ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്ന ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിരിക്കുകയാണ്. വോട്ടര്‍ തട്ടിപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബിജെപി ഒത്തുകളിക്കുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയായാണ് ഇത്തരമൊരു ആക്ഷേപം ഉയര്‍ത്തിയിട്ടുള്ളത്. ഇറ്റലിയില്‍ ജനിച്ച സോണിയ ഗാന്ധി 1980 മുതല്‍ 1982 വരെയുള്ള കാലഘട്ടത്തില്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നുവെന്നും, അവര്‍ക്ക് 1983-ലാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചതെന്നും മുന്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആരോപിച്ചു.

ഇക്കാര്യത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിപ്പിട്ടു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെയും ഇന്ദിരാ ഗാന്ധിയേയും ലക്ഷ്യമിട്ട് നടന്ന ചതിയുടെ അദ്ധ്യായം ആരും മറന്നു കാണില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇന്ദിര ഗാന്ധിയുടെ പ്രൈവറ്റ് സ്റ്റാഫ് ആയിരുന്ന പി.എന്‍. ഹക്‌സര്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് രാജിവെച്ച് പ്രചാരണത്തിന് ഇറങ്ങിയതും പിന്നീട് ജനത പാര്‍ട്ടി അനുഭാവമുള്ളവര്‍ രാജിക്കത്ത് നശിപ്പിച്ച് ഇന്ദിരയെ അയോഗ്യയാക്കിയതും അനില്‍ ഓര്‍മിപ്പിച്ചു. 1980-ലെ തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന സമയം ഇന്ത്യയില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത് ഈ ജനത പാര്‍ട്ടിയായിരുന്നു. കരട് വോട്ടര്‍ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് വന്നപ്പോള്‍ തന്നെ അതിലെ ചതി തിരിച്ചറിഞ്ഞ ഇന്ദിര ഗാന്ധി ഉടന്‍ തന്നെ അത് ഒഴിവാക്കാന്‍ അങ്ങോട്ട് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുകയും ചെയ്തിരുന്നു -അനില്‍ കുറിച്ചു.

അനില്‍ അക്കരയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

1980ലെ ഇലക്ഷന് വേണ്ടി വോട്ടര്‍ പട്ടിക തയ്യാര്‍ ആക്കുന്ന സമയം ഇന്ത്യയില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത് ജനത പാര്‍ട്ടിയായിരുന്നു, കോണ്‍ഗ്രസ് അല്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെയും ഇന്ദിരാ ഗാന്ധിയേയും ലക്ഷ്യമിട്ട് നടന്ന ചതിയുടെ അദ്ധ്യായം നിങ്ങള്‍ ആരും മറന്നു കാണില്ല. ആ ചതി ജനങ്ങള്‍ക്ക് മുന്നില്‍ ചരിത്രം വെളിച്ചത്ത് കൊണ്ട് വന്നതുമാണ്.

ജനത പാര്‍ട്ടി അന്ന് ഇന്ദിരാ ഗാന്ധിയ്ക്ക് എതിരെ നടത്തിയ ചതി ഇപ്രകാരമായിരുന്നു. ഇന്ദിര ഗാന്ധിയുടെ സ്വകാര്യ സ്റ്റാഫ് ആയിരുന്ന പി. എന്‍. ഹക്‌സര്‍ രാജിക്കത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സമര്‍പ്പിച്ചു. അതിന് ശേഷമാണ് ഇന്ദിരാ ഗാന്ധിയ്ക്ക് വേണ്ടി ഇലക്ഷന്‍ പ്രചാരണത്തിന് ഇറങ്ങിയത്.

എന്നാല്‍, അദ്ദേഹത്തിന്റെ രാജിക്കത്ത് ഫയലില്‍ സ്വീകരിക്കാതെ ഇന്ദിരാ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് ആയിരുന്ന ജൈപാല്‍ റെഡ്ഡി അത് നശിപ്പിച്ചു കളഞ്ഞു. അന്ന് എല്ലാം പേപ്പര്‍ സിസ്റ്റമാണ് ഡിജിറ്റല്‍ ഡാറ്റകള്‍ അല്ല. എന്നാല്‍ ഇത് അറിയാതെ ഹക്‌സര്‍ ഇന്ദിര ഗാന്ധിയ്ക്ക് വേണ്ടി ഇലക്ഷന്‍ പ്രചാരണത്തിന് ഇറങ്ങി.

ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ വാഹനവും ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിച്ചു എന്ന് കാണിച്ചു എതിര്‍ സ്ഥാനാര്‍ഥി ആയിരുന്ന രാജ് നറൈന്‍ കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തുടരുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് കാണിച്ചു ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയത്. രാജിക്കത്ത് തടഞ്ഞുവെച്ച ജൈപാല്‍ റെഡ്ഡി അവിടെ നിന്ന് മാസങ്ങള്‍ക്കകം ജനത പാര്‍ട്ടിയില്‍ ചേര്‍ന്നത് കാര്യത്തിന്റെ രാഷ്ട്രീയ സ്വഭാവം തെളിയിക്കുന്നതാണ്.

1980-ല്‍ കരട് വോട്ടര്‍ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് വന്നപ്പോള്‍ തന്നെ അതിലെ ചതി തിരിച്ചറിഞ്ഞ ഇന്ദിര ഗാന്ധി ഉടന്‍ തന്നെ അത് ഒഴിവാക്കാന്‍ അങ്ങോട്ട് അപേക്ഷ നല്‍കി. തുടര്‍ന്ന്, ആ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അവിടെ നിന്ന് മൂന്നു വര്‍ഷം കഴിഞ്ഞാണ് സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. അതിന് ശേഷമാണ്, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നതും അവരുടെ പേര് വരുന്നതും വോട്ട് ചെയ്യാനുളള അവകാശം ലഭിക്കുന്നതും വോട്ട് ചെയ്യുന്നതും.

BJP വലിയ കാര്യത്തില്‍ അന്നത്തെ കരട് വോട്ടര്‍ പട്ടികയാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ വോട്ട് ചെയ്തവരുടെ ലിസ്റ്റ് അവര്‍ എന്തുകൊണ്ട് കാണിക്കുന്നില്ല? കാരണം, അതില്‍ സോണിയ ഗാന്ധിയുടെ പേര് ഇല്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. 1980ല്‍ തന്നെ ഇന്ദിരാ ഗാന്ധി കൌണ്ടര്‍ ചെയ്ത ഈ നനഞ്ഞ പടക്കമാണ് BJP, സോണിയ ഗാന്ധി ആദ്യമായി മത്സരിച്ച 1999-ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ഉയര്‍ത്തിയത്.

ഇപ്പോള്‍ 45 വര്‍ഷം കഴിഞ്ഞിട്ടും അവര്‍ അവിടെ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് വന്നിട്ടില്ല എന്നതാണ് ഇന്നും ചിരിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.


ബിജെപിയുടെ ആരോപണം

സോണിയാ ഗാന്ധിയുടെ പേര് ആദ്യമായി വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 1980-ല്‍, അവര്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്നുകൊല്ലം മുന്‍പാണ്. അന്ന് അവര്‍ ഇറ്റാലിയന്‍ പൗരയായിരുന്നു. ആ സമയത്ത് ഗാന്ധികുടുംബം ജീവിച്ചിരുന്നത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗികവസതിയായ 1, സഫ്ദര്‍ജങ് റോഡില്‍ ആയിരുന്നു. അന്നുവരെ ആ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന വോട്ടര്‍മാര്‍ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും മനേകാ ഗാന്ധിയുമായിരുന്നു. 1980-ല്‍ ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തിലെ ഇലക്ടറല്‍ റോള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കി. 1980 ജനുവരി ഒന്നാം തീയതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്. ഈ പുനഃപരിശോധനാ പ്രക്രിയയ്ക്കിടെ സോണിയാ ഗാന്ധിയുടെ പേര് 145-ാം പോളിങ് സ്റ്റേഷനിലെ 388-ാം സീരിയല്‍ നമ്പറായി ചേര്‍ക്കപ്പെട്ടു, അമിത് മാളവ്യ ആരോപിച്ചു.

വോട്ടറായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിന് ഒരു വ്യക്തി ഇന്ത്യന്‍ പൗരനായിരിക്കണം എന്ന നിയമത്തിന്റെ വ്യക്തമായ ലംഘനമായിരുന്നു ഈ നടപടി. 1982-ല്‍ പ്രതിഷേധത്തിന് പിന്നാലെ അവരുടെ പേര് പട്ടികയില്‍നിന്ന് നീക്കംചെയ്തു. പക്ഷേ 1983-ല്‍ പേര് വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാല്‍, അവരുടെ പേര് വീണ്ടും ഉള്‍പ്പെട്ടത് ഗൗരവകരമായ ചോദ്യങ്ങള്‍ക്ക് വഴിവെച്ചു. ആ കൊല്ലത്തെ വോട്ടര്‍ പട്ടികയുടെ പുതിയ പുനഃപരിശോധനയില്‍, പോളിങ് സ്റ്റേഷന്‍ 140-ല്‍ 236-ാം ക്രമനമ്പറായി സോണിയ ഗാന്ധിയെ പട്ടികയില്‍ ഉള്‍പ്പെടുത്തി. വോട്ടര്‍ രജിസ്‌ട്രേഷനുള്ള യോഗ്യതാതീയതി 1983 ജനുവരി ഒന്ന് ആയിരുന്നു. എന്നാല്‍ സോണിയയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചതാകട്ടെ 1983 ഏപ്രില്‍ 30-ന് ആയിരുന്നു.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പൗരത്വത്തിനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലാതെ സോണിയാ ഗാന്ധിയുടെ പേര് രണ്ടുതവണ വോട്ടര്‍ പട്ടികയില്‍ ഇടം നേടി. ആദ്യം ഒരു ഇറ്റാലിയന്‍ പൗരയായി 1980-ല്‍. രണ്ടാമത്, 1983-ല്‍ നിയമപരമായി ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പും. രാജീവ് ഗാന്ധിയെ വിവാഹംചെയ്തശേഷം ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ അവര്‍ എന്തുകൊണ്ട് പതിനഞ്ചുകൊല്ലമെടുത്തു എന്നുപോലും ഞങ്ങള്‍ ചോദിക്കുന്നില്ല, അമിത് മാളവ്യ കുറിപ്പില്‍ പറയുന്നു. ഇത് നഗ്നമായ തിരഞ്ഞെടുപ്പ് ക്രമക്കേടല്ലെങ്കില്‍ പിന്നെന്താണ് എന്ന ചോദ്യത്തോടെയാണ് അമിത് മാളവ്യയുടെ കുറിപ്പ് അവസാനിക്കുന്നത്.

അനുരാഗ് താക്കൂര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ചു. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലും കര്‍ണാടകയിലും നടന്ന തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള രാഹുലിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും താക്കൂര്‍ ആരോപിച്ചു.

അമിത് മാളവ്യയുടെ ആരോപണങ്ങളോട് പ്രതികരിച്ച കോണ്‍ഗ്രസ്, നിലവിലെ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് തിരിച്ചടിച്ചത്. 'ഇന്നത്തെ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍, 45 വര്‍ഷം പഴക്കമുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ബിജെപി ഉയര്‍ത്തുന്നു, ഇത് അനാവശ്യമാണ്' എന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു. അനുരാഗ് താക്കൂറിന്റെ ആരോപണങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും വോട്ടര്‍ തട്ടിപ്പ് ആരോപണങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്നാണ് ഈ തട്ടിപ്പുകള്‍ നടത്തിയതെന്നും ലക്ഷക്കണക്കിന് വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബെംഗളൂരുവിലെ മഹാദേവപുരയില്‍ ഒരു മുറിയിലുള്ള വീട്ടില്‍ നിന്ന് 80 വോട്ടുകള്‍ ഉള്‍പ്പെടെ 1.02 ലക്ഷം അനധികൃത വോട്ടുകള്‍ എണ്ണിയെന്നും ഇത് തങ്ങള്‍ക്ക് ഒരു ലോക്സഭാ സീറ്റ് നഷ്ടപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.