ന്യൂഡല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. എസ്.ബി.ഐ കഴിഞ്ഞ ദിവസം റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെ ഫ്രോഡായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. ഇതോടെ അനില്‍ അംബനിയുടെ റിലയന്‍സ് നടത്തിയ തട്ടിപ്പുകളുടെ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 50ഓളം സ്ഥലങ്ങളില്‍ ഇ.ഡി പരിശോധനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. യെസ് ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റമടക്കം അനില്‍ അംബാനിക്കെതിരെ ചുമത്തിയിട്ടുണ്ട്.

വിവിധ അന്വേഷണ, റെഗുലേറ്റിങ് ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി പരിശോധന നടത്തിയത്. നാഷണല്‍ ഹൗസിങ് ബാങ്ക്, സെബി, നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷണത്തിനായി ഇ.ഡി തേടിയിട്ടുണ്ട്. സി.ബി.ഐയും ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യെസ് ബാങ്കില്‍ നിന്നും 2017ല്‍ എടുത്ത 3000 കോടിയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നതെന്ന് ഇ.ഡി അറിയിച്ചു. വായ്പ അനില്‍ അംബാനിക്ക് നല്‍കുന്നതിന് മുമ്പ് ബാങ്കിന്റെ പ്രൊമോട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നാണ് ഇ.ഡി കണ്ടെത്തല്‍. റിലയന്‍സിന്റെ പല കമ്പനികളുടേയും വരുമാനത്തില്‍ പെട്ടന്നുണ്ടായ വര്‍ധനവിന് പിന്നിലും തട്ടിപ്പാണെന്നാണ് സൂചനയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

അതേസമയം അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 14,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇക്കാര്യം ദി ഇക്കണോമിക് ടൈംസാണ് പുറത്തുവിട്ടത്. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി റിയലന്‍സ് കമ്മ്യൂണിക്കേഷന്‍സ് പ്രവര്‍ത്തിച്ചു. കാനറ ബാങ്കിനെയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇ്ന്ത്യയെയും കബളിപ്പിച്ചിട്ടുണ്ട്.

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ കമ്പനികളിലും യെസ് ബാങ്കിലും പരിശോധന നടത്തിയിട്ടുണ്ട് ഇഡി. 3000 കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയതായാണ് ഇഡിയുടെ ആരോപണം. ഡല്‍ഹിയിലെയും മുംബൈയിലെയും കമ്പനികളില്‍ ഇഡി പരിശോധന. നാഷണല്‍ ഹൗസിംഗ് ബാങ്ക്, സെക്യൂരിറ്റീസ് ആ്ന്‍ഡ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ(സെബി), നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ് എന്നിവയുള്‍പ്പടെയുള്ള ഒന്നിലധികം റെഗുലേറ്ററി ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും സിബിഐ ഫയല്‍ ചെയ്ത രണ്ട് എഫ്ഐആറുകളുടെയും അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.

അനില്‍ അംബാനി ഗ്രൂപ്പുമായി ബന്ധമുള്ള മുതിര്‍ന്ന ബിസിനസ് എക്സിക്യൂട്ടീവുമാരുടെ ഓഫീസുകളിലും പരിശോധ നടത്തി. പൊതു ഫണ്ട് വകമാറ്റുന്നതിനുള്ള ആസൂത്രിത നീക്കത്തിന് തെളിവുകള്‍ ലഭിച്ചെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യെസ് ബാങ്കില്‍ നിന്ന് 2017-2019 കാലയളവില്‍ എടുത്ത 3000കോടി രൂപയുടെ വായ്പകളുടെ നിയമവിരുദ്ധമായ വകമാറ്റം സംബന്ധിച്ച സംശയത്തിലാണ് അന്വേഷണം. എസ്ബിഐയിലും അനില്‍ അംബാനി ഗ്രൂപ്പിന് 3000 രൂപയുടെ ബാധ്യതയുണ്ട്.

നേരത്തെ വിദേശനാണ്യ വിനിമയവുമായി ബന്ധപ്പെട്ട കേസിലും 2020ല്‍ യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂറിനെതിരായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും അനില്‍ അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു. രണ്ട് സ്വിസ് ബ്ാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലധികം വരുന്ന വെളിപ്പെടുത്താത്ത ഫണ്ടുകളില്‍ നിന്ന് 420 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് 2022 ഓഗസ്റ്റില്‍ കള്ളപ്പണ വിരുദ്ധ നിയമപ്രകാരം അംബാനിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഈ കേസില്‍ കഴിഞ്ഞ വര്‍ഷം ബോംബെ ഹൈക്കോടതി അനില്‍ അംബാനിക്ക് ഇളവ് നല്‍കിയിരുന്നു.

അതേസമയം റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മുംബൈയിലെയും ഡല്‍ഹിയിലെയും സ്ഥാപനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തുന്ന പശ്ചാത്തലത്തില്‍ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ കനത്ത തകര്‍ച്ചയാണ് നേരിട്ടത്. മുഖ്യ കമ്പനിയായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഉപകമ്പനിയായ റിലയന്‍സ് പവര്‍ എന്നിവയുടെ ഓഹരികള്‍ 5% വീതം ഇടിഞ്ഞ് ലോവര്‍-സര്‍ക്യൂട്ടിലായി.

ഒരു ഓഹരി ഒരുപ്രവൃത്തിദിവസം നേരിട്ടേക്കാവുന്ന ഇടിവിന് പരിധിനിശ്ചയിച്ച് നിയന്ത്രിക്കുന്നതാണ് ലോവര്‍ സര്‍ക്യൂട്ട്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനും റിലയന്‍സ് പവറിനും ഇതു 5 ശതമാനമാണ്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരിവില 360.05 രൂപയിലും റിലയന്‍സ് പവര്‍ 59.70 രൂപയിലുമാണ് വ്യാപാരം ചെയ്യുന്നത്. ഇരു കമ്പനികളുടെ ഓഹരികളും ഇന്ന് തുടക്കംമുതല്‍ നഷ്ടത്തിലായിരുന്നു.

പ്രതിസന്ധികളില്‍ നിന്ന് മെല്ലെ കരകയറുന്നതിനിടെയാണ് അനില്‍ അംബാനിക്കും റിലയന്‍സ് ഗ്രൂപ്പിനും കനത്ത ആഘാതവുമായി ഇ.ഡിയുടെ റെയ്ഡ്. അനില്‍ അംബാനിക്ക് കുരുക്ക് മുറുക്കി സിബിഐ രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ റെയ്ഡ്.