തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍ ഉടനൊന്നും പുറത്തേക്ക് വരില്ല. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കസ്റ്റഡിയിലെടുത്ത ആനന്ദകുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മൂവാറ്റുപുഴ പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സീഡ് സൊസെറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ കേസുകളില്‍ ആനന്ദകുമാര്‍ പ്രതിയാകും. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലെ തട്ടിപ്പിന്റെ പൂര്‍ണ രൂപം പുറത്ത് കൊണ്ടുവരാനാകൂ എന്നാണ് പോലീസ് നിലപാട്.

പിടികൂടാനെത്തിയപ്പോള്‍ 10വര്‍ഷം മുന്‍പ് ആനന്ദകുമാറിന് ആന്‍ജിയോപ്ലാസ്റ്റി നടത്തിയതാണെന്നും 70വയസുണ്ടെന്നും കുടുംബം അറിയിച്ചു. ഭാര്യ, മകള്‍, ഡ്രൈവര്‍ എന്നിവരെ കൂട്ടിയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചത്. ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. ആനന്ദകുമാര്‍ ചെയര്‍മാനായ എന്‍.ജി.ഒ കോണ്‍ഫെഡറേഷനിലൂടെയാണ് തട്ടിപ്പ് നടന്നത്. ആനന്ദകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് 1800ലേറെ സന്നദ്ധസംഘടനകളെ ചേര്‍ത്ത് കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതെന്നാണ് മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൊഴി. കുറച്ചു ദിവസമായി ശാസ്തമംഗലത്തെ വീട്ടില്‍ ആനന്ദകുമാര്‍ ഉണ്ടായിരുന്നു. ഇത് പോലീസും തിരിച്ചറിഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധിവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതിയിലേക്ക് ജാമ്യ ശ്രമവുമായി പോകും മുമ്പ് തന്നെ അറസ്റ്റും നടന്നു.

ഒന്നാം പ്രതി അനന്തുകൃഷ്ണനാണ് തട്ടിപ്പിനു പിന്നിലെന്നും പണമിടപാടില്‍ തനിക്കു യാതൊരു ബന്ധവുമില്ലെന്നാണ് ആനന്ദകുമാര്‍ പറഞ്ഞിരുന്നത്. ഈ വാദം കോടതി പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. പണം ട്രസ്റ്റിന്റെ അക്കൗണ്ടിലാണ് വന്നിട്ടുളളതെന്നും സാമ്പത്തിക ഇടപാടുകളില്‍ തനിക്ക് നേരിട്ട് പങ്കോ അറിവോ ഇല്ലെന്ന ആനന്ദകുമാറിന്റെ വാദവും കോടതി തളളി. പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയ കോടതി പ്രതി നടത്തിയ സാമ്പത്തിക തട്ടിപ്പും അതിന് ഇടയാക്കിയ തുകയും നിസാരമായി കാണാനാകില്ലെന്നും പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് ആനന്ദകുമാറിന്റെ അറിവോടെയാണെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചു. ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ നല്‍കിയിട്ടുണ്ടെന്ന ഒന്നാം പ്രതി അനന്തുകൃഷ്ണന്റെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

2024 ഫെബ്രുവരി 15 നാണ് പാതിവിലയക്ക് സാധനങ്ങള്‍ നല്‍കുമെന്ന വാഗ്ദാനം നല്‍കി ഒരു അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. കെ.എന്‍. ആനന്ദകുമാര്‍ ആജീവാനന്ത ചെയര്‍മാനായ ട്രസ്റ്റില്‍ അനന്തുകൃഷ്ണന്‍, ഡോ. ബീനാ സെബാസ്റ്റ്യന്‍, ഷീബാ സുരേഷ്, ജയകുമാരന്‍നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. പകുതി വില തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ആനന്ദ കുമര്‍ ആണെന്ന നിഗനത്തിലാണ് പോലീസ്. പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയത് അവസരമായി കണ്ടായിരുന്നു തട്ടിപ്പ്. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറിയും പളളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ. മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദ കുമാര്‍ അടക്കം ഏഴു പേരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.

ക്രൈംബ്രാഞ്ച് എസ്.പി എം.ജെ.സോജന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സി.ഐ സാഗറിന്റെ സംഘം ശാസ്തമംഗലത്തെ വീട്ടിലെത്തിയാണ് പിടികൂടിയത്. ജവഹര്‍നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദനയും വിറയലുമുള്ളതിനാല്‍ ഐ.സി.യുവിലാക്കി. വൈകിട്ട് 5.10ന് അറസ്റ്റ് രേഖപ്പെടുത്തി. പകുതിവില തട്ടിപ്പുകേസുകള്‍ അന്വേഷിക്കുന്ന കൊച്ചി ക്രൈംബ്രാഞ്ച് സംഘത്തിലെ ഡിവൈ.എസ്.പി ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്യാനും അപേക്ഷിക്കും. ആനന്ദകുമാറിനെ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റാനുമിടയുണ്ട്. മെഡിക്കല്‍ബോര്‍ഡും രൂപീകരിച്ചേക്കും.