ന്യൂഡൽഹി: ഒരുകാലത്ത് ഇന്ത്യയുടെ സൂപ്പർ സ്‌പൈ ആയിരുന്നു ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യയുടെ ലോക ബന്ധങ്ങളിൽ അടക്കം നിർണായക റോൾ ഡോവലിനുണ്ട് താനും. ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് അജിത് ഡോവലിനെ പുകഴ്‌ത്തി യു.എസ് അംബാസിഡർ എറിക് ഗാർസെറ്റിയും രംഗത്തുവന്നു. അജിത് ഡോവൽ ലോകത്തിന്റെ സമ്പത്താണെന്ന് എറിക് ഗാർസെറ്റി പ്രശംസിച്ചു. ഉത്തരാഖണ്ഡിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഉയർന്നു വന്ന അജിത് ഡോവലിന്റെ മികവിനെ പ്രശംസിച്ച ഗാർസെറ്റി, ഡോവൽ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ സമ്പത്താണെന്ന് അഭിപ്രായപ്പെട്ടു.

ഇന്ത്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാണെന്നും അത് കൂടുതൽ ഉപയോഗപ്പെടുത്തണമെന്നും ഗാർസെറ്റി വ്യക്തമാക്കി. ഇന്ത്യക്കാർ അമേരിക്കക്കാരേയും അമേരിക്കൻ ജനത ഇന്ത്യക്കാരേയും ഇഷ്ടപ്പെടുന്നെന്നും ആ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള കൂടുതൽ അവസരങ്ങൾ മുറുകെ പിടിക്കണമെന്നും ഗാർസെറ്റി പറഞ്ഞു.

ഡിജിറ്റൽ പണമിടപാടുകളുടെയും സാമ്പത്തിക സാങ്കേതികവിദ്യകളുടേയും സാധ്യത ഇന്ത്യ ഉപയോഗപ്പെടുത്തുന്നത് ലോകം ഉറ്റുനോക്കുകയാണെന്നും ഗാർസെറ്റി അഭിപ്രായപ്പെട്ടു. ചെറിയ ഗ്രാമങ്ങളിലെ ചായക്കടകൾ പോലും ഡിജിറ്റൽ പണമിടപാട് മാർഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ഗാർസെറ്റി പറഞ്ഞു. ഡൽഹിയിൽ നടന്ന യു.എസ്- ഇന്ത്യ ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്നോളജീസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ വിവിധ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവരിൽ ഒരാൾ നടത്തിയ രസകരമായ പരാർമശവും എറിക് ഗാർസെറ്റി സംസാരമധ്യേ പരാമർശിച്ചു: ''4ജി, 5ജി, 6ജി എന്നിങ്ങനെയുള്ള ചർച്ചകൾ നാം സ്ഥിരമായി കേൾക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയിൽ ഞങ്ങൾക്ക് അതിനേക്കാൾ കരുത്തുറ്റ ഒന്നുണ്ട് ഗുരുജി' ഗാർസെറ്റി പറഞ്ഞു.

അതിനിടെ, പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന തന്ത്രപധാനമായ ഇടപാടുകൾ സംബന്ധിച്ച അവസാനഘട്ട ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ എത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എഫ് 404 പോർവിമാന എൻജിൻ ഇടപാടിന്റെ സാങ്കേതികവിദ്യാ കൈമാറ്റം, സെമികണ്ടക്ടർ നിർമ്മാണം, ക്വാണ്ടം കംപ്യൂട്ടിങ്, സൈബർ സുരക്ഷ എന്നീ രംഗങ്ങളിൽ സഹകരണം എന്നിവ സംബന്ധിച്ച നയപരമായ കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയാകും.

കേരള കേഡറിൽ നിന്ന് ചാരവലയത്തിലേക്ക്

1945ൽ ഇപ്പോൾ ഉത്തരാഖണ്ഡിന്റെ ഭാഗമായ പൗരി ഗഡ്്വാളിലെ ഗിരി ബനേൽസ്യൂൻ ഗ്രാമത്തിലാണ് ഡോവലിന്റെ ജനനം. അജിത് കുമാർ ഡോവൽ എന്നാണ് മുഴുവൻ പേര്. ഗഡ്വാളി ബ്രാഹ്മണ കുടുംബമാണ് ഡോവലിന്റേത്. അച്ഛൻ ഇന്ത്യൻ ആർമിയിലായിരുന്നു. അജ്മീർ മിലിട്ടറി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പഠിക്കാനും കായിക രംഗത്തും ചെറുപ്പത്തിലേ ഇദ്ദേഹം മിടുമിടുക്കൻ ആയിരുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ ആഗ്ര യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്കോടെ ബിരുദാനന്തര ബിരുദമെടുത്തു. 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായി. ഡോവലിന്റെ കഴിവു ആദ്യം തിരിച്ചറിഞ്ഞത്, അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരനായിരുന്നു. 1971 ലെ തലശ്ശേരി കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അവിടത്തെ എ.എസ്‌പി. ആയി അയച്ചത് ഡോവലിനെ ആയിരുന്നു. അന്ന് അവിടെ അദ്ദേഹം നടത്തിയ പല കാര്യങ്ങളും കലാപം നിയന്ത്രിക്കുന്നതിലേക്ക് മുതൽക്കൂട്ടായി.

പിന്നെ അദ്ദേഹം കേന്ദ്ര കേഡറിലേക്ക് മാറി. റോയുടെയും ഐബിയുടെയും പ്രധാന ദൗത്യങ്ങൾക്കായി നിയോഗിക്കപ്പെട്ടു. അവിടെനിന്ന് അദ്ദേഹത്തിന്റെ കരിയറും ജീവിതവും മാറിമറിയുകായിരുന്നു. ഒന്നും രണ്ടും വർഷമല്ല 33 വർഷം രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം ചേർന്നു പ്രവർത്തിച്ചത്. ആറു വർഷം പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈകമ്മീഷണറായും ഡോവൽ പ്രവർത്തിച്ചു.

സിനിമാ സ്റ്റെൽ ജീവിതം

റാംബോ ജെയിസ് ബോണ്ട് സിനിമകളിൽ കാണുന്നപോലെ അതിസാഹസികമായിരുന്നു, അദ്ദേഹത്തിന്റെ ചാര ജീവിതം. ഏഴു വർഷം മുസ്ലീമിന്റെ വേഷത്തിൽ ഇന്ത്യൻ ചാരനായി പാക്കിസ്ഥാനിൽ കഴിഞ്ഞതാണ് അതിൽ എറ്റവും പ്രധാനം. ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജൻസ് മേധാവിയാണ് ഇദ്ദേഹം. ഈ ഏഴുവർഷംകൊണ്ട് ചില ആണവ പദ്ധതികൾ അടക്കം പാക്കിസ്ഥാന്റെ പല രഹസ്യങ്ങളും ഡോവൽ ചോർത്തിയെന്നാണ് പറയുന്നത്. ഇതിനിടെ പാക്കിസ്ഥാനിലെ മർമ്മപ്രധാനമായ എല്ലാ സ്ഥലങ്ങളും കൈവെള്ളയിൽ രേഖപോലെ ഹൃദിസ്ഥമാക്കാനും ഡോവലിനായി. ഇങ്ങനെ സിനിമാ സ്‌റ്റൈലിൽ നടത്തിയ ചാര പ്രവർത്തിയാണ് അദ്ദേഹത്തിനെ ഇന്ത്യയുടെ ജയിംസ്‌ബോണ്ട് എന്ന് വിശേഷിപ്പിക്കാൻ പ്രധാന കാരണം. ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രയേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് ഡോവലിന്റെ ബുദ്ധിയാണ്. ഇതിന്റെ ഗുണം നാം കാർഗിൽ യുദ്ധകാലത്ത് കണ്ടു. പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റം ആദ്യം നമ്മെ അറിയിച്ചത് ഇസ്രയേൽ ആണ്. ഈയിടെ ചൈനയുടെ ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ട് ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചിരുന്നു. അത് നാം തകർത്തതും ഇസ്രയേൽ ടെക്ക്‌നോളജി വച്ചാണ്.

1988ൽ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം ബോംബ് വച്ച് തകർത്തുകൊടും കലാപം അഴിച്ചുവിടാനുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെ നീക്കം നിഷ്പ്രഭമാക്കിയതും ഡോവലിന്റെ കുശാഗ്രബുദ്ധിയാണ്. തീവ്രവാദികൾക്കുള്ള ബോംബുമായി ക്ഷേത്രത്തിലേക്ക് വരികയായിരുന്ന പാക്കിസ്ഥാൻ ചാരനെ തന്ത്രപൂർവം കുരുക്കിയ ഡോവൽ പൊട്ടാത്ത കുറേ ബോംബുകളുമായി അതേ ചാരന്റെ വേഷത്തിൽ തീവ്രവാദികളുടെ സംഘത്തിൽ കയറിപ്പറ്റിയെന്നാണ് പറയുന്നത്. പിന്നീട് തീവ്രവാദികൾ ക്ഷേത്രം തകർക്കാൻ പലയിടത്തായി സ്ഥാപിച്ചതെല്ലാം ഡോവൽ കൈമാറിയ ആ പൊട്ടാത്ത ബോംബാണ്. പ്രതിരോധം നേരിട്ടാൽ ഈ ബോംബുകൾ പൊട്ടിച്ച് പൊലീസിനെ സമ്മർദ്ദത്തിലാക്കാം എന്ന കണക്കുകൂട്ടലിലാണ് അവ സ്ഥാപിക്കപ്പെട്ടത്. പക്ഷേ പഞ്ചാബ് പൊലീസുമായി 16 ദിവസം നീണ്ടു നിന്ന ആക്രമണത്തിനിടെ പലയിടങ്ങളിലായി സ്ഥാപിച്ച ബോംബുകളിൽ ഒരെണ്ണം പോലും പൊട്ടിയില്ല.

അങ്ങനെ സുവർണ ക്ഷേത്രത്തിന് കേടുപാടുകളൊന്നും വരുത്താതെ തന്നെ 41 തീവ്രവാദികളെ വധിക്കാനും 200 പേരെ ജീവനോടെ പിടിക്കാനും കഴിഞ്ഞു. ഈ വീരപ്രവർത്തിക്കുള്ള അംഗീകാരമായിട്ടാണ് 1988ൽ രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ കീർത്തിചക്ര പൊലീസ് ഓഫീസറായ ഡോവലിന് സമ്മാനിച്ചത്. അതുവരെ സൈനികർക്ക് മാത്രം നൽകിവന്നിരുന്ന പുരസ്‌കാരമാണ് കീർത്തിചക്ര. മിസോറാമിലെ ഒളിപ്പോരാളികള്ളെ ഒതുക്കാനും സോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി അവരിൽ ഒരാളായി നിന്നാണ് അജിത് ഡോവൽ അവരുടെ തന്നെ പല കമാൻഡർമാരെയും വകവരുത്തിയത്. കലാപത്തിനു നേതൃത്വം നൽകിയ ലാൽ ഡെംഗയുടെ ഏഴു കമാൻഡർമാരെയാണ് ഇത്തരത്തിൽ തീർത്തത്.

1999ലെ കാണ്ഡഹാർ കാണ്ഡഹാറിലെ ഓപ്പറേഷൻവിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശി ബന്ദികളെ മോചിതും ഡോവലാണ്. അദ്ദേഹത്തിന്റെ സാഹസിക നേട്ടങ്ങളിൽ മറ്റൊന്നു പഞ്ചാബ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ റൊമാനിയൻ നയതന്ത്ര പ്രതിനിധിയെ ഒരു പോറൽ പോലുമേൽപ്പിക്കാതെ രക്ഷപ്പെടുത്തിയ ഓപറേഷൻ ആണ്. 1995ൽ ഇന്റലിജൻസ് ബ്യൂറോ തലവനായി നിയമിതനായ അജിത് ഡോവൽ 10 വർഷത്തെ സേവനത്തിന് ശേഷം 2005ലാണ് വിരമിച്ചത്.

ആത്മീയതയിൽ നിന്ന് തിരിച്ചുകൊണ്ടു വന്നത് മോദി

ഐതിഹാസികമായ ഒരു കരിയറിനുശേഷം 2005ലാണ് അജിത്ത് ഡോവൽ വിരമിക്കുന്നത്. അതിനുശേഷം ആത്മീയ പ്രവർത്തനങ്ങളിലേക്ക് നീങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആത്മീയതയും സേവനും ലക്ഷ്യമാക്കി വിവേകാനന്ദ ഫൗണ്ടേഷൻ എന്ന സംഘടന സ്ഥാപിച്ച് പ്രവർത്തിച്ചു വരികയായിരുന്നു ഡോവൽ. പക്ഷേ ഡോവലിനെ നന്നായി അറിയാമായിരുന്ന നരേന്ദ്ര മോദി അയാളെ വിടാൻ ഒരുക്കം അല്ലായിരുന്നു.

2014 ൽ മോദി പ്രധാനമന്ത്രിയതിന് ശേഷമാണ് ഡോവൽ വീണ്ടും വാർത്തകളിൽ നിറയുന്നത്. മോദി സർക്കാർ ഏറ്റവും ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കുക എന്നാണ്. പ്രതിരോധ, നയതന്ത്ര വിഷയങ്ങളിൽ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാടുകൾ രൂപീകരിക്കുന്ന, രാജ്യസുരക്ഷയിൽ ഏറ്റവും നിർണായകമായ പങ്കുവഹിക്കുന്ന സ്ഥാനമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേത്. 2014 മെയ് 30നാണ് അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെടുന്നത്. അതിനുശേഷമുള്ള ഇന്ത്യയുടെ പ്രൊഫഷണൽ മികവ് നാം കണ്ടറിഞ്ഞതാണ്.

2018ൽ പ്രതിരോധരംഗത്തെ നയതന്ത്രങ്ങളിൽ വലിയ മാറ്റംകൂടി ഡൽഹി സാക്ഷിയായി. അജിത് ഡോവലിന് കാബിനറ്റ് റാങ്കോടെ കൂടുതൽ അധികാരങ്ങൾ നൽകി.ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഡോവലായിരിക്കും ഇനി മുതൽ പ്രധാനമന്ത്രിക്ക് നേരിട്ട് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതും കാബിനറ്റ് സെക്രട്ടറിക്ക് പകരമായി സേനാ തലവന്മാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നതും. നീതി ആയോഗ് ചെയർമാൻ, കാബിനറ്റ് സെക്രട്ടറി, ആർബിഐ ഗവർണർ, മൂന്നു സൈനിക മേധാവികൾ, ഹോം സെക്രട്ടറി, ധനകാര്യ- പ്രതിരോധ സെക്രട്ടറിമാർ എന്നിവരടങ്ങുന്ന ഉന്നതരുടെ കൂട്ടായ്മയാണ് അജിത് ഡോവലിന് കീഴിൽ നിലവിൽ വന്നത്. ഇവരിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അജിത് ഡോവൽ പ്രധാനമന്ത്രിയെ നേരിട്ട് കാര്യങ്ങൾ ധരിപ്പിക്കുക. ഇതോടെ ഒരു ആഭ്യന്തര മന്ത്രിക്ക് സമാനമായ അധികാരങ്ങളാണ് അദ്ദേഹത്തിന് കിട്ടിയത്.

മുൻകാലങ്ങളിൽ ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കീഴിലുള്ള മൂന്നു ഡെപ്യൂട്ടികളുടെ നിയമനം ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കീഴിൽ പ്രതിരോധ ആസൂത്രണ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. പ്രതിരോധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ ആസൂത്രണചുമതലയാണ് ഈ കമ്മറ്റിക്ക്. ഇതോടെ ഫലത്തിൽ ഇന്ത്യയുടെ പ്രതിരോധ- രാജ്യസുരക്ഷാ സംവിധാനങ്ങൾ കിടയറ്റത്് ആയിരിക്കയാണ്.

ഉറി തൊട്ട് പിഎഫ്‌ഐ വരെ

സുരക്ഷാ ഉപദേഷ്ടാവായ ആ വർഷം തന്നെ ജൂണിൽ ഇറാക്കിലെ തിക്രിത്ത് ഐസിസ് ഭീകരർ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്‌സുമാരെ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇറാക്കിൽ നേരിട്ടെത്തിയ ഡോവൽ അവിടെ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയാണ് ഇതു സാധ്യമാക്കിയത്.

മണിപ്പൂരിൽ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാന്മറിൽ കയറിയാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു. നേപ്പാളിൽ ഭരണഘടന മാറ്റത്തിനുശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്്ട്രമെന്ന വികാരമുണർത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയിൽ മഹീന്ദ രാജപക്‌സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയും ചരടുവലികളുമുണ്ടായിരുന്നു.

പാക്കിസ്ഥാന് ഇന്ന് എറ്റവും കൂടുതൽ പേടിക്കുന്നതും ഡോവലിനെയാണ്. അഫ്ഗാൻപാക്കിസ്ഥാൻ അതിർത്തിയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്നും ഇതിനു പിന്നിൽ ഡോവലാണെന്നുമാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. കാശ്മീരിൽ വിഘടനവാദികൾക്കും ഭീകരർക്കുമെതിരേയുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതും ഡോവൽ തന്നെ. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റിൽ ഡോവൽ എന്നുമുണ്ടായിരുന്നു.

ഉറിയിലെ സർജിക്കൽ സ്‌ട്രൈക്കോടെ ഡോവൽ ശരിക്കും ഇന്ത്യയുടെ സൂപ്പർ ഹീറോ ആയി. പാക്കിസ്ഥാനിൽ കയറി ആക്രമണം നടത്തി തിരിച്ചു വന്ന ശേഷം ഇന്ത്യ അറിയിച്ചപ്പോഴാണ് ആ രാജ്യംപോലും കാര്യം അറിഞ്ഞത് പോലും. അതിനുശേഷമാണ് ഓപ്പറേഷൻ ഒക്‌റ്റോപ്പസ് വരുന്നത്. ഇരുട്ടിവെളുക്കുന്നതിന് മുമ്പ് പോപ്പുലർ ഫ്രണ്ട് എന്ന പാർട്ടിയുടെ നേതാക്കൾ ഒക്കെയും അകത്തായി! അതിന് രാത്രി മുഴവൻ ഉറക്കം ഇളച്ച് നേതൃത്വം കൊടുത്തതും ഈ 77 കാരനാണ്.