- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ലവനായ ദേവന് പണികിട്ടിയത് ദിലീപിനെ താങ്ങിയപ്പോള്‍; രാഷ്ട്രീയക്കാരുടെ മാതൃകയില്‍ കൈനീട്ടം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും തിരിച്ചടിയായി; ശ്വേത മേനോന് തുണയായത് കള്ളക്കേസില്‍ കുടുക്കി ജയിലടക്കാന്‍ നടത്തിയ വൃത്തികെട്ട നീക്കം; അമ്മക്ക് വേണ്ടി നിരന്തരം പദ്ധതികളൊരുക്കിയ അടിത്തറയില്‍ ഉണ്ണി ശിവപാല്‍ ട്രെഷറര്‍ കസേരയിലെത്തി
നല്ലവനായ ദേവന് പണികിട്ടിയത് ദിലീപിനെ താങ്ങിയപ്പോള്‍
കൊച്ചി: വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കും സംഘടനയിലെ പൊട്ടിത്തെറികള്‍ക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹന്‍ലാലിന്റെ രാജിക്കും ശേഷം നടന്ന തിരഞ്ഞെടുപ്പിനൊടുവില്‍ അമ്മയുടെ സുപ്രധാന സ്ഥാനങ്ങളിലേക്ക് എത്തിയത് വനിതകളാണ്. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ശക്തനായ എതിരാളിയായ നടന്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് വാഗ്ദാനവും അമ്മയിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുള്ള നടന്‍ ദിലീപിനെ പിന്തുണച്ചുള്ള ദേവന്റെ നിലപാടുകളുമാണ് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്.
ദേവന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇറങ്ങിയത് വലിയ പ്രതീക്ഷയോടെയായിരുന്നു. വനിത സ്ഥാനാര്‍ത്ഥികള്‍ താക്കോല്‍ സ്ഥാനത്ത് വരുന്നതില്‍ എതിര്‍പ്പുളള അംഗങ്ങളുടെ വോട്ട് തനിക്ക് ലഭിക്കുമെന്നാണ് ദേവന്‍ പ്രതീക്ഷിച്ചിരുന്നത്. ശ്വേത മേനോനോട വിയോജിപ്പുള്ളവരുടെ വോട്ടും ദേവന്‍ പ്രതീക്ഷിച്ചിരുന്നു. സൗമ്യമായ പെരുമാറ്റവും അംഗങ്ങള്‍ക്ക് ഇടയിലുള്ള സ്വാധീനവും വോട്ടായി മാറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നാല് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയിലുള്ള ദേവന് തന്റെ സമകാലികരായ അംഗങ്ങളുടെ വോട്ടും പ്രതീക്ഷിച്ചിരുന്നു. പുതിയ തലമുറയില്‍പ്പെട്ടവരുടെ വോട്ടും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷവും ദിലീപിനെ അനുകൂലിക്കുന്ന നിലപാടാണ് ദേവന്‍ സ്വീകരിച്ചത്. ഇത് വനിതാ അംഗങ്ങള്‍ക്ക് ഇടയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കി. യുവാക്കളായ അംഗങ്ങള്‍ക്കും ഇതില്‍ എതിര്‍പ്പുണ്ടായിരുന്നു. അതുപോലെ അയ്യായിരം രൂപ കൈനീട്ടം നല്‍കുന്ന അമ്മയുടെ പദ്ധതി പതിനായിരം രൂപയായി ഉയര്‍ത്തുമെന്ന വാഗ്ദാനവും തിരിച്ചടിയായി. അതിനുള്ള വരുമാനം നിലവില്‍ അമ്മയ്ക്ക് ഇല്ലെന്ന ആക്ഷേപം അന്നുതന്നെ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു കോടിയിലേറെ രൂപ ഇതിനായി അമ്മ മാറ്റി വയ്‌ക്കേണ്ടി വരുന്നുണ്ട്. മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിക്കേണ്ട വിഷയമാണ്. ദേവന് വിഷയത്തില്‍ പ്രായോഗിക ബുദ്ധിയില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. അമ്മയ്ക്ക് ഇരുനൂറ് കോടിയുടെ ആസ്തിയുണ്ടെന്ന ദേവന്റെ തുറന്നു പറച്ചിലും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം പാളിയതാണ് ദേവന് തിരിച്ചടിയായതെന്നാണ് വിവരം.
അതേ സമയം ശ്വേതമേനോന് എതിരെ തെരഞ്ഞെടുപ്പിന് മുമ്പ് കടുത്ത ആക്ഷേപങ്ങള്‍ ഒരു വിഭാഗം ഉയര്‍ത്തിയിട്ടും വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല. ശ്വേത മേനോന്‍ എല്ലാ അംഗങ്ങളോടും ഊഷ്മളമായാണ് പെരുമാറുന്നതെന്നതാണ് ഏറ്റവും അനുകൂലമായത്. തെരഞ്ഞെുപ്പിന്റെ തൊട്ടുമുമ്പ് കള്ളക്കേസും അതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും ശ്വേത മേനോന് അനുകൂലമായി പൊതുവികാരം ഉയര്‍ന്നതായാണ് വിലയിരുത്തല്‍. ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ഉണ്ണി ശിവപാല്‍ ട്രഷറര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. നിലവില്‍ പുതിയ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും താരസംഘടനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഉണ്ണി ശിവപാല്‍ നടത്തിയിരുന്നു. അമ്മയുടെ ഒട്ടേറെ പ്രോജക്ടുകളില്‍ ഐടി മേഖലയില്‍ നിന്നുള്ള ഉണ്ണി ശിവപാല്‍ സജീവമായിരുന്നു. അമ്മയിലെ അംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയതും എതിരാളിയായ അനൂപ് ചന്ദ്രനേക്കാള്‍ അംഗീകാരം നേടാനായി. അത് വോട്ടെടുപ്പില്‍ പ്രതിഫലിച്ചതായാണ് വിലയിരുത്തല്‍.
രാജിവച്ച ഭരണസമിതിയിലെ ആരോപണവിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചതോടെയാണ് അമ്മയില്‍ ചേരിതിരിവ് രൂക്ഷമായത്. ബാബുരാജ് പത്രിക പിന്‍വലിച്ചെങ്കിലും കുക്കു പരമേശ്വരനെതിരെ മെമ്മറി കാര്‍ഡ് വിവാദവും സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരില്‍ നടി ശ്വേതാ മേനോനെതിരേ കേസും ഉയര്‍ന്നുവന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ശ്വേതയ്ക്ക് പിന്തുണയുമായി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ എത്തി. ബാബുരാജിനെ പിന്തുണയ്ക്കുന്ന എല്ലാവരും വോട്ട് ചെയ്തു.
പ്രസിഡന്റ് (ശ്വേത മേനോന്‍), വൈസ് പ്രസിഡന്റ് (ലക്ഷ്മിപ്രിയ), ജോയിന്റ് സെക്രട്ടറി (അന്‍സിബ), ജനറല്‍ സെക്രട്ടറി (കുക്കു പരമേശ്വരന്‍) എന്നിങ്ങനെ സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ വനിതകള്‍ എത്തിയതാണ് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്. പിന്തുണച്ച എല്ലാവര്‍ക്കും ശ്വേത മേനോന്‍ നന്ദി പറഞ്ഞു. 'ഒരു വര്‍ഷത്തില്‍ രണ്ടു ജനറല്‍ ബോഡി നടത്തുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള പരിപാടിയാണ്, ചെലവാണ്. എന്നിട്ടും 298 പേര്‍ വന്നു വോട്ട് ചെയ്തു. അതിന് എല്ലാവര്‍ക്കും നന്ദി. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതേ ഉള്ളൂ. അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ വരണമെന്ന് പറഞ്ഞു. ഇതാ അങ്ങനെ സംഭവിച്ചു. ഇനി മാധ്യമങ്ങളും സംഘടനയിലെ അംഗങ്ങളെ പോലെ എന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നു,' സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ശ്വേത പറഞ്ഞു
ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തലയ്ക്കും ലക്ഷ്മി പ്രിയയ്ക്കും എതിരെ നാസര്‍ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രന്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്ത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറല്‍ സീറ്റുകളും. കൈലാഷ്, സിജോയ് വര്‍ഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴറ്റൂര്‍, വിനു മോഹന്‍, നന്ദു പൊതുവാള്‍, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹന്‍, ആശ അരവിന്ദ്, അഞ്ജലി നായര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചിരുന്നത്.