- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കിനും മൂലയിലും പള്ളി വേണമെന്ന് ഖുറാനിൽ ഒരിടത്തും പരാമർശമില്ലെന്ന സുപ്രധാന വിധി; ആരാധാനാലയങ്ങളെ നിയന്ത്രിക്കാനുള്ള ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ വിധിന്യായത്തിന് പിന്നിൽ സ്ത്രീ ശക്തി; കുടുംബ ജീവിത്തിന്റെ സ്വസ്ഥത ഉറപ്പാക്കാൻ അമരമ്പലത്ത് നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടം; നൂറുൽ ഇസ്ലാം സാംസ്‌കാരിക സംഘത്തെ കോടതിയിൽ തോൽപ്പിച്ചത് ആനി എം ജോർജ്
മലപ്പുറം: മുക്കിനും മൂലയിലും പള്ളി വേണമെന്ന് ഖുറാനിൽ ഒരിടത്തും പരാമർശിക്കപ്പെട്ടില്ല-ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ നിർണ്ണായക വിധിന്യായത്തിൽ ഇങ്ങനെ പറയുന്നു. ഒപ്പം ആരാധനാലയങ്ങൾക്ക് ലൈസൻസ് വേണമെന്നും ഹൈക്കോടതി ജഡ്ജി ഉത്തരവിട്ടു. അംഗീകാരമില്ലാത്ത മത സ്ഥാപനങ്ങൾ പൂട്ടണമെന്ന സൂചനകളുമായി കേരളാ ഹൈക്കോടതിയുടെ വിധിന്യായം വരുമ്പോൾ താരം ഒരു വനിതായണ്.
പൊതു സമൂഹത്തിനു വേണ്ടി ഈ വിധി നേടിയെടുത്തതിനു പിന്നിൽ ഒരു സ്ത്രീയുടെ നിശ്ചയദാർഢ്യത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു കഥയുണ്ട്. നിലമ്പൂർ അമരമ്പലം പഞ്ചായത്തിലെ തോട്ടേക്കാട് നിവാസി ആനി എം ജോർജ്ജാണ് നിശ്ചയദാർഢ്യത്തിന്റെ പര്യായമായ വനിത. തന്റെ വീടിനോട് വളരെ ചേർന്ന് കൊമേഴ്ഷ്യൽ ആവശ്യത്തിന് പണിത ഒരു കെട്ടിടം പെട്ടെന്ന് മുസ്ലിം ആരാധനാലയമായി രൂപാന്തരം പ്രാപിക്കുന്നു. ഇത് തങ്ങളുടെ കുടുംബ ജീവിതത്തിന്റെ സ്വസ്ഥതയ്ക്ക് തടസ്സമാകുമെന്ന് മനസ്സിലാക്കി ആദ്യം പഞ്ചായത്തിലും ലോക്കൽ പൊലീസ് സ്റ്റേഷനിലും പരാതി നല്കി.
അവിടെയെല്ലാം നിരാശയായിരുന്നു ഫലം. പിന്നീട് ജില്ലാ കളക്ടറുടെയടുത്ത് പരാതി നല്കി അവിടെയും പരാതി പൂഴ്‌ത്തിവെയ്ക്കപ്പെട്ടു. പ്രാദേശിക കോടതികളിൽ ആനി നിയമ പോരാട്ടം തുടങ്ങി. അവിടെനിന്നും പ്രാദേശിക വക്കിലിന്റെ ശുപാർശയിൽ ഹൈക്കോടതിയിൽ ഘോര ഘോരം വാദിക്കുന്ന മഞ്ചേരി കാവനൂർ സ്വദേശി അവസാനം നായർ എന്ന വാല് കൂട്ടിച്ചേർത്ത വക്കീലിനെ വക്കാലത്ത് ഏല്പിച്ചു. പക്ഷേ അതുകൊണ്ട് ഫലമുണ്ടായില്ല.
സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു. വക്കാലത്തും പൈസയും വാങ്ങിയവക്കീൽ എംഎൽഎ അടക്കമുള്ള പ്രമുഖരുടെ പ്രമാദമായ കേസ് വാദിക്കുന്നയാൾ ആരുടെയോ സമ്മർദ്ദത്തിനു വഴങ്ങി എതിർ കക്ഷികളുമായിച്ചേർന്ന് കേസിനെ അട്ടിമറിച്ചു. തനിക്കു പറ്റിയ ചതി മനസ്സിലാക്കിയ ആനി വീണ്ടും മുന്നോട്ടു പരാതികളുമായി നീങ്ങി. ഹൈക്കോടതിയിൽ പുതിയവക്കീലിനെ വെച്ചു. അങ്ങനെ നീണ്ട അഞ്ചുവർഷത്തെ നിയമ പോരാട്ടം ,
എതിർ കക്ഷികളുടെ ആക്രമണങ്ങൾ, ഭീക്ഷണികൾ ,ഒറ്റപ്പെടുത്തലുകൾ എന്നിവയെല്ലാം അതിജീവിച്ച് കേരളത്തിലെ പൊതു സമൂഹത്തിനു വേണ്ടി ചരിത്രപരമായ ഒരു വിധി നേടിയെടുത്തിരിക്കുകയാണ് നിലമ്പൂർ തോട്ടേക്കാട് സ്വദേശിയായ ഈ വീട്ടമ്മയെന്നാണ് സോഷ്യൽ മീഡിയയിൽ അജിതോമസ് വിശദീകരിക്കുന്നു. ഇന്നലെ ആനിയുടെ ത്യാഗത്തിന്റെയും ലക്ഷ്യബോധത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലനമാണ് ഹൈക്കോടതിയുടെ വിധിന്യായത്തിലൂടെ കേരളകര ശ്രവിച്ചതും ചർച്ച ചെയ്തതും. സമ്മർദ്ദങ്ങൾക്കു മുന്നിൽ അടിപതറാതെ തനിച്ച് പൊരുതി ലക്ഷ്യം നേടിയെടുക്കുകയായിരുന്നു ആനി എം ജോർജ്ജ്.
ആരാധനാലയങ്ങൾ അനുമതിയില്ലാതെ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുമ്പോൾ ചർച്ചയാകുന്ന മറ്റൊരു പേര് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെതായിരുന്നു. മലപ്പുറം അമരമ്പലം പഞ്ചായത്തിൽ വാണിജ്യാവശ്യത്തിന് നിർമ്മിച്ച കെട്ടിടത്തിൽ മോസ്‌ക് അനുവദിക്കണമെന്ന ഹർജി കോടതി തള്ളിയാണ് ഈ നിർദ്ദേശം മുമ്പോട്ട് വച്ചത്. നൂറുൽ ഇസ്ലാം സാംസ്‌കാരിക സംഘം സെക്രട്ടറി ആലിക്കുട്ടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.
പ്രദേശത്ത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 36 മോസ്‌കുകൾ ഉണ്ടന്ന് പഞ്ചായത്ത് സെക്രട്ടറി റിപോർട് നൽകിയിരുന്നു. കെട്ടിടം ആരാധനലായമാക്കുന്നതിരെ പ്രദേശവാസിയുടെ പരാതിയിൽ കളക്ടർ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ നൂറൂൽ ഇസ്ലാം സാംസ്‌കാരിക സംഘം കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും എത്രയും വേഗം അടച്ചുപൂട്ടണമെന്നും കോടതി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
ആരാധനലായങ്ങൾ നിയമാനുസൃതമാണന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഉത്തരവുകൾ പുറപ്പെടുവിക്കണം. വാണിജ്യവശ്യത്തിന് അനുമതി ലഭിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നത് തടഞ്ഞ് സർക്കുലർ ഇറക്കണം. ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്കും പ്രാർത്ഥനാ ഹാളുകൾക്കും അനുമതി നൽകാവൂ. അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം.അപൂർവങ്ങളിൽ അപൂർവ അപേക്ഷകളിൽ മാത്രമേ വാണിജ്യ കെട്ടിടങ്ങളെ ആരാധനാലയങ്ങളാക്കാൻ അനുവദിക്കാവൂ. അനുമതി നൽകുന്നത് പൊലീസിന്റെയും ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ആരാധാനാലയങ്ങൾക്കുള്ള ലൈസൻസ് നൽകുന്നതിന് മാനദണ്ഡം നിർബന്ധമാക്കണം. അനുമതിയില്ലാത്തവയ്‌ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അമരമ്പലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാൻ അനുമതി തേടി മലപ്പുറത്തെ നൂറുൽ ഇസ്ലാമിക് സാംസ്‌കാരിക സംഘം നേരത്തെ അപേക്ഷ നൽകിയിരുന്നു. ജില്ലാ കളക്ടർക്കാണ് അപേക്ഷ നൽകിയിരുന്നത്. അതേസമയം വാണിജ്യ കെട്ടിടം പ്രാർത്ഥനയ്ക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന അപേക്ഷ ജില്ലാ കളക്ടർ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇസ്ലാമിക സാംസ്‌കാരിക സംഘം ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജി പരിഗണിക്കവേയാണ് അനുമതിയില്ലാത്ത ആരാധനാലയങ്ങൾ പൂട്ടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ആരാധനാലയങ്ങൾക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലയങ്ങൾ തമ്മിലുള്ള ദൂരപരിധി പരിശോധിക്കേണ്ടത് നിർബന്ധമാണെന്ന് കോടതി പറഞ്ഞു.
മാത്രമല്ല ഒരു കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാനുള്ള അപേക്ഷ പാടില്ലെന്ന് സംസ്ഥാന സർക്കാർ സർക്കുലറിറക്കണമെന്നും കോടതി പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത്തരം കെട്ടിടങ്ങൾക്ക് അനുമതി നൽകുവാൻ പാടുള്ളു. കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാൻ അപൂർവങ്ങളിൽ അപൂർവമായി അനുമതി നൽകുകയാണെങ്കിൽ തന്നെ അത് പൊലീസ് റിപ്പോർട്ടിന്റേയും ഇന്റലിജൻസ് റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ