ന്യൂഡൽഹി: എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി ബിജെപിയോട് അടുക്കുകയാണോ? ബിജെപിയിൽ ചേരാൻ ഇനി എത്ര നാൾ? കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ പദവി രാജിവയ്ക്കുകയും, പാർട്ടി പദവികൾ ഒഴിയുകയും ചെയ്തതിന് പിന്നാലെ, ബിജെപി അനുകൂല പ്രസ്താവനകളിലൂടെ അനിൽ നിറയുകയാണ്. റിപ്പബ്ലിക് ടിവി അടക്കം ബിജെപി അനുകൂല ചാനലുകളിൽ പ്രത്യക്ഷപ്പെട്ടാണ് അനിൽ കോൺഗ്രസിന് എതിരെ തുറന്നടിക്കുന്നത്.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ പരാമർശത്തിനെതിരെയാണ് അനിൽ ആന്റണിയുടെ ഒടുവിലത്തെ ട്വീറ്റ്. 'ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ത്രീശാക്തീകരണം ഇങ്ങനെയാണ്. ഒരു സ്ത്രീയെ കുറിച്ച് ഒരാൾക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുമെന്നത് തന്നെ നാണക്കേടാണ്' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് നാണംകെട്ടവർ എന്ന കുറിപ്പിൽ അനിൽ പറയുന്നത്. സ്വന്തം കഴിവു കൊണ്ട് ഉയർന്നു വന്ന വനിത നേതാവ്' എന്നാണ് സ്മൃതിയെ അനിൽ വിശേഷിപ്പിച്ചത്.

'ഞാൻ എന്റെ പാർട്ടി പദവികൾ ഒഴിഞ്ഞ ദിവസം മുതൽ എന്റെ ഇൻബോക്‌സും, കമന്റ് സെക്ഷനും, അവരുടെ ശിങ്കിടികളുടെ അധിക്ഷേപങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. കാമ്പുള്ള രാഷ്ട്രീയ വാദങ്ങളൊന്നും ഒന്നും ഉന്നയിക്കാനില്ലാതെ, സംസ്‌കാരമില്ലാത്ത രാഷ്ട്രീയ വാഗ്വാദം നടത്തുന്നതാണ് കോൺഗ്രസിന്റെ പുതിയ രീതി. 2024 ൽ ഈ നിഷേധാത്മക നിലപാടുള്ളവരെ ചവറ്റുകൊട്ടയിൽ എറിയാൻ ജനങ്ങൾക്ക് സുവർണാവസരമായിരിക്കും', അനിൽ ആന്റണി ട്വീറ്റിൽ പറഞ്ഞു.

റിപ്പബ്ലിക് ടിവി ചർച്ചയിൽ താൻ ഉന്നയിച്ച കാര്യങ്ങളും അനിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'കഴിഞ്ഞ ഏതാനും വർഷങ്ങളായി ദേശീയ താൽപര്യമുള്ള ഒരു വിഷയവും കോൺഗ്രസ് ഏറ്റെടുത്തിട്ടില്ല. വെറുതെ മറ്റുപാർട്ടിക്കാരെ അധിക്ഷേപിക്കുകയും, തങ്ങളുടെ പാർട്ടി അംഗങ്ങളുടെ വിടുവായത്തരങ്ങളെ പ്രതിരോധിക്കുകയുമാണ് അവർ ചെയ്യുന്നത്. ഏതാനും ചില വ്യക്തികളെ വളർത്തുന്നതിലേക്ക് കോൺഗ്രസ് ചുരുങ്ങി കഴിഞ്ഞു. കോൺഗ്രസിന്റെ പ്രശ്‌നങ്ങൾ രാജ്യത്തിന്റെ പ്രശ്‌നങ്ങൾ അല്ലെന്ന് അവർ ഇനിയെങ്കിലും തിരിച്ചറിയണം', അനിൽ ആന്റണി കുറിച്ചു.

കഴിഞ്ഞ ദിവസം, എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ അനിൽ ആന്റണി രംഗത്ത് വന്നിരുന്നു. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവർത്തിക്കണമെന്നും അനിൽ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ലെന്നും രണ്ടായിരത്തി പതിനേഴിന് ശേഷമുള്ള കോൺഗ്രസിന്റെ സ്ഥിതി ഒരു കദന കഥാപഠനമാണെന്നും അനിൽ പരിഹസിച്ചു. നേരത്തെ ബിബിസി വിഷയത്തിലും അനിൽ ആന്റണിയുടെ ബിജെപി അനുകൂല പരാമർശങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പോസ്റ്റ് ചെയ്ത ട്വീറ്റ് പങ്കുവച്ചായിരുന്നു വിമർശനം. '2014 തൊട്ട്, പ്രത്യേകിച്ച് 2017നുശേഷം ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥിതി ദുഃഖകരമായൊരു പഠനവിഷയമാണ്. ഒരു വ്യക്തിയുടെ അബദ്ധങ്ങളിലും പിഴവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാർട്ടി അവസാനിപ്പിക്കണം. പകരം രാജ്യത്തിന്റെ വിഷയങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ നോക്കണം. ഇല്ലെങ്കിൽ 2024നപ്പുറം നിലനിൽപ്പേ ഉണ്ടാകില്ല.'-ട്വീറ്റിൽ അനിൽ കുറിച്ചു

ഗുജറാത്ത് കലാപം പ്രമേയമായുള്ള 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി ബി.ബി.സി പുറത്തുവിട്ടതിനു പിറകെസംഘ്പരിവാർ അനുകൂല നിലപാടുമായി അനിൽ രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററിയിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ പദവി രാജിവയ്ക്കുകയും ചെയ്തു. ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസിനുള്ളിൽനിന്നുണ്ടായ കടുത്ത വിമർശനങ്ങൾക്കൊടുവിലാണ് പാർട്ടി പദവി ഒഴിഞ്ഞത്.