ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. തന്നോട് പ്രതികരിച്ചവർ കാപട്യക്കാരായിരുന്നു. യോഗ്യതയെക്കാൾ സ്തുതിപാഠകർക്കാണ് സ്ഥാനമെന്നും അനിൽ ആന്റണി പ്രതികരിച്ചു. പാർട്ടി വിടില്ലെന്നും വ്യക്തിപരമായ ചുമതലകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ അടക്കമുള്ള പദവി രാജിവച്ചതിന് പിന്നാലെയായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. അതിനിടെ മകന്റെ രാജിയോട് പ്രതികരിക്കാൻ എകെ ആന്റണി വിസമ്മതിച്ചു. കോൺഗ്രസ് ഹൈക്കമാണ്ട് ആവശ്യപ്പെട്ട പ്രകാരമാണ് അനിലിന്റെ രാജിയെന്ന് സൂചനയുണ്ട്.

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിർത്തതിന്റെ പേരിൽ വിവാദത്തിലായ അനിൽ കെ.ആന്റണി കോൺഗ്രസിന്റെ എല്ലാ പദവികളിൽ നിന്നും രാജിവെച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകൻ കൂടിയായ അനിൽ കെ.ആന്റണി എ.ഐ.സി.സി സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ കമ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്ററായിരുന്നു. ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. മോദിക്കെതിരായ പരാമർശമുണ്ടെന്നതിനാൽ ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഡോക്യുമെന്ററി സ്വന്തം നിലയ്ക്ക് പ്രദർശിപ്പിക്കുമെന്ന നിലപാടിലായിരുന്നു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ. ഇതിനെതിരെ അനിൽ കെ ആന്റണി രംഗത്ത് വരികയായിരുന്നു.

അനിൽ കെ ആന്റണിയുടെ പരാമർശത്തിനെതിരേ വലിയ പ്രതിഷേധമായിരുന്നു കോൺഗ്രസിനുള്ളിൽ നിന്നുയർന്ന് വന്നത്. മാത്രമല്ല ഇത് ബിജെപി. ആയുധമാക്കുകയും ചെയ്തു. കെപിസിസി. ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് കോൺഗ്രസ് പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു കെപിസിസി. അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും മറ്റാരെങ്കിലും പറയുന്നത് ഔദ്യോഗികനിലപാടല്ലെന്നും ഷാഫി പറമ്പിലും ചൂണ്ടിക്കാട്ടിയിരുന്നു. അനിൽ ആന്റണി രാജിവച്ചതോടെ കരുതലോടെയാകും നേതൃത്വം പ്രതികരിക്കുക. അനിൽ ആന്റണിക്ക് പാർട്ടി പുനഃസംഘടനയിൽ സ്ഥാനങ്ങളൊന്നും ഇനി നൽകില്ല. ശശി തരൂരിനെ പരസ്യമായി പിന്തുണച്ചതു മുതൽ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ കണ്ണിലെ കരടായിരുന്നു ആന്റണി.

ബിബിസി ഡോക്യുമെന്ററിയെ രാഹുൽ ഗാന്ധിയടക്കം സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശനത്തിന് കെപിസിസിയും മുൻകൈയെടുക്കുകയും ചെയ്തപ്പോഴായിരുന്നു നേതൃത്വത്തെ ഞെട്ടിച്ച് അനിൽ ആന്റണി ബിബിസിയെ തള്ളി പറഞ്ഞത്. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണന്നും മുൻവിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നുമായിരുന്നു അനിൽ ആന്റണിയുടെ ട്വീറ്റ്. പരാമർശം വിവാദമായതോടെ അനിലിനെതിരെ കടുത്ത വിമർശനമാണ് കോൺഗ്രസിൽ ഉയർന്നത്. അനിൽ ആന്റണിയുടെ പരാമർശം പാർട്ടി നിലപാട് അല്ലെന്ന് നേതാക്കൾ തിരുത്തിയിട്ടും അനിൽ അഭിപ്രായത്തിൽ ഉറച്ച് നിന്നതിൽ ശക്തമായ എതിർപ്പാണ് ഉയർന്നത്.

അനിൽ ഖേദം പ്രകടിപ്പിക്കണമന്നും നടപടി വേണമന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ അനിൽ ആന്റണി നിലപാടിലുറച്ച് തന്നെ നിന്നതോടെ പാർട്ടിക്ക് അത് വൻ തിരിച്ചടിയായി. ഇതോടെ, അനിലിനെ പുറത്താക്കണം എന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അനിൽ ആന്റണിയുടെ രാജി. എന്നാൽ, എതിർ പ്രചരണത്തിൽ തളരില്ലെന്ന് അനിൽ ആന്റണി വ്യക്തമാക്കി. രാജ്യതാത്പര്യത്തെ എതിർക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രദർശനത്തെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നായിരുന്നു അനിൽ ആന്റണി അഭിപ്രായപ്പെട്ടത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലമാക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബി.ബി.സി. മുൻവിധിയുടെ ചരിത്രമുള്ള മാധ്യമസ്ഥാപനമാണ്. നമ്മൾ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അവിടെ അഭിപ്രായ സ്വാതന്ത്ര്യം അത്യാവശ്യമാണ്. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം സമ്പൂർണമാണെന്ന് കരുതരുത്.

മറ്റുള്ളവർ ആഭ്യന്തരപ്രശ്നത്തിനായി ഉണ്ടാക്കുന്ന അഭിപ്രായങ്ങൾ ആഘോഷിക്കപ്പെടേണ്ടതല്ല. ഇന്ത്യ ബ്രിട്ടനെയും പിന്തള്ളി ലോകശക്തിയാകുമ്പോഴാണ് ബി.ബി.സിയുടെ ഡോക്യുമെന്ററി വരുന്നത്. അത് രാജ്യ താത്പര്യത്തിനെതിരാണെന്നും അനിൽ പറഞ്ഞിരുന്നു.