കൊച്ചി: അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസിലെ പ്രതികളിലേക്ക് 18 വര്‍ഷത്തിനു ശേഷം സിബിഐ എത്തിയത് അഞ്ചലില്‍ നിന്നു ലഭിച്ച സൂചനകളില്‍ നിന്നെന്ന് സൂചന. രഞ്ജിനിയെ കൊന്ന ദിവില്‍ കുമാറും രാജേഷും പോണ്ടിച്ചേരിയില്‍ ഉണ്ട് എന്നതറിയാവുന്ന കുറച്ചു പേരെങ്കിലും അഞ്ചലില്‍ ഉണ്ടായിരുന്നു. ഇതിലൊരാളാണ് വിവരം സിബിഐയ്ക്ക് കൈമാറിയത് എന്നാണ് സൂചന. ഇയാളുടെ വിവരങ്ങള്‍ സിബിഐ പുറത്തു വിടില്ല. പിടികൂടാന്‍ സഹായിച്ചവര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച സമ്മാനവും ഇയാള്‍ക്ക് നല്‍കും. രാജ്യത്ത് സിബിഐയുടെ വിശ്വാസ്യത ഈ അറസ്റ്റുയര്‍ത്തിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റേയും വിലയിരുത്തല്‍.

ഇരട്ടക്കൊല കേസിലെ പ്രതികളും മുന്‍ സൈനികരുമായ ദിവില്‍ കുമാര്‍, രാജേഷ് എന്നിവരെ സിബിഐ ചെന്നൈ യൂണിറ്റിലെ അംഗങ്ങള്‍ പോണ്ടിച്ചേരിയില്‍നിന്നു പിടികൂടുകയായിരുന്നു. ഇരുവരുടെയും യഥാര്‍ഥ വ്യക്തിത്വത്തെ കുറിച്ച് അറിയാവുന്ന ആളുകളില്‍നിന്നു തന്നെയാണ് വിവരങ്ങള്‍ സിബിഐയ്ക്ക് കിട്ടിയത്. കൊലപാതകം നടത്തി ഒളിവില്‍ പോകുന്ന കാലം മുതല്‍ ദിവില്‍ കുമാര്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ വീട്ടുകാര്‍ക്ക് ധാരണയുണ്ടായിരുന്നെന്നാണു കരുതുന്നതെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കുടുംബാഗങ്ങളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. വീട്ടുകാരുമായി പ്രതി ആശയവിനിമയവും നടത്തിയിരുന്നെന്നും സൂചനകളുണ്ട്.

ദിബില്‍ കാര്‍പെന്റര്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്ന വിഷ്ണുവായി മാറി. അധ്യാപികയെ വിവാഹം ചെയ്തു. രാജേഷും ഒരു അധ്യാപികയെ വിവാഹം ചെയ്ത് കുടുംബസ്ഥനായി മാറിയിരുന്നു. ഇരുവരുടേയും യഥാര്‍ഥ വ്യക്തിത്വത്തെ കുറിച്ച് അറിയാവുന്ന ഒരാള്‍, വിഷ്ണുവെന്ന പേരില്‍ ദിബില്‍ ഒളിച്ചുകഴിയുന്നത് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിബിഐ സംഘം നിരീക്ഷണം ആരംഭിക്കുകയും 'വിഷ്ണു'വിനെ ചോദ്യം ചെയ്യുകയും ചെയ്തു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് യഥാര്‍ഥ പേരും വിലാസവും ദിബില്‍ പോലീസിന് കൈമാറി. കേരള പോലീസിന്റെ സഹായവും സിബിഐക്ക് ലഭിച്ചു. ദിബില്‍ കുമാറിന്റെ മേല്‍വിലാസം ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചാണ്. വിഷ്ണുവിനെ കുറിച്ചുള്ള വിവരം ആ അജ്ഞാതന്‍ അറിയിച്ചത് കേരളാ പോലീസിനെയാണെന്നും സൂചനയുണ്ട്. പോലീസാണ് ഇക്കാര്യം സിബിഐയ്ക്ക് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ദിബില്‍ കുമാറിന്റെ 18 വര്‍ഷം മുമ്പുള്ള ചിത്രം രൂപമാറ്റം വരുത്തി ടെക്നിക്കല്‍ ഇന്റലിജന്‍സ് പരിശോധിച്ചു. ദിബില്‍ കുമാറിന്റെ ഫെയ്സ്ബുക്കിലെ വിവാഹ ഫോട്ടോയുമായി ഇതില്‍ ഒരു ചിത്രത്തിന് സാദൃശ്യം തോന്നി. ഇതോടെയാണ് വിഷ്ണു തന്നെയാണ് ദിബില്‍ കുമാര്‍ എന്ന നിഗമനത്തിലെത്തിയത്. ഈ വിവരം സിബിഐയ്ക്ക് കൈമാറി. ഇതോടെ എല്ലാം ഉറപ്പിക്കുകയും ചെയ്തു. പോണ്ടിച്ചേരിയില്‍ നടത്തിയിരുന്ന ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തെക്കുറിച്ചും എങ്ങനെയാണ് പോണ്ടിച്ചേരിയില്‍ എത്തപ്പെട്ടത് എന്നതിനെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വിഷ്ണു തന്നെയാണ് ദിവില്‍ കുമാര്‍ എന്നത് തെളിയിക്കാനുള്ള പരിശോധനകള്‍ ഇനി നടത്തേണ്ടതുണ്ട്. ഇതിന് ഡിഎന്‍എ പരിശോധന നടത്തും.

2006ല്‍ സംഭവം നടക്കുമ്പോള്‍ കേരളത്തിലെ ക്രൈം കേസുകളുടെ ചുമതല സി.ബി.ഐ ചെന്നൈ യൂണിറ്റിനായിരുന്നു. അതുകൊണ്ടാണ് പ്രതികളെത്തിരഞ്ഞ് ചെന്നൈ യൂണിറ്റ് തന്നെ പോണ്ടച്ചേരിയിലെത്തിയത്. 2006 ഫെബ്രുവരിയില്‍ ആയിരുന്നു കൊലപാതകം. അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനി, 17 ദിവസംപ്രായമായ ഇരട്ടപെണ്‍കുഞ്ഞുങ്ങള്‍ എന്നിവരെ നിഷ്ഠുരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഇരുവരും ഒളിവില്‍പ്പോയത്. പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു കുറ്റപത്രം 2012-ല്‍ സമര്‍പ്പിക്കപ്പെട്ടിരുന്നുവെങ്കിലും പ്രതികളെ കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല. ഇനി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി.ബി.ഐ. അറിയിച്ചു.

രഞ്ജിനിയും അയല്‍വാസിയുമായ ദിവില്‍കുമാറുമായി അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനി ഗര്‍ഭിണിയായിരിക്കെ വനിതാ കമ്മിഷനില്‍ പരാതി നല്‍കി. പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ. ടെസ്റ്റിനു ഹാജരാകണമെന്ന് ദിവില്‍കുമാറിനോട് വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചതിനുപിന്നാലെയായിരുന്നു കൊലപാതകം. ദിവില്‍കുമാറിന്റെ സുഹൃത്തും കൂട്ടാളിയുമായിരുന്നു കണ്ണൂര്‍ സ്വദേശി രാജേഷ്. അന്ന് ഡിഎന്‍എ പരിശോധനയെ ഭയന്ന് ഒളിച്ചോടിയ ദിവില്‍കുമാറിന് വീണ്ടും ഡിഎന്‍എ പരിശോധന സിബിഐ നടത്തും. പിടിക്കപ്പെട്ടത് യഥാര്‍ത്ഥ പ്രതിയെന്ന് തെളിയിക്കാന്‍ വേണ്ടി കൂടിയാണ് ഇത്.