ഫരീദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി എന്ന നേട്ടം കുറിച്ച ഫരീദാബാദിലെ അമൃത ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയത്.

പൂർണതോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള 2,600 കിടക്കകളും 81 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള ഈ ആശുപത്രി ലോകനിലവാരമുള്ള ചികിത്സയാവും പ്രദാനം ചെയ്യുക. അതോടെ വിദേശത്ത് ലഭിക്കുന്ന വിദഗ്ദ്ധ ചികിത്സ കുറഞ്ഞ നിരക്കിൽ നാട്ടുകാർക്ക് ലഭിക്കും.

സമ്പൂർണ ഓട്ടാമാറ്റഡ് ലാബോറട്ടറി ഉൾപ്പടെ അത്യാധുനിക സാങ്കേതിക വിദ്യയിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. ഡൽഹി-ഹരിയാന അതിർത്തിയിലെ ഫരീദാബാദ് സെക്ടർ 88-ൽ നിർമ്മിച്ച രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിൽ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മാതാ അമൃതാന്ദമയി തുടങ്ങിയവർ പങ്കെടുത്തു.



മെഡിക്കൽ സൗകര്യങ്ങൾക്കും രോഗികളുടെ ആവശ്യങ്ങൾക്കുമായി 14 നിലകളുള്ള ടവർ ഉൾപ്പടെ ആകെ ഒരുകോടി ചതുരശ്ര അടി വിസ്തീർണമാണ് പുതിയ ആശുപത്രിക്കുള്ളത്. സൂപ്പർ സ്പെഷ്യാലിറ്റി ഹൃദ്രോഗ ഇൻസ്റ്റിറ്റ്യൂട്ട്, അർബുദരോഗ നിർണയ-തെറാപ്പി ഇൻസ്റ്റിറ്റ്യൂട്ട്, അവയവമാറ്റിവെക്കൽ സെന്ററുകൾ, അപസ്മാര ചികിത്സയ്ക്കും ന്യൂറോ സയൻസിനുമായി പ്രത്യേക അത്യാധുനിക സെന്റർ, പ്രമേഹ ഇൻസ്റ്റിറ്റ്യൂട്ട്, കരൾ രോഗനിർണയ-ചികിത്സാ സെന്റർ, റോബോട്ടിക് സർജറി സെന്റർ, തീപ്പൊള്ളൽ വിഭാഗം, അസ്ഥി-സന്ധി രോഗ വിഭാഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള പ്രത്യേക ചികിത്സാ - അവയവമാറ്റിവെക്കൽ വിഭാഗം, നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് പ്രത്യേക അത്യാധുനിക യൂണിറ്റ് തുടങ്ങിയ വിഭാഗങ്ങളുണ്ടാകും.

ഓരോ വിഭാഗത്തിലും പ്രത്യേക ശിശുരോഗവിഭാഗവും പ്രവർത്തിക്കും. കൂടാതെ, 534 ക്രിട്ടിക്കൽ കെയർ കിടക്കകളോടുകൂടിയ അത്യാധുനിക യൂണിറ്റ്, 64 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക് ലബോറട്ടറി, ഒൻപത് കാത്ത് ലാബുകൾ, സ്മാർട്ട് ക്ലിനിക്കൽ ലാബ്, പത്ത് റേഡിയേഷൻ ഓങ്കോളജി ബങ്കറുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 500 കിടക്കകളാകും പ്രവർത്തനസജ്ജമാവുക. അമൃത വിശ്വവിദ്യാപീഠ സർവകലാശാലയുടെ എട്ടാം കാമ്പസും ആശുപത്രിയോട് ചേർന്നുണ്ടാകും.

എല്ലാരോഗങ്ങൾക്കും അതിനൂതനവും അത്യാധുനികവുമായ സൗകര്യങ്ങളുടെ സഹായത്തോടെ ഏറ്റവും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കും. ആശ്രയിക്കുന്ന എല്ലാവർക്കും അതിവേഗ രോഗമുക്തി എന്ന അമ്മയുടെ സങ്കൽപ്പത്തിന്റെ സാക്ഷാത്ക്കാരമാണ് രാജ്യതലസ്ഥാനത്തിന് സമീപം ഉയർന്ന ഈ പടുകൂറ്റൻ ആതുര ശുശ്രൂഷാ കേന്ദ്രം. ഓരോ വിഭാഗത്തിനും പ്രത്യേക ശിശുരോഗ യൂണിറ്റുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ശിശുരോഗ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കൂടിയാണിത്. 130 ഏക്കറിൽ ഒരു കോടി ചതുരശ്രയടി വിസ്തീർണത്തിലാണ് ഫരീദാബാദ് അമൃത ഹോസ്പിറ്റൽ. പതിനൊന്ന് ഏക്കർ വീതം വിസ്തീർണമുള്ള 14 ടവറുകളായാണ് ആശുപത്രി സമുച്ചയം.