പെർത്ത്: ഡൗൺ സിൻഡ്രോം ബാധിതനായ മകന് വേണ്ടി നടത്തിയ പോരാട്ടത്തിൽ വിജയം കണ്ട് ഓസ്ട്രേലിയയിലെ മലയാളി കുടുംബം. പെർത്തിൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ അനീഷ് കൊല്ലിക്കരയും കൃഷ്ണയുമാണ് പത്തുവയസുകാരനായ മകന്റെ രോഗാവസ്ഥയുടെ പേരിൽ രാജ്യം വിടാനുള്ള ഭീഷണി നേരിട്ടിരുന്നത്. കുടുംബത്തിന്റെ അനിശ്ചിതാവസ്ഥ മാറുകയാണ്. ഈ കുടുംബത്തിന് സ്ഥിര താമസ പെർമിറ്റ് അനുവദിക്കാൻ ഓസ്‌ട്രേലിയ തീരുമാനിച്ചു.ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും കൊണ്ടുവരാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുമ്പോൾ അതിൽ നിന്ന് മാറി നിൽക്കാനില്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് ഓസ്‌ട്രേലിയയും

ഏഴു വർഷം മുൻപാണ് അനീഷും കൃഷ്ണയും ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത്. ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. 10 വയസുകാരൻ ആര്യനും എട്ട് വയസുകാരി ആര്യശ്രീയും. ഡൗൺ സിൻഡ്രോം എന്ന രോഗാവസ്ഥയുമാണ് ആര്യൻ ജനിച്ചത്. പരിമിതികളെ മറികടന്ന് മിടുക്കനായാണ് ആര്യൻ വളരുന്നത്. തന്റെ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും പോലെ സൈക്കിൾ ഓടിക്കാനും കൂട്ടുകാർക്കൊപ്പം കളിക്കാനും സ്‌കൂളിൽ പോകാനുമൊക്കെ അവന് വലിയ ഇഷ്ടമാണ്. എന്നാൽ വിസ പുതുക്കാനുള്ള മലയാളി കുടുംബത്തിന്റെ ശ്രമത്തിന് മകന്റെ രോഗം തിരിച്ചടിയായി. ഇതോടെ അവർ പോരാട്ടം തുടങ്ങി. ഓസ്‌ട്രേലിയയിലെ ജനങ്ങളും ആര്യനൊപ്പം നിന്നു. ഇതോടെ സർക്കാർ സ്ഥിര താമസ പെർമിറ്റ് അനുവദിച്ചു. തീരുമാനത്തിൽ ആര്യന്റെ മാതാപിതാക്കളും സന്തോഷത്തിലായി.

ആര്യന്റെ അമ്മ കൃഷ്ണ പെർത്തിലെ ഒരു ഖനന കമ്പനിയിൽ സൈബർ സുരക്ഷാ വിദഗ്ദ്ധയും പിതാവ് അനീഷ് ടെലികമ്മ്യൂണിക്കേഷൻ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. പെർത്തിലെ വീട്ടിൽ സന്തോഷകരമായ ജീവിതം നയിക്കുമ്പോഴാണ് കുടുംബത്തിനു നോട്ടീസ് കിട്ടിയത്. ആര്യന്റെ രോഗാവസ്ഥയുടെ പേരിൽ കുടുംബത്തിന് ഓസ്ട്രേലിയയിലെ സ്ഥിര താമസാവകാശം നിഷേധിക്കുമെന്നായിരുന്നു അറിയിപ്പ്. ഭിന്നശേഷിയുള്ള മക്കളെ അങ്ങേയറ്റം കരുതലോടെ ചേർത്തുപിടിക്കാൻ ആധുനിക സമൂഹത്തിൽ കൂട്ടായ ശ്രമങ്ങളുണ്ടാകുമ്പോഴാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ ഈ നീക്കം എന്നത് വ്യാപക പ്രതിഷേധമായി.

ആര്യന്റെ പ്രശ്നം രാജ്യത്തെ ആരോഗ്യ സംവിധാനത്തിൽ വലിയ ചെലവിനു കാരണമാകുമെന്ന വിചിത്രമായ വാദം ഉയർത്തിയാണ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് കുടുംബത്തിന് പെർമനന്റ് റസിഡൻസി നിഷേധിച്ചത്. ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ഗിൽസിന്റെ നിർണായക ഇടപെൽ ഉണ്ടായില്ലെങ്കിൽ മാർച്ച് 15 നകം കുടുംബത്തിന് ഓസ്ട്രേലിയ വിടേണ്ടി വരുമെന്ന അവസ്ഥ വന്നു. ഇതിനെതിരെയാണ് സമൂഹം പ്രതികരിക്കാൻ ഇറങ്ങിയത്. ആര്യന്റെ വിഷയത്തിൽ കുടുംബത്തിന് പിന്തുണയുമായി മലയാളികൾ അടക്കം നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. ഇരുവരും ജോലി ചെയ്യുന്ന സ്ഥാപനവും എല്ലാ സഹായവും നൽകുന്നുണ്ട്. മലയാളി സംഘടനകൾ പരാതി നൽകി. ഓൺലൈൻ അപ്പീലുകളെത്തി. ഇതിനെല്ലാം വലിയ പൊതു പിന്തുണയും കിട്ടി. ഇതോടെയാണ് ഓസ്‌ട്രേലിയൻ സർക്കാർ നിലപാട് മാറ്റിയത്.

പെർത്തിലെ വീടുമായും സാഹചര്യങ്ങളുമായി ഇണങ്ങിച്ചേർന്ന ആര്യനെ ഇന്ത്യയിലേക്കു പറിച്ചുനടുന്നത് മകന്റെ മാനസികാവസ്ഥയെ ബാധിക്കുമെന്നാണ് മാതാപിതാക്കളുടെ ആശങ്ക ഒടുവിൽ ഓസീസ് സർക്കാരും അംഗീകരിച്ചു. പെർത്തിലെ വീടു വിട്ടുപോകാൻ മക്കൾ തയ്യാറായില്ലെന്നും സർക്കാരിന്റെ തീരുമാനം കുട്ടികളെ വൈകാരികമായി ബാധിച്ചെന്നും വിലയിരുത്തലുകളെത്തി. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കാൻ ഓസ്‌ട്രേലിയൻ സർക്കാരിന് കഴിഞ്ഞില്ല. ഇതോടെയാണ് കുടുംബത്തിന് സ്ഥിര താമസ പെർമിറ്റ് നൽകുന്നത്. ആര്യന് ഡൗൺ സിൻഡ്രോം ഉണ്ടെങ്കിലും ശാരീരികമായി ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. സാധാരണ കുട്ടികളെ പോലെ കളിക്കാനും ഇടപഴകാനും സാധിക്കുന്നുണ്ട്. പഠിക്കുന്നതിൽ ചെറിയ കാലതാമസം മാത്രമാണുള്ളത്. സ്വന്തം കാര്യങ്ങളെല്ലാം ആര്യൻ സ്വയമാണു ചെയ്യുന്നതെന്നതാണ് വസ്തുത.

ആര്യനെ ചികിത്സിക്കാൻ ഇതുവരെ യാതൊരു സേവനവും സ്വീകരിച്ചിട്ടില്ലെങ്കിലും, 10 വർഷ കാലയളവിൽ 664,000 ഡോളറാണ് ആര്യനു വേണ്ടിയുള്ള മെഡിക്കൽ, പഠന ചെലവായി സർക്കാർ കണക്കാക്കിയത്. മലയാളി കുടുംബത്തിന് സ്ഥിരതാമസാവകാശം നൽകിയാൽ അത് സമൂഹത്തിനും ഓസ്‌ട്രേലിയയിലെ നികുതിദായകർക്കും സാമ്പത്തിക ബാധ്യതയാണെന്നതായിരുന്നു ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ ആദ്യ വാദം. ഇതിനെതിരെ ഉയർന്ന പ്രതിഷേധമാണ് തീരുമാനം മാറ്റുന്നതിന് കാരണമാകുന്നത്. കുടുംബത്തിന്റെ സന്തോഷം ഓസ്‌ട്രേലിയൻ മാധ്യമങ്ങളിലും വലിയ വാർത്തയാണ്.

ഡന്റ് വിസയിലാണ് മലയാളി കുടുംബം ഓസ്ട്രേലിയയിലെത്തിയത്. തുടർന്ന് പെർമനന്റ് റസിഡൻസി അപേക്ഷ നൽകി. ഇത് നിരസിച്ചതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കാര്യം വ്യക്തമായത്. ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ഗിൽസിനോട് വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കഴിഞ്ഞ ദിവസം ദമ്പതികൾ കത്ത് നൽകിയിരുന്നു. പീപ്പിൾ വിത്ത് ഡിസെബിലിറ്റി ഓസ്‌ട്രേലിയ ട്രഷറർ സുരേഷ് രാജനാണ് കുടുംബത്തെ പ്രതിനിധീകരിച്ച് കത്ത് നൽകിയത്. ഈ കത്ത് പരിഗണിച്ചാണ് സ്ഥിര താമസ പെർമിറ്റ് അനുവദിക്കുന്നത്.