തിരുവനന്തപുരം: കോൺഗ്രസിന്റെ എല്ലാ പദവികളിൽ നിന്നും എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി രാജിവച്ചു. പാർട്ടി ഏൽപ്പിച്ച പദവികളിൽ നിന്നാണ് രാജി. എഐസിസിയുടെ സോഷ്യൽ മീഡിയാ കോഓർഡിനേറ്റർ അടക്കമുള്ള പദവികൾ രാജിവച്ചിട്ടുണ്ട്. ബിബിസി ഡോക്യുമെന്ററീ വിവാദത്തെ തുടർന്നാണ് രാജി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പ്രധാന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരുമെന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെയുള്ള ആന്റണിയുടെ മകന്റെ രാജി പുതിയ ചർച്ചകൾക്കും വഴിവച്ചേക്കും.

കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും എല്ലാം നന്ദി പറഞ്ഞാണ് അനിൽ ആന്റണി രാജി നൽകിയിരിക്കുന്നത്. തന്റെ പ്രൊഫഷണൽ ഉത്തരവാദിത്തം തുടരുമെന്നും രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തി പിടിച്ച് പോകുമെന്നും അനിൽ ആന്റണി പറയുന്നു. ഇന്ത്യയുടെ വികാരങ്ങൾക്കെതിരായ നിലപാടുകളെ ചവട്ടുകൂറ്റയിലേക്ക് എറിയണമെന്ന നിലപാടിലാണ് ഇപ്പോഴും അനിൽ ആന്റണി. നേരത്തെ എഐസിസി തെരഞ്ഞെടുപ്പ് കാലത്ത് ശശി തരൂരിനെ അനിൽ ആന്റണി പരസ്യമായി പന്തുണച്ചിരുന്നു. അച്ഛൻ എകെ ആന്റണിയും കൂട്ടരും മില്ലകാർജ്ജുൻ ഖാർഗെയ്ക്ക് വേണ്ടി വോട്ട് പടിക്കുമ്പോഴായിരുന്നു ഇത്.

ബി.ബി.സിയുടെ 'ഇന്ത്യ, ദ മോദി ക്വസ്റ്റിയൻ' എന്ന വിവാദ ഡോക്യുമെന്ററിക്കെതിരേ കെപിസിസി. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ അനിൽ ആന്റണി രംഗത്ത് വന്നത് ഏറെ ചർച്ചയായിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളെക്കുറിച്ചുള്ള ബ്രിട്ടീഷ് മാധ്യമസ്ഥാപനത്തിന്റെ കാഴ്ചപ്പാടുകൾക്കു വലിയ പ്രാധാന്യം നൽകുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്ന് അനിൽ ആന്റണി ട്വിറ്റർ സന്ദേശത്തിൽ വിമർശിച്ചിരുന്നു. രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ പിന്തുണയ്ക്കുമ്പോഴാണ് അനിൽ ആന്റണി വ്യത്യസ്ത നിലപാടുമായി രംഗത്തുവന്നത്. ഈ സാഹചര്യത്തിലാണ് അനിൽ ആന്റണിയുടെ രാജി.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും ഡോക്യുമെന്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമർശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനായ അനിൽ ആന്റണി പാർട്ടി പദവികൾ ഒഴിയുന്നതായി അറിയിച്ചത്. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമർശനം രൂക്ഷമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററിൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകർക്കാണ് പാർട്ടിയിൽ സ്ഥാനമെന്നും അനിൽ വിമർശിച്ചു.

'രാഹുൽ ഗാന്ധിയടക്കം കോൺഗ്രസിൽ ആരുമായും പ്രശ്നങ്ങളില്ല. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ നമ്മുടെ പരമാധികാരത്തെ തകർക്കാനോ നമ്മുടെസ്ഥാപനങ്ങളെ തകർക്കാനോ വിദേശികളേയോ അവരുടെ സ്ഥാപനങ്ങളെയോ അനുവദിക്കരുത്. അപകടകരമായ കീഴ്‌വഴക്കമാകും അത്.' -അനിൽ ആന്റണി പിന്നീട് മാധ്യമങ്ങളോടു വിശദീകരിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാർ രാജ്യത്ത് ഡോക്യുമെന്ററി വിലക്കുന്നതിനെ രാഹുൽ ഗാന്ധി ചോദ്യംചെയ്ത ദിവസം തന്നെയാണ് അനിൽ ആന്റണി ഡോക്യുമെന്ററിയെ വിമർശിച്ചത്. ഇതോടെ കോൺഗ്രസ് നേതൃത്വം അനിൽ ആന്റണിയെ പുറത്താക്കുന്നത് പരിഗണിച്ചിരുന്നു. ഇതിനിടെയാണ് രാജി.

അനിൽ ആന്റണിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കം രംഗത്തു വന്നിരുന്നു. അനിൽ ആന്റണിയെന്ന പ്രൊഫഷണലിന് തന്റെ അഭിപ്രായം പറയുന്നതിന് ഒരു തടസ്സവുമില്ല. എന്നാൽ കേരളത്തിലെ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ മേധാവിയായിരിക്കുന്ന അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാൻ ഒരു നിമിഷം പോലും അവകാശമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. കോൺഗ്രസും രാഹുൽ ഗാന്ധിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും സംശയലേശമന്യേ പ്രഖ്യാപിച്ചിരുന്നതുമാണ് ബിബിസി അവരുടെ ഡോക്യുമെന്ററിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത് , ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരൻ നരേന്ദ്ര മോദിയാണെന്ന് തന്നെയാണ്. പക്ഷേ അനിൽ ആന്റണിക്ക് അതൊട്ടും ബോധിച്ചിട്ടില്ലെന്ന് രാഹുൽ തുറന്നടിച്ചിരുന്നു.