കൊച്ചി: ലോകത്തെ അതികഠിനമായ സാഹസിക റേസിങ്ങിന്റെ ഗ്രാൻഡ് ഫിനാലെയിലേക്ക് മലയാളികളും. കേരള രജിസ്‌ട്രേഷൻ ജിപ്‌സിയുമായി 'ഇന്റർനാഷണൽ റെയിൻ ഫോറസ്റ്റ് ചലഞ്ചി'ന്റെ ഇന്ത്യൻ പതിപ്പിൽ ജേതാക്കളായ കോട്ടയം സ്വദേശി ആനന്ദ് മാഞ്ഞൂരാനും സഹ ഡ്രൈവറും നാവിഗേറ്ററുമായ എറണാകുളം സ്വദേശി വിഷ്ണുരാജുമാണ് പങ്കെടുക്കുന്നത്. കാൽ നൂറ്റാണ്ടായി നടക്കുന്ന സാഹസിക കായിക ഇനത്തിൽ ആദ്യമായാണ് മലയാളികൾ യോഗ്യത നേടുന്നതും ഒരു ഇന്ത്യൻ വാഹനം ഉപയോഗിക്കുന്നതും.

കുലാലംപുരിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള ബെറയിലാണ് മത്സരം. മലേഷ്യൻ ടൂറിസം വകുപ്പാണ് പ്രധാന സംഘാടകർ, അവിടത്തെ പ്രധാനമന്ത്രിയാണ് ഫ്ലാഗ് ഓഫ് ചെയ്യുക. ആനന്ദ് മാഞ്ഞൂരാനും വിഷ്ണുരാജും 25ന് അവിടെ എത്തും. കർശന സുരക്ഷാ പരിശോധനയാണ് മത്സരത്തിനു മുമ്പുണ്ടാവുക. അതിനാൽ സവിശേഷ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണ് ജിപ്‌സി മത്സരത്തിനിറക്കുന്നത്. വാഹനം മറിഞ്ഞാലും വണ്ടിക്കുള്ളിൽ ഒന്നും സംഭവിക്കാതിരിക്കാനുള്ള സംവിധാനം, ഫോർ പോയിന്റഡ് സീറ്റ് ബെൽറ്റ്, അഗ്നിശമന ഉപകരണം, വണ്ടി മറിഞ്ഞാൽ എൻജിൻ കിൽ സ്വിച്ച്, ഹെൽമെറ്റുകൾ തുടങ്ങിയവ ഉൾപ്പെടെയുണ്ട്. സുരക്ഷാ പരിശോധന വിജയിച്ചാൽ മാത്രമേ വാഹനം മത്സരത്തിനിറക്കാൻ അനുവദിക്കൂ.

മുന്നോട്ടുള്ള വഴിയിലെ കുഴികളും കയറ്റിറക്കങ്ങളും പറ്റിയാൽ ഒഴിവാക്കാൻ ശ്രമിക്കുന്നവരാണ് സാധാരണ ഡ്രൈവർമാർ. കണ്ടു നിൽക്കുന്നവരുടെ പോലും ചങ്കിടിപ്പ് കൂട്ടുന്ന കുന്നും കുഴിയും കുളവും ചെളിയും നിറഞ്ഞ വഴികളെ സ്വയം തിരഞ്ഞെടുക്കുന്ന കൂട്ടരാണ് ഓഫ് റോഡ് ഡ്രൈവർമാർ. അധികമാരും കൈവയ്ക്കാൻ മടിക്കുന്ന ഈ മേഖലയിൽ രാജ്യാന്തര- ദേശീയ തലത്തിലെ ഓഫ് റോഡ് ഇവന്റുകളിൽ പങ്കെടുത്ത് ശ്രദ്ധേയരായ വ്യക്തികളാണ് ആനന്ദ് മാഞ്ഞൂരാനും സഹ ഡ്രൈവറും.

കൊച്ചി തുറമുഖത്തുനിന്ന് സുസുക്കി ജിപ്‌സി കപ്പലുമായാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള യാത്ര. ലോകത്തെ അതികഠിനമായ ഓഫ് റോഡ് റേസിൽ മൂന്നാമതാണ് മലേഷ്യയിലെ 'റെയിൻ ഫോറസ്റ്റ് ചലഞ്ച്'. പത്ത് ദിവസത്തോളം നീളുന്ന മത്സരത്തിൽ 26 ഘട്ടങ്ങളുണ്ട്. കാടിനുള്ളിലെ കുത്തനെയുള്ള പാറക്കെട്ടുകൾ, ചെങ്കുത്തായ മലകൾ, നദി, ആഴത്തിലുള്ള ചതുപ്പുകൾ തുടങ്ങിയ പ്രദേശങ്ങൾ മത്സരാർഥികൾ മറികടക്കണം. മലേഷ്യയിൽ 1997-ൽ തുടങ്ങിയ റെയിൻ ഫോറസ്റ്റ് ചലഞ്ചിന്റെ 25-ാം വർഷമാണിത്. ഇന്ത്യയിൽനിന്നുൾപ്പെടെ ലോകത്തെ 21 രാജ്യങ്ങളിൽ ജേതാക്കളായവർ നവംബർ 25 മുതൽ ഡിസംബർ 10 വരെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കും.

ആനന്ദ് മാഞ്ഞൂരാനും വിഷ്ണുരാജും 2015 മുതൽ റെയിൻഫോറസ്റ്റ് ചലഞ്ചിന്റെ ഇന്ത്യൻ പതിപ്പിൽ പങ്കെടുക്കുന്നുണ്ട്. 2019-ലും 2021-ലും ഫസ്റ്റ് റണ്ണറപ്പുകളായിരുന്നു. അഞ്ചുവർഷമായി ഉപയോഗിക്കുന്ന സുസുക്കി ജിപ്‌സി തന്നെയാണ് കൊച്ചി തുറമുഖത്തുനിന്ന് മലേഷ്യയിലേക്ക് കഴിഞ്ഞ ദിവസം കയറ്റിവിട്ടതെന്ന് ആനന്ദ് മാഞ്ഞൂരാൻ പറഞ്ഞു. ''റോഡിൽ ഉപയോഗിക്കാതെ റേസിങ്ങിനു മാത്രം ഉപയോഗിക്കുന്ന വാഹനം വിദേശ രാജ്യത്തേക്ക് കൊണ്ടുപോകാനുള്ള അനുമതി, കസ്റ്റംസ് ക്ലിയറൻസ് ഇതിനൊക്കെ കുറച്ചധികം ബുദ്ധിമുട്ടേണ്ടി വന്നു.-ആനന്ദ് പറഞ്ഞു.

ആനന്ദ് മാഞ്ഞൂരാന്റെ വിന്റേജ് പ്രേമം വാഹനങ്ങളോടുള്ള ഇഷ്ടവും കൗതുകവും ആനന്ദിനെ ആദ്യമെത്തിച്ചത് വിന്റേജ് വാഹനങ്ങളുടെ ലോകത്തിലേക്കാണ്. ഓഫ് റോഡ് ഡ്രൈവിങ്ങും മോട്ടർ സ്പോർട്‌സും ഒരു പാഷനാകുന്നതിനു മുൻപേ ഇഷ്ടം വിന്റേജ് വാഹനങ്ങളോടായിരുന്നു. അടുത്തുള്ള വർക്ഷോപ്പിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു മോറിസ് മൈനറിനെയാണ് ഇക്കൂട്ടത്തിൽ ആദ്യം ആനന്ദ് കൂടെക്കൂട്ടിയത്. 1952 മോഡൽ മോറിസ് മൈനറിനെ റിസ്റ്റോർ ചെയ്‌തെടുക്കുകയായിരുന്നു.

പിന്നീട് ഫോക്‌സ്വാഗൻ ബീറ്റിൽ (1975), സ്റ്റാൻഡേർഡ് ഹെറാൾഡ് (1979), ഫിയറ്റ് 500 ടോപൊലീനോ (1952), റോവർ മിനി കൂപ്പർ, സുസുക്കി ഇറക്കിയിരിക്കുന്ന ഏറ്റവും ചെറിയ വണ്ടികളിലൊന്നായ സുസുക്കി കാപ്പുചിനോ തുടങ്ങിയ വിന്റേജ് വാഹനങ്ങൾ കൂടി ആനന്ദ് മാഞ്ഞൂരാന്റെ ഗാരിജിലേക്കെത്തി. ഇതിനിടെ വില്ലീസിന്റെ പെട്രോൾ ജീപ്പ് വാങ്ങാനുള്ള തിരച്ചിലുകൾക്കിടെയാണ് ഓഫ് റോഡ് വാഹനങ്ങളെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ഇത് അവസാനിച്ചത് ഓഫ് റോഡ് ഡ്രൈവിങ് എന്ന മോട്ടർ സ്‌പോർട്ട് കമ്പത്തിലും.

2008 മുതൽ ഓഫ് റോഡ് ചെയ്തു തുടങ്ങിയെങ്കിലും മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നത് 2010 മുതൽ. കുട്ടിക്കാനത്ത് മഹീന്ദ്ര സംഘടിപ്പിച്ച ഓഫ് റോഡ് ഇവന്റിലാണ് ആദ്യം പങ്കെടുത്തത്. 2012ൽ വാഗമണ്ണിൽ ഹിൽ ത്രിൽ എന്നൊരു ഓഫ് റോഡ് ഇവന്റ് സംഘടിപ്പിക്കുകയും ചെയ്തു. ചെന്നൈയിൽ നടക്കുന്ന പാലാർ ചാലഞ്ചാണ് ഓഫ് റോഡിങ്ങിൽ ആദ്യം വെല്ലുവിളിയായി തോന്നിയത്. പാലാർ നദിയുടെ തീരത്തെ മണൽത്തിട്ടയിലൊരുക്കിയ ട്രാക്ക് ഓഫ് റോഡ് ഡ്രൈവർമാരുടെ ദക്ഷിണേന്ത്യയിലെ കഠിനപരീക്ഷയായിരുന്നു. രണ്ടു തവണ പാലാർ ചാലഞ്ചിൽ പങ്കെടുത്തിട്ടുണ്ട്. ട്രാക്കിലെ പരീക്ഷണങ്ങൾക്കൊപ്പം ചെന്നൈയിലെ ചൂടും ഹ്യുമിഡിറ്റിയും ഡ്രൈവർമാരുടെ ബുദ്ധിമുട്ട് വർധിപ്പിച്ചിരുന്നു. ആർഎഫ്സി (റെയിൻ ഫോറസ്റ്റ് ചലഞ്ച്) വരുന്നതിനു മുൻപത്തെ പ്രധാന കടമ്പയായിരുന്നു പാലാർ.

ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഓഫ് റോഡ് ചാലഞ്ചുകളിൽ മുന്നിലാണ് റെയിൻ ഫോറസ്റ്റ് ചാലഞ്ച്. 1997ൽ മലേഷ്യയിൽ ആരംഭിച്ച ആർഎഫ്സി ഇന്ത്യയിലെത്തുന്നത് 2014ൽ. ആദ്യ ആർഎഫ്സിയിൽ കാഴ്ചക്കാരനായാണ് ആനന്ദ് പോകുന്നത്. 2015 മുതൽ ഇന്ത്യയിലെ റെയിൻ ഫോറസ്റ്റ് ചാലഞ്ചിൽ പങ്കെടുക്കുന്നു. മുതിർന്നവരെ കരയിക്കുന്ന ഓഫ് റോഡ് എന്നാണ് റെയിൻ ഫോറസ്റ്റ് ചാലഞ്ചിന്റെ വിശേഷണം. പേരുപോലെ തന്നെ മഴയും കാടുമാണ് മത്സരത്തിന്റെ പ്രധാന ചേരുവകൾ.

മൺസൂൺ കാലത്ത് ഗോവയിലെ മഴക്കാടുകളാണ് വേദി. മത്സരത്തിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ സുരക്ഷാ സൗകര്യങ്ങളും മലിനീകരണ തോതുമെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് മത്സരിക്കാൻ അനുമതി ലഭിക്കുക. കാട്ടിലാണ് മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണവും ക്യാംപിങ്ങിനു വേണ്ട സൗകര്യങ്ങളും ഓടിക്കുന്ന വാഹനത്തിന്റെ എൻജിൻ അടക്കമുള്ള പാർട്‌സുമായാണ് ഓരോ സംഘവും മത്സരിക്കാനെത്തുന്നത്. മത്സരത്തിനിടെ വാഹനങ്ങൾക്കു സംഭവിക്കുന്ന കേടുപാടുകൾ അവിടെ വച്ചു തന്നെ പരിഹരിക്കേണ്ടി വരും.

ഓരോ ദിവസത്തെയും ചാലഞ്ചുകൾക്കു ശേഷം കാട്ടിൽത്തന്നെ ക്യാംപ് ചെയ്യുകയാണു പതിവ്. ക്യാംപുകൾ അവസാനിപ്പിക്കുമ്പോൾ വൃത്തിയാക്കാനും പ്രദേശത്തെ മാലിന്യങ്ങൾ കൂടെ കൊണ്ടുപോയി നിശ്ചിത നിക്ഷേപ കേന്ദ്രങ്ങളിൽ ഇടാനും ഓരോ ടീമിനും ഉത്തരവാദിത്തമുണ്ട്. ഓടിക്കേണ്ട ട്രാക്കിൽ മരങ്ങളും മറ്റും വീണു കിടക്കുകയാണെങ്കിൽ അത് എടുത്തു മാറ്റി വേണം മുന്നോട്ടു പോവാൻ. ആർഎഫ്സിയിലെ തന്നെ ഏറ്റവും കടുപ്പമേറിയ ടാസ്‌കാണ് ടൈവ്‌ലൈറ്റ്. കാട്ടിൽ നിശ്ചിത ഭാഗത്തേക്കു പോയി തിരിച്ച് വരണമെന്നതാണ് വെല്ലുവിളി. ഈ ലക്ഷ്യസ്ഥാനം നാവിഗേഷൻ ഭൂപടത്തിലൂടെ ടീമുകൾക്ക് കാണിച്ചുകൊടുക്കും. ലക്ഷ്യത്തിലേക്ക് പ്രത്യേകം വഴികളോ മറ്റു വഴികാട്ടികളോ ഉണ്ടാവില്ല. മത്സരിക്കുന്ന ടീമുകൾക്ക് ടൈവ് ലൈറ്റിൽ പരസ്പരം സഹായിക്കാം. നിശ്ചിത സമയത്തിനുള്ളിൽ കാട്ടിലൂടെ ആ ലക്ഷ്യസ്ഥാനത്തെത്തി തിരിച്ചെത്തുകയാണ് വെല്ലുവിളി.

ആർഎഫ്സി പോലുള്ള ഓഫ് റോഡ് ഇവന്റുകളിൽ ഡ്രൈവർക്കൊപ്പം തന്നെയാണ് നാവിഗേറ്റർ അഥവാ സഹ ഡ്രൈവറുടെ സ്ഥാനം. ഓഫ് റോഡിങ്ങിലെ ആദ്യ നിയമങ്ങളിലൊന്നു തന്നെ സഹഡ്രൈവറില്ലാതെ ഈ സാഹസത്തിന് നിൽക്കരുതെന്നതാണ്.