- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ മുസ്ലീമോ, ഹിന്ദുവോ, ആരായിരുന്നാലും സഹോദരാ, എന്നെ സഹായിക്കണം'; എനിക്ക് അമ്മയെ കാണണം; സ്പോൺസർ പാസ്പോർട്ട് കൈവശപ്പെടുത്തി, കൊല്ലുമെന്നും ഭീഷണി; മരുഭൂമിയിൽ പൊട്ടിക്കരഞ്ഞ് പ്രവാസി; വീഡിയോ വൈറലായതോടെ യുവാവിനെ കണ്ടെത്താൻ ശ്രമം
റിയാദ്: സൗദി അറേബ്യയിൽ തൊഴിലുടമ തടവിലാക്കിയെന്നും പാസ്പോർട്ട് പിടിച്ചുവെച്ച് വധഭീഷണി മുഴക്കുന്നുവെന്നും ആരോപിച്ച് ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടുകയും യുവാവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വിദേശ തൊഴിലാളികളുടെ വിസയുടെ പൂർണ്ണ നിയന്ത്രണം തൊഴിലുടമയ്ക്ക് നൽകിയിരുന്ന, ദശാബ്ദങ്ങൾ പഴക്കമുള്ള 'കഫാല സമ്പ്രദായം' സൗദി അറേബ്യ അടുത്തിടെ നിർത്തലാക്കാൻ തീരുമാനിച്ചിരുന്നു. ആധുനിക അടിമത്തത്തിന് സമാനമായി വിമർശിക്കപ്പെട്ടിരുന്ന ഈ സമ്പ്രദായം നിർത്തലാക്കിയതിന് പിന്നാലെയാണ് ഈ സംഭവം പുറത്തുവരുന്നത്.
ദില്ലി ആസ്ഥാനമായുള്ള ഒരു അഭിഭാഷകൻ പങ്കുവെച്ച വീഡിയോയിൽ, ഭോജ്പുരി ഭാഷയിലാണ് യുവാവ് സംസാരിക്കുന്നത്. തന്‍റെ പാസ്പോർട്ട് സ്പോൺസർ (കഫീൽ) പിടിച്ചുവെച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യർത്ഥിക്കുന്നുവെന്നും യുവാവ് പറയുന്നു. വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.
"വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഉടൻ ശ്രദ്ധിക്കണം. പ്രയാഗ്‌രാജ്, ഹണ്ടിയ, പ്രതാപ്പൂർ സ്വദേശിയായ ഒരാൾ സൗദി അറേബ്യയിൽ കുടുങ്ങിയിരിക്കുന്നു" എന്ന് അഭിഭാഷകൻ ട്വിറ്ററിൽ കുറിച്ചു. വീഡിയോയിൽ യുവാവ് വളരെ പരിഭ്രാന്തനായും കരഞ്ഞുകൊണ്ടാണ് സംസാരിക്കുന്നത്. പശ്ചാത്തലത്തിൽ ഒരു ഒട്ടകത്തെയും കാണാം. "എൻ്റെ ഗ്രാമം അലഹബാദിലാണ്... ഞാൻ സൗദി അറേബ്യയിൽ എത്തി. കഫീലിൻ്റെ കൈവശമാണ് എൻ്റെ പാസ്പോർട്ട്. എനിക്ക് വീട്ടിൽ പോകണമെന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്," യുവാവ് വിതുമ്പലോടെ പറയുന്നു.
പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുന്നതിനായി ഈ വീഡിയോ പരമാവധി പങ്കുവെക്കണമെന്നും, തൻ്റെ അമ്മയെ കാണാൻ തിരികെ ഇന്ത്യയിലേക്ക് വരാൻ സഹായിക്കണമെന്നും യുവാവ് വികാരാധീനനായി അഭ്യർത്ഥിക്കുന്നു. "ഈ വീഡിയോ ഷെയർ ചെയ്യണം. നിങ്ങളുടെ പിന്തുണയോടെ ഇന്ത്യയിലേക്ക് തിരികെ വരാൻ കഴിയുന്നത്ര പങ്കുവെക്കണം. നിങ്ങൾ മുസ്ലീമോ, ഹിന്ദുവോ, ആരായിരുന്നാലും സഹോദരാ, നിങ്ങൾ എവിടെയായിരുന്നാലും ദയവായി സഹായിക്കൂ. എന്നെ സഹായിക്കണം, ഞാൻ മരിച്ചുപോകും. എനിക്ക് എൻ്റെ അമ്മയുടെ അടുത്തേക്ക് പോകണം... പ്രധാനമന്ത്രിയുടെ അടുത്ത് എത്താൻ കഴിയുന്നത്ര ഈ വീഡിയോ പങ്കിടുക," യുവാവ് അപേക്ഷിക്കുന്നു.
माननीय विदेश मंत्री @DrSJaishankar जी तत्काल संज्ञान मे ले, प्रयागराज हंडिया प्रतापपुर का रहने वाला फंसा सऊदी अरब मे...
— कल्पना श्रीवास्तव 🇮🇳 (@Lawyer_Kalpana) October 23, 2025
पार्ट 1 सभी भाई बहन इस वीडियो को शेयर करें ताकि इसकी सहायता हो पाए 🙏 pic.twitter.com/5op97otITq
ഈ വീഡിയോക്ക് വലിയ പ്രചാരം ലഭിച്ചതോടെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗദി അധികാരികളുമായി ബന്ധപ്പെട്ട് യുവാവിൻ്റെ വിവരങ്ങൾ ശേഖരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും എംബസി ശ്രമിച്ചുവരികയാണ്.




