- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നാല് സൈനികർക്ക് വീരമൃത്യു വരിച്ചിട്ടും പ്രദേശവാസികളെ ഭീകരവാദികൾക്ക് വിട്ടു കൊടുത്തില്ല; പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത് ആർക്കും പരിക്കേൽക്കാതെ; തീവ്രവാദികളെ തുരത്താനുള്ള ഏറ്റുമുട്ടൽ 120 മണിക്കൂർ പിന്നിട്ടു; അനന്തനാഗിൽ ഇപ്പോഴും പുരോഗമിക്കുന്നത് കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെ കണ്ട ഏറ്റവും നീണ്ട സൈനിക നീക്കം
ശ്രീനഗർ: കാശ്മീരിൽ ഇന്ത്യൻ സൈന്യം ചോരചിന്തിയു പ്രദേശവാസകളെ സംരക്ഷിക്കുകയാണ്. അനന്തനാഗിൽ തീവ്രവാദികളെ തുരത്താൻ ഇന്ത്യ നടത്തിയ സൈനിക നീക്കം അഞ്ച് ദിവസം പിന്നിട്ടു. ഇപ്പോഴും ഭീകരരെ തുരത്താനുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. നാല് സേനാ ഉദ്യോഗസ്ഥരെ വധിച്ചതോടെ തീവ്രവാദികളുടെ ജീവനെടുക്കും എന്നുറപ്പിച്ചു കൊണ്ടാണ് സൈനിക നീക്കം നടക്കുന്നത്. ഇത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാശ്മീരിൽ ഇന്ത്യ നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമായി മാറുകയാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണു നുഴഞ്ഞു കയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ ആരംഭിച്ചത്. ബുധനാഴ്ച കനത്ത പോരാട്ടത്തിൽ 4 സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസിലെ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോൻചക്, ജമ്മു കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂൺ ഭട്ട്, റൈഫിൾമാൻ രവികുമാർ എന്നിവരാണ് രാജ്യത്തിനായി ജീവൻ നൽകിയത്. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ഇന്ത്യൻ സേന പ്രത്യാക്രമണം ഊർജ്ജിതമാക്കി. കൊടുംഭീകരൻ ഉസൈർ ഖാൻ അടക്കമുള്ള ലഷ്‌കർ ഭീകരരെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. സൈന്യം നടപടി സ്വീകരിക്കുന്നത് തെറ്റായ ദിശയിലാണെന്നും സർക്കാർ ശരിയായ രീതിയിൽ ഇടപെടൽ നടത്തുന്നില്ലെന്നുമുള്ള ആരോപണങ്ങൾ ഇതിനിടെ ഉയർന്നു. എന്നാൽ കൃത്യമായ ഇന്റലിജൻസിന്റെ അടിസ്ഥാനത്തിലാണു സൈന്യം നടപടികൾ ആരംഭിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും കശ്മീർ അസി. ഡിജിപി വിജയ് കുമാർ വിശദീകരിച്ചു. പ്രദേശവാസികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കനത്ത മഴയും മറ്റു പ്രദേശത്തെ ഏറ്റുമുട്ടൽ ദുഷ്‌ക്കരമാക്കുന്നുണ്ട്. മികച്ച പരിശീലനം നേടിയ ഭീകരർ, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശം, ഇടതൂർന്ന ആൽപൈൻ വനം, മഴയും കൊടും തണുപ്പും ഉൾപ്പെടെ പ്രതികൂല കാലാവസ്ഥ... കശ്മിരിലെ അനന്തനാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ അഞ്ചാം ദിനം പൂർത്തിയാകുമ്പോൾ ഇന്ത്യൻ സേന നേരിടുന്ന വെല്ലുവിളികളാണ് ഇവയെല്ലാം. കൊകോരെനാഗിലെ വനത്തിനുള്ളിലുള്ള ഗുഹയ്ക്കുള്ളിലാണ് ഭീകരർ തമ്പടിച്ചിരിക്കുന്നത്.
ഗാരോൾ വനത്തിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുന്നു. ഇസ്രയേൽ നിർമ്മിത ഹെറോൺ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഓപ്പറേഷനു സുരക്ഷാസേന ഉപയോഗിക്കുന്നുണ്ട്. ഡ്രോണിന്റെ സഹായത്തോടെ ഭീകരർ ഒളിച്ചിരിക്കുന്ന ഗുഹ കണ്ടെത്തിയെന്നും സൈനിക നീക്കത്തിൽ ഭീകരർ കൊല്ലപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
കുന്നിൻചരിവിലെ ഉയർന്ന പ്രദേശത്തായതിനാൽ ഭീകരർ സുരക്ഷിതമായി സൈനിക നീക്കം നിരീക്ഷിക്കുന്നുണ്ടെന്നാണ് നിഗമനം. മലമുകളിലേക്കുള്ള വീതികുറഞ്ഞ വഴിയിലേക്ക് ആരു പ്രവേശിച്ചാലും കൃത്യമായി കാണാനാവും. ആക്രമണത്തിനായി ഡ്രോണുകൾ, റോക്കറ്റ് ലോഞ്ചറുകൾ, ഷെല്ലുകൾ എന്നിവയെല്ലാം ഉപയോഗിച്ചു. എന്നാൽ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു മാത്രം. ഗാരോളിലെ ദുർഘടമായ ഭൂപ്രദേശവും സസ്യജാലങ്ങളും ഭീകരർക്ക് അനുകൂല സാഹചര്യമായി മാറിയെന്നാണു വിലയിരുത്തൽ. ഭീകരർ രാത്രിയിൽ രക്ഷപ്പെടുന്നതു തടയാൻ ഹൈബീം ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാസേനയുടെ ശക്തമായ വലയം തീർത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കൊടുംകാടുകളിലും യുദ്ധസമാനമായ സാഹചര്യങ്ങളിലും പോരാടുന്നതിന് പരിശീലനം ലഭിച്ചവരാണ് ഈ തീവ്രവാദികളെന്ന് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇത്തരത്തിലെ ഭീകരരെ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഉന്നത മേധാവികൾ പറയുന്നു.




