ്ടു നടന്മാരാണ് ഇവിടെ പടങ്ങള്‍ നിര്‍മിച്ചിരുന്നത്, മോഹന്‍ലാലും ദിലീപും. ബാക്കിയുള്ളവരെല്ലാം കോവിഡിനു ശേഷം ഒടിടി പ്രചാരത്തില്‍ വന്നതോടെയാണ് പ്രൊഡക്ഷന്‍ തുടങ്ങിയത്. എല്ലാം എനിക്കപ പോരട്ടെ എന്നൊരു വിചാരമാണ് ഇതിനു പിന്നില്‍. ഇപ്പോള്‍ ഒടിടിക്കു പടങ്ങള്‍ വേണ്ട. ആര്‍ടിസ്റ്റുകളില്‍ പലരും ഇപ്പോള്‍ നിര്‍മാതാവിനെ വിളിച്ചിട്ട് 50 ശതമാനം എന്നൊരു കണക്കും കൊണ്ടുവരുന്നുണ്ട്. നിര്‍മാതാവ് പണം മുടക്കണം, അവര്‍ പ്രൊഡക്ഷന്‍ നോക്കും. നിര്‍മാതാവിനു പിന്നെ എന്താണ് പണി? കാഷ്യര്‍ എന്ന് പറഞ്ഞാല്‍ പോരേ? പ്രൊഡ്യൂസര്‍ കാഷ്യര്‍ ആയി മാറുന്ന അവസ്ഥയാണ്-സുരേഷ് കുമാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.
140 ദിവസം ഒക്കെയാണ് ഇപ്പോള്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അതിന്റെ ചെലവ് ആലോചിച്ചു നോക്കൂ. ഒരു പടത്തിന്റെ ക്രൂ 150 മുതല്‍ 200 പേര്‍ വരെയാണ്. ബാറ്റ കൊടുത്തു തന്നെ മുടിയുന്നു. അതുകൂടാതെ ആര്‍ടിസ്റ്റുകള്‍ കാരവനുമായാകും ലൊക്കേഷനിലെത്തുക. അതിന്റെ വാടകയും അവര്‍ വാങ്ങും. ഒരു ആര്‍ടിസ്റ്റിന്റെ കൂടെ മേക്കപ്പ്മാന്‍, കോസ്റ്റ്യൂമര്‍, ജിം ട്രെയിനര്‍ തുടങ്ങി ഏഴെട്ടുപേര്‍ വരും. അവര്‍ക്കെല്ലാം പ്രൊഡ്യൂസര്‍ ചെലവിനു കൊടുക്കണം. ഒരു പടം ചെയ്യാന്‍ ഒരു പ്രൊഡ്യൂസര്‍ വന്നാല്‍ അവനെ കുത്തുപാള എടുപ്പിച്ചിട്ടേ വിടൂ. പടം തുടങ്ങുന്നതുവരെ പ്രൊഡ്യൂസര്‍ വേണം. പടം തുടങ്ങിക്കഴിഞ്ഞാല്‍ ഇവരുടെ സ്വഭാവം മാറുമെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. പ്രൊഡ്യൂസര്‍ ഇല്ലെങ്കില്‍ നടന്മാരും സംവിധായകരും ഉണ്ടാകുമോ എന്ന ചോദ്യമാണ് സുരേഷ് കുമാര്‍ ഉയര്‍ത്തുന്നുണ്ട്.