- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനിൽ അംബാനി തിരിച്ചുവരുമോ?
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചകളിൽ ഒന്നായി, വിലയിരുത്തപ്പെടുന്ന ഒന്നായിരുന്നു, ഏഷ്യൻ അതിസമ്പന്നനും, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയ സഹോദരൻ അനിൽ അംബാനിയുടെ തകർച്ച. 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്ന, ലോകത്തിലെ എറ്റവും വലിയ ധനികനിൽ നിന്ന്, പാളീസായി പാപ്പർ ഹരജി ഫയൽ ചെയ്യേണ്ടി വന്ന അനിൽ അംബാനിയുടെ കഥ സമാനകൾ ഇല്ലാത്തതായിരുന്നു.
ജ്യേഷ്ഠൻ മുകേഷ് അംബാനി ലോകത്തിലെ 11-ാമത്തെ ധനികനായി വളരവേയാണ് അനിയന്റെ ഈ ദുരവസ്ഥ. ഒരുകാലത്ത് ജ്യേഷ്ഠനേക്കാൾ കേമാനായിരുന്നു അനുജൻ. ആഗോള കോടീശ്വര പട്ടികയിൽ 6-ാം സ്ഥാനം വരെ കണ്ടെത്താൻ അനിൽ അംബാനിക്ക് സാധിച്ചിരുന്നു. എന്നാൽ എവിടെയോ വച്ച് താളം തെറ്റിയ അനിൽ അംബാനിയുടെ സാമ്രാജ്യം കടങ്ങളിലേയക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. 2020-ൽ യുകെ കോടതിയിൽ പാപ്പരത്വം പ്രഖ്യാപിക്കുന്നതു വരെ കാര്യങ്ങൾ എത്തിയിരുന്നു.
എന്നാൽ ഇപ്പോൾ ഒരു തിരിച്ചുവരവിനു ശ്രമിക്കുകയാണ് അനിൽ അംബാനി. ഓഹരി വിപണികളിലടക്കം അനിൽ അംബാനിയുടെ കമ്പനികൾ തിരിച്ചുവരവ് അറിയിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അനിൽ അംബാനി സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നായ റിലയൻസ് പവർ വീണ്ടും കടരഹിതമായിരിക്കുന്നു. ഇതോടെ അനിൽ അംബാനി തിരിച്ചുവരുമോ എന്നാണ് ബിസിനസ് വൃത്തങ്ങളിൽ ഉയരുന്ന ചർച്ച.
800 കോടിയുടെ കടം വീട്ടി
ബിസിനസ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ട് പ്രകാരം ഈ അനിൽ അംബാനി കമ്പനിക്ക്, ഏകദേശം 800 കോടി രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നത്. ഏറ്റവും പുതിയ ഇടപാടിൽ ഇതു വീട്ടി, ബാങ്കുകൾക്ക് നൽകാനുണ്ടായിരുന്ന കുടിശികകളെല്ലാം അടച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അനിൽ അംബാനിയും കൂട്ടരും ഇതുസംബന്ധിച്ച ചർച്ചകളിലായിരുന്നു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഡിബിഎസ്, ഐഡിബിഐ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകളുമായി കമ്പനി നിരവധി ഡെബ്റ്റ് സെറ്റിൽമെന്റ് കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരമുള്ള മുഴുവൻ ബാധ്യതകളും തീർത്തതോടെയാണ് കമ്പനി കടരഹിതമായിരിക്കുന്നത്.
അനിൽ അംബാനിയുടെ റിലയൻസ് പവറിന് നിലവിൽ 38 ലക്ഷത്തിലധികം റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ 4016 കോടി രൂപയുടെ ഇക്വിറ്റി ബേസ് ഉണ്ട്. 3,960 മെഗാവാട്ട് സാസൻ യുഎംപിപിയും, ഉത്തർപ്രദേശിലെ 1,200 മെഗാവാട്ട് റോസ തെർമൽ പവർ പ്ലാന്റും ഉൾപ്പെടെ 5,900 മെഗാവാട്ടിന്റെ പ്രവർത്തന ശേഷി കമ്പനിക്കുണ്ട്. ഇന്ത്യൻ ഊർജ വിപണിയിലെ മികച്ച സംരംഭങ്ങളിൽ ഒന്നു തന്നെയാണ് കമ്പനി.
2008-ൽ ഏകദേശം 260.78 രൂപ രേഖപ്പെടുത്തിയ ഓഹരിയാണ് റിലയൻസ് പവറിന്റേത്. 2020 മാർച്ച് 27 ന് ഓഹരി വില ഏകദേശം 1.13 രൂപ വരെയെത്തി. നിലവിൽ റിലയൻസ് പവർ ഓഹരികളുടെ വില 26.15 രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 65 ശതമാനത്തോളം റിട്ടേൺ നൽകാൻ ഓഹരിക്കു സാധിച്ചു. കടങ്ങൾ തീർത്തതോടെ കമ്പനിക്ക് തിരിച്ചുവരവിന് സാധിക്കുമെന്നു വിദഗ്ദ്ധർ പറയുന്നു. ഓഹരി വില ഇനിയും കൂടാനും സാധ്യതയുണ്ട്.
2020-ൽ കടബാധ്യതയെ തുടർന്ന് അനിൽ പാപ്പർ ഹരജി നൽകിയത്. രാജ്യത്തെ ഏറ്റവും വലിയ പവർ കമ്പനി ഉണ്ടാക്കാനായി ലക്ഷക്കണക്കിന് കോടി കടമെടുത്തത് ഒരു കോർപ്പറേറ്റ് ചൂതാട്ടമായിരുന്നു അനിൽ നടത്തിയതെന്ന് വിമർശനമുണ്ട്. അവസാനം ചൈനീസ് ബാങ്കുകൾ അറസ്റ്റ് ചെയ്യുമെന്നായപ്പോൾ മുകേഷ് ആണ് 500 മില്യൺ ഡോളർ കൊടുത്ത് അനിയനെ ജയിലിൽനിന്ന് നിന്ന് രക്ഷിച്ചത്. ഇന്നും മുകേഷ് അംബാനി കുടുംബം അനിലിന് പിന്നിൽ ഉറച്ച പിന്തുണയുമായുണ്ട്. അനിലിന്റെ മക്കളായ ജയ് അന്മോൽ അംബാനി, ജയ് അൻഷുൽ അംബാനി എന്നീ രണ്ടുപേരും ഇപ്പോൾ ബിസിനസിലുണ്ട്. മുകേഷ് അംബാനിയുടെയും മക്കളുടെയും പൂർണ്ണ പിന്തുണ ഇവർക്കുണ്ട്. അനിയനോട് ഉള്ള ദേഷ്യം മുകേഷിന്റെ അനിയന്റെ മക്കളോട് ഇല്ല എന്നാണ് മുംബൈ ബിസിനസ് പത്രങ്ങൾ എഴുതുന്നത്. അവർ എല്ലാവരും ചേർന്നാണ് ഇപ്പോൾ റിലയൻസിനെ കരകയറ്റിയിരിക്കുന്നത്.
ഇപ്പോഴും കോടികളുടെ ആസ്തി
പാപ്പാരാവുക എന്നാൽ ഒരു ടെക്നിക്കൽ നടപടി കൂടിയാണ്. അതിനർഥം അനിൽ പിച്ചക്കാരനായി എന്നല്ല. അനിൽ അംബാനിയുടെ വീടിന് മാത്രം അഞ്ചൂറ് കോടിയോളം വിലവരും. സഹോദരൻ മുകേഷിന്റെ വസതിക്ക് കിടപിടിക്കുന്നതാണിത്. അനിലിന്റെ മുംബൈയിലെ വീട് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഇപ്പോഴും മുൻനിരയിൽ തന്നെയാണ്. 17 നിലകളിൽ ഒരുക്കിയ കൊട്ടാരം എന്നുതന്നെ 'അഡോബ്' എന്ന ഈ വീടിനെ വിശേഷിപ്പിക്കാം. മുംബൈയിലെ പാലി ഹിൽസിലാണ് അഡോബ് സ്ഥിതി ചെയ്യുന്നത്. 20 കോടിയോളം വരുന്ന കാർ കളക്ഷൻ അനിലിന് ഉണ്ട്. റോൾസ് റോയ്‌സ്, ലെക്‌സസ് എക്‌സ്യുവി, പോർഷെ, ഓഡി ക്യു7, മെഴ്‌സിഡസ് ജിഎൽകെ 350 തുടങ്ങി നിരവധി ആഡംബര കാറുകൾ അനിൽ അംബാനിയുടെ പക്കലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, യുകെ കോടതി കാറുകളുടെ കൂട്ടത്തെ കുറിച്ച് ചോദ്യം ചെയ്തപ്പോൾ, തനിക്ക് ഒരു കാർ മാത്രമേയുള്ളൂവെന്നാണ് അനിൽ മറുപടി നൽകിയത്. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ യാച്ചുകളും, പ്രൈവറ്റ് വിമാനങ്ങളും അനിൽ അംബാനിയുടെ പേരിലുണ്ട്.
അനിൽ ഇപ്പോഴും ആഡംബരത്തിൽ തന്നെയാണ് ജീവിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ആസ്തിയിൽ കൂറ്റൻ ഇടിവുണ്ടായി. ഇപ്പോഴത്തെ നിക്ഷേപങ്ങളും, കൈയിലുള്ള സമ്പത്തും എല്ലാം ചേർക്കുമ്പോൾ 83 മില്യണാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. ഇത് 728 കോടിയോളം വരും. മക്കളുടെയും ഭാര്യയുടെയേും പേരിലേക്ക് മാറ്റിയ സ്വത്തുക്കളം, വിവിധ നിക്ഷേപങ്ങളും കേസിൽ നിന്ന് ഇനിയും കിട്ടാനുള്ളവയും എല്ലാം ചേർത്താൽ, അയ്യായിരം കോടിയുടെ ആസ്തി ഇപ്പോഴും അനിലിനുണ്ട്.
കൂടാതെ, മുംബൈയിലെ അംബാനിയുടെ പൂർവ്വിക ഭവനം അനിൽ അംബാനിയുടെ പേരിലാണ്. മുംബൈയിലെ കഫ് പരേഡിൽ സ്ഥിതി ചെയ്യുന്ന സീ വിൻഡ് എന്ന വീട് മുകേഷും അനിലിന്റെ പിതാവ് ധീരുഭായ് അംബാനിയും ചേർന്നാണ് നിർമ്മിച്ചത്. ഇതിനൊക്കെ കോടികൾ വിലവരും. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (ആർ-ഇൻഫ്ര) ഇപ്പോഴം നിരവധി വർക്കുകൾ ഉണ്ട്. ആർ- ഇൻഫ്രയുടെയും മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്മെന്റ് അഥോറിറ്റിയുടെ (എംഎംആർഡിഎ) സംയുക്ത ഉടമസ്ഥതയിലുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായ മുംബൈ മെട്രോ വൺ അതിലൊന്നാണ്.
സമ്പന്നരെക്കുറിച്ചും, കോർപ്പറേറ്റുകളെക്കുറിച്ചുമൊക്കെയുള്ള നമ്മുടെ പൊതുധാരണ അവർ കുടിച്ച് കൂത്താടി, ജീവിതം കള്ളിനും പെണ്ണിനും വേണ്ടി ഉഴിഞ്ഞുവെച്ചവർ ആണെന്നാണ്. ഇത് മിഥ്യാധാരണയാണ് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അനിൽ അംബാനി. സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കുമാണ് അയാൾ. ജീവിതത്തിന്റെ നല്ലകാലത്തുപോലും പാർട്ടികളിൽ ഓറഞ്ച് ജ്യൂസാണ് അനിൽ കുടിച്ചിരുന്നത്. ഏറെ ഹെൽത്ത് കോൺഷ്യസ് ആയ അനിൽ മാരത്തോൺ പോലുള്ള ഇവന്റുകളുടെ കടുത്ത ആരാധകനാണ്. പക്ഷേ വ്യക്തിപരമായി അനിലിന്റെ ദൗർബല്യമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കാണുന്നത്, പെട്ടെന്നു ദേഷ്യവും, വെട്ടൊന്ന് മുറി രണ്ട് എന്ന ശൈലിയുമാണ്. ബിസിനസ് ജീവിതത്തലും ഇതേ ശൈലി തുടർന്നതാണ് അയാൾക്ക് തിരിച്ചടിയായത്. എന്തൊക്കെയായാലും പഴയ പ്രതാപത്തിലേക്ക് മാറാൻ കഴിയില്ലെങ്കിലും അനിൽ അംബാനിയെ പൂർണ്ണമായും എഴുതി തള്ളാൻ കഴിയില്ല എന്ന് റിലയൻസ് പവറിന്റെ മുന്നേറ്റം തെളിയിക്കുന്നു.