തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതി കേരളത്തില്‍ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായി മാറുന്നു. കേരളത്തിലെ കര്‍ഷകര്‍ക്ക് രണ്ടു കിലോവാട്ട് മുതല്‍ പത്ത് കിലോവാട്ട് വരെ ഉള്ള സൗരോര്‍ജ പ്ളാന്റുകള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനായി സൗജന്യമായി വെച്ചു നല്‍കാനുള്ള പദ്ധതിയാണിത്. ഇതിനെ അഴിമതിയുടെ കൂത്തരങ്ങായി മാറ്റിയിരിക്കുകയാണ് വൈദ്യുത മന്ത്രിയും അനര്‍ട്ടുമെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല ആരോപിക്കുന്നത്. 240 കോടി രൂപയുടെ പദ്ധതിയില്‍ 100 കോടിയില്‍ പരം വരുന്ന ക്രമക്കേടും അഴിമതിയുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നാണ് ആരോപണം.

സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതു കൊണ്ട് 175 കോടി രൂപ നബാര്‍ഡില്‍ നിന്നു 5.25 ശതമാനം പലിശ നിരക്കില്‍ 7 വര്‍ഷ കാലാവധിയില്‍ വായ്പയായി എടുത്താണ് ഈ 100 കോടി രൂപയുടെ വെട്ടിപ്പ് നടത്തുന്നത് എന്നതാണ് ഏറ്റവും അവിശ്വസനീയം. പണമില്ലെങ്കിലും അഴിമതി ഏതുവിധേയനെയും നടത്തും എന്നവസ്ഥയാണിത്. അഞ്ചു കോടി രൂപ വരെ ടെന്‍ഡര്‍ വിളിക്കാന്‍ അനുമതിയുള്ള അനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചതു മുതല്‍ ക്രമക്കേടുകള്‍ ആരംഭിക്കുന്നു. സര്‍ക്കാരിന്റെ രേഖാമൂലമായ അനുമതിയില്ലാതെ എങ്ങനെയാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ സാധിക്കുന്നത് എന്നു വ്യക്തമാക്കണം. തന്റെ അധികാരപരിധിക്ക് അപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനര്‍ട്ട് സിഇഒയ്ക്ക് ധൈര്യം ലഭിച്ചത് എവിടെ നിന്നാണ്. മന്ത്രിയുടെ രഹസ്യ നിര്‍ദേശമില്ലാതെ ഇത്തരമൊരു കാര്യം ഒരുദ്യോഗസ്ഥന് ചെയ്യാന്‍ എങ്ങനെയാണ് ധൈര്യം വരുന്നതെന്നും ചെന്നിത്തല ചോദിക്കുന്നു. തെളിവുകളും പുറത്തു വിട്ടു.

ഇത് വൈദ്യുത മന്ത്രിയുടെ മൗനാനുവാദത്തോടെ നടന്ന ക്രമക്കേടാണ് എന്നതു വ്യക്തമാക്കുന്നു. ഗ്രേഡിങ് ഇല്ലാത്ത കമ്പനികള്‍ക്കടക്കം ഉയര്‍ന്ന തുകയില്‍ കോണ്‍ട്രാക്ട് നല്‍കി വന്‍ വെട്ടിപ്പാണ് നടക്കുന്നത്. എവിടെതൊട്ടാലും അഴിമതി എന്ന നിലയിലേക്ക് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തരം താണിരിക്കുന്നു. പിഎം കുസും പദ്ധതി പ്രകാരം സോളാര്‍ പമ്പ് സ്ഥാപിക്കാനുള്ള പ്രോജക്ടില്‍ അനെര്‍ട്ട് നടത്തിയ കള്ളക്കളിയാണ് വെളിച്ചത്തു വരുന്നത്. സിഇഒയുടെ നിയമനത്തിലും ക്രമക്കേടുണ്ടെന്നാണ് ചെന്നിത്തല പറയുന്നു.

എംപാനല്‍ ചെയ്ത രണ്ടു വലിയ കമ്പനികള്‍ പിന്‍മാറിയതായി ഇന്ന് വാര്‍ത്തയില്‍ കാണുന്നു. അതായത് ഗ്രേഡിങ്ങില്‍ പുറത്തായ കമ്പനികള്‍ വഴിയാകും ഇനിയുള്ള പ്ളാന്റ് സ്ഥാപിക്കല്‍. ചുരുക്കത്തില്‍ ഗുണനിലവാരം പേരിനു പോലുമുണ്ടാകില്ല. സംസ്ഥാനത്തെ വിവിധ കൃഷിയിടങ്ങളില്‍ ഉപയോഗ ശൂന്യമായ സോളാര്‍ പന്തലുകള്‍ അവശേഷിക്കുന്ന അവസ്ഥയായിരിക്കും കുറച്ചു കാലം കഴിഞ്ഞാല്‍ നമ്മള്‍ കാണുന്നത്. ഈ ക്രമക്കേടുകളെക്കുറിച്ച് നിയമസഭാ കമ്മിറ്റിയെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തണം. അനര്‍ട്ടിനെ ഉപയോഗിച്ച് വൈദ്യുത മന്ത്രാലയം നടത്തുന്ന അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ പുറത്തു വിടുമെന്ന് ചെന്നിത്തല പറയുന്നു.

എന്താണ് ഈ 100 കോടിയുടെ ക്രമക്കേട്:

സൗരോര്‍ജ്ജ പമ്പുകള്‍ സ്ഥാപിക്കാനായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് റേറ്റിന്റെ ഇരട്ടിയിലേറെ റേറ്റിന് കേരളത്തില്‍ ടെന്‍ഡര്‍ നല്‍കി. 60 ശതമാനം മുതല്‍ 147 ശതമാനം വരെ റേറ്റ് വര്‍ധനയാണ് ഉണ്ടായത്. ഇത് മൊത്തം ഇടപാടില്‍ ഏതാണ്ട് 100 കോടി രൂപയുടെ വ്യത്യാസമാണ് വരുത്തിയിരിക്കുന്നത്. ഇതു കൂടാതെ ഗ്രേഡിങ് ഇല്ലാത്ത കമ്പനികള്‍ക്കും ഇതേ നിരക്ക് അനുവദിച്ചു. ഇത് പല കേസിലും അവര്‍ ക്വോട്ട് ചെയ്ത തുകയേക്കാള്‍ കൂടുതലാണ്.

ക്രമക്കേട് ഒന്ന് - അഞ്ചു കോടി രൂപയ്ക്കു മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അധികാരമുള്ള അനര്‍ട്ട് സിഇഒ 240 കോടിയുടെ ടെന്‍ഡര്‍ വിളിച്ചു.

ക്രമക്കേട് രണ്ട് - ആദ്യ ടെന്‍ഡറില്‍, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് നിരക്കില്‍ നിന്ന് അധികം വ്യത്യാസമില്ലാതെ നിരക്ക് സമര്‍പ്പിച്ച കമ്പനിയെ നീക്കം ചെയ്ത് വീണ്ടും ബിഡ് നടത്താന്‍ തീരുമാനിച്ചു.

240 കോടി രൂപയുടെ ആദ്യ ടെന്‍ഡര്‍ 2022 ആഗസ്റ്റ് 10 ന് ക്ഷണിച്ചു. 13 കമ്പനികളാണ് പങ്കെടുത്തത്. ഇതില്‍ യോഗ്യമായ ടെക്‌നിക്കല്‍ ബിഡ് സമര്‍പ്പിച്ച 6 കമ്പനികളുടെ ഫിനാന്‍സ് ബിഡ് ഓപ്പണ്‍ ചെയ്തു. ഇതില്‍ അഥിതി സോളാര്‍ എന്ന കമ്പനിയാണ് കുറഞ്ഞ തുക രേഖപ്പെടുത്തിയിരുന്നത്. ഇവര്‍ വെച്ച ടെന്‍ഡര്‍ പ്രകാരമുള്ള തുക കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച തുകയായ കിലോവാട്ട് ഒന്നിന് ജിഎസ്ടി അട്ക്കം 50,472 ല്‍ നിന്ന് ഏതാണ്ട് 16,000 രൂപയുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു.

എന്നാല്‍ കുറഞ്ഞ തുക ടെന്‍ഡര്‍ ചെയ്ത ഈ കമ്പനി മെയില്‍ മുഖേന അവരെ ഇതില്‍ പരിഗണിക്കേണ്ടതില്ല എന്ന് അറിയിച്ചതായി ഡിസംബര്‍ 3 ന് അനെര്‍ട്ട് സി.ഇ.ഒ ഫയലില്‍ രേഖപ്പെടുത്തി. എന്നാല്‍ ഇത് സംബന്ധിച്ച മെയിലിന്റെ പകര്‍പ്പ് ഫയല്‍ രേഖകളില്‍ ഇല്ല. അതായത് ഈ കമ്പനി തങ്ങള്‍ സ്വയം ഒഴിവായി എന്നു പറഞ്ഞോ എന്ന കാര്യത്തില്‍ വേണ്ട രേഖകള്‍ സിഇഒ ഹാജരാക്കിയിട്ടില്ല.

അതിനുശേഷം യോഗ്യരായ 6 കമ്പനികളെയും പങ്കെടുപ്പിച്ച് ഡിസംബര്‍ 6 ന് അനര്‍ട്ട് സിഇഒ ഓണ്‍ ലൈന്‍ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ഈ മീറ്റിംഗില്‍ വെച്ച് ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് റീ ടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു. യോഗ്യമായ കമ്പനികളുടെ എണ്ണത്തിലുള്ള കുറവും, രേഖപ്പെടുത്തിയ തുക കൂടുതലും പദ്ധതിയെ ബാധിക്കും. നബാര്‍ഡിന്റെ വായ്പ തിരിച്ചടവ് കാലാവധി ഇത് കാരണം നീളുന്നത് കര്‍ഷകരെ ബാധിക്കും. ബെഞ്ച്മാര്‍ക്ക് വിലയെക്കാള്‍ വളരെ കൂടുന്നത് എം.എന്‍.ആര്‍.ഇ യുടെ ശ്രദ്ധയില്‍ വരും എന്നൊക്കെയാണ് അനെര്‍ട്ട് സി.ഇ.ഒ ഈ യോഗത്തില്‍ പറഞ്ഞത്.

ക്രമക്കേട് മൂന്ന് - എന്നാല്‍ റീ ടെന്‍ഡറില്‍ 8 കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ റീടെണ്ടറില്‍ ബെഞ്ച് മാര്‍ക്ക് തുകയേക്കാള്‍ ഇരട്ടിയിലേറെ തുകയാണ് കമ്പനികള്‍ ക്വോട്ട് ചെയ്തത്. ഇതില്‍ ഒരു കമ്പനിക്ക് ഇ ടെന്‍ഡര്‍ തുറന്ന ശേഷം മാറ്റങ്ങള്‍ വരുത്താന്‍ അനുവദിക്കുകയും ചെയ്തു. ടെക്‌നിക്കല്‍ ഗ്രേഡിങ്ങില്‍ പുറത്തായ കമ്പനികള്‍ക്കു വരെ കരാര്‍ നല്‍കി.

ക്രമക്കേട് നാല് - സോളാര്‍ പ്ലാന്റിനായി സംസ്ഥാനത്തിന് ഒരു അടിസ്ഥാന വില നിശ്ചയിക്കുന്നതിന് 2021 ജൂലൈ 13 ന് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനെര്‍ട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അനുമതി നല്‍കിയിരുന്നു. ഇതിനായി ഒരു കമ്മിറ്റിയെയും നിശ്ചയിച്ചിരുന്നു. എന്നാല്‍ അനെര്‍ട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഈ തീരുമാനം ഇതുവരെയും അനെര്‍ട്ട് സി.ഇ.ഒ നടപ്പിലാക്കിയിട്ടില്ല.

ഈ കമ്മിറ്റി അടിസ്ഥാന വില നിശ്ചയിച്ചിരുന്നെങ്കില്‍ അനര്‍ട്ട് മുഖേനെ കേരളത്തില്‍ നടപ്പാക്കുന്ന എല്ലാ സൗരോര്‍ജ്ജ പദ്ധതികള്‍ക്കും ഈ ഏകീകൃത റേറ്റ് നിലവില്‍ വരുമായിരുന്നു. നിലവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും വഴി നടപ്പാക്കുന്ന പദ്ധതിക്ക് ഏകീകൃത റേറ്റ് അല്ല പല റേറ്റുകളാണ് വാങ്ങുന്നത്. ഇതുവഴി ഉണ്ടാകുന്ന വന്‍ അഴിമതിയും തടയാന്‍ സാധിക്കുമായിരുന്നു.

ക്രമക്കേട് അഞ്ച് - ടെന്‍ഡര്‍ ഫയലുകള്‍ ഫിനാന്‍സ്, പര്‍ച്ചേയിസ് വിഭാഗത്തിലുള്ളവരെ കാണിച്ചിട്ടില്ല: അനെര്‍ട്ടില്‍ സെക്രട്ടറിയേറ്റിലെ ഫിനാന്‍സ് സെക്ഷനില്‍ നിന്നുള്ള ഒരു സീനിയര്‍ അഡീഷണല്‍ സെക്രട്ടറി ചീഫ് ഫിനാന്‍സ് ഓഫീസര്‍ ആയുള്ള ഒരു ഫിനാന്‍സ് വിഭാഗം ഉണ്ട്. കൂടാതെ പര്‍ച്ചേയിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിന് ഒരു ജൂനിയര്‍ മാനേജര്‍ക്ക് ചുമതലയും നല്‍കിയിട്ടുണ്ട്. എന്നാല്‍ 240 കോടി രൂപ വരുന്ന ഈ പദ്ധതിയുടെ ടെന്‍ഡര്‍ ക്ഷണിച്ചതും, വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതും ആയ ഫയലുകള്‍ ഈ വിഭാഗത്തിലുള്ളവരെ കാണിച്ചിട്ടില്ല.

ക്രമക്കേട് ആറ് - താല്കാലിക ജീവനക്കാര്‍ക്കാണ് പല ചുമതലകളും നല്കിയത്: 89 ദിവസത്തേക്ക് മാത്രം നിയോഗിച്ച താല്കാലിക ജീവനക്കാരെയാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനും, സ്ഥാപിച്ച പ്ലാന്റുകള്‍ പരിശോധിക്കുന്നതിനും ചുമതല നല്കിയിരിക്കുന്നത്. അനെര്‍ട്ടുമായി നിയമന വ്യവസ്ഥ സംബന്ധിച്ച് ഒരു കാരാറും ഒപ്പിടാത്ത ഈ ജീവനക്കാര്‍ പല സമ്മര്‍ദ്ധങ്ങള്‍ക്കും വിധേയമായാണ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും, പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും.