- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസം 30 വരെ കാലാവധിയുള്ള അനിൽ കാന്തിനെ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാക്കിയേക്കും; പൊലീസ് മേധാവി നൽകിയ അപേക്ഷയിൽ സംസ്ഥാന സർക്കാരിന് അനുകൂല തീരുമാനം; ആക്ടിങ് ഡിജിപിയായി പത്മകുമാറിനെ നിയമിക്കാൻ സാധ്യതയെന്നും റിപ്പോർട്ട്; പൊലീസ് തലപ്പത്ത് വമ്പൻ മാറ്റങ്ങൾക്ക് സാധ്യത; അനിൽ കാന്തിന് പുതിയ പദവി?
തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനു പുതിയ നിയമന ശിപാർശ നൽകി മറ്റൊരാളെ ആക്ടിങ് ഡി.ജി.പിയാക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. പൊലീസ് ഉന്നതതലത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ മുറുകുകയാണ്. മംഗളത്തിൽ എസ് നാരായണനാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ആരെയാകും ആക്ടിങ് ഡിജിപിയാക്കുക എന്നതാണ് നിർണ്ണായകം.
അടുത്ത മാസം 30 വരെ കാലാവധിയുള്ള അനിൽ കാന്തിനെ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സി.എ.ടി) അംഗമായി നിയമിക്കാൻ കേന്ദ്ര സർക്കാരിനോടു ശിപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അനിൽ കാന്ത് നൽകിയ അപേക്ഷയിന്മേൽ അനുകൂല തീരൂമാനമെടുത്ത സർക്കാർ കേന്ദ്രസർക്കാരിന് ശിപാർശ കൈമാറുകയും ഇതിന്മേൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് തീരുമാനം എടുക്കുകയും വേണം.
അനിൽ കാന്തിന്റെ ഔദ്യോഗിക പശ്ചാത്തലം വിശദമാക്കുന്ന വിജിലൻസ്/ഇന്റലിജൻസ് റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരിനു കൈമാറും. അടുത്ത മാസം 30 ന് മുമ്പ് അനിൽ കാന്തിന് പുതിയ നിയമനം ഉറപ്പാകുകയാണെങ്കിൽ സീനിയർ എ.ഡി.ജി.പി: കെ. പത്മകുമാറിനെ ആക്ടിങ് ഡി.ജി.പിയായി നിയമിക്കാനാണു സാധ്യത. എന്നാൽ, അനിൽ കാന്തിനോട് ഇതുവരെ അവധിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ല.
പത്മകുമാർ അടക്കം എട്ട് സീനിയർ ഐ.പി.എസുകാരുടെ പേരുകൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറിയിട്ടുണ്ട്. നിഥിൻ അഗർവാൾ (ഐ.ബി), ഷേഖ് ദർവേഷ് സാഹിബ് എന്നിവരുടെ പേരുകൾ പട്ടികയിലുണ്ട്. പത്മകുമാറിനെ ആക്ടിങ് ഡി.ജി.പിയായി നിയമിച്ച് അനിൽ കാന്തിന്റെ പിൻഗാമിയായി നിയമിക്കാനാണ് സർക്കാർ താൽപ്പര്യം. പക്ഷേ, അന്തിമ തീരുമാനം യു.പി.എസ്.സി പട്ടിക ലഭിച്ച ശേഷമായിരിക്കും. ഇക്കാര്യത്തിൽ കേന്ദ്ര നിലപാട് നിർണ്ണായകമാകും.
അതിനിടെ, ജൂനിയർ ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും ഇളക്കി പ്രതിഷ്ഠ ഈ ആഴ്ച ഉണ്ടായേക്കും. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിയുമായി അടുത്ത ബന്ധമാണ് പത്മകുമാറിനുള്ളത്. ഇതെല്ലാം ആട്കിങ് ഡിജിപിയാകുന്നതിനും പത്മകുമാറിന് സാധ്യതയൊരുക്കും. യു പി എസ് സിയുടെ പട്ടികയും പത്മകുമാറിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ.
പുതിയ പൊലീസ് മേധാവിയെ ഉടൻ തിരഞ്ഞെടുക്കാൻ സാധ്യതയും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് 8 മുതിർന്ന ഐപിഎസകാരുടെ പട്ടിക പൊതു ഭരണ വകുപ്പ് കേന്ദ്രസർക്കാറിന് കൈമാറിയിരുന്നു. സംസ്ഥാനത്തുള്ള അഞ്ചും, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്നും ഉദ്യോഗസ്ഥരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നിതിൻ അഗർവാൾ, കെ. പത്മകുമാർ, ഷേഖ് ദർവേഷ് സാഹിബ്, ടി.കെ വിനോദ് കുമാർ, സഞ്ജീബ് കുമാർ പട്‌ജോഷി, യോഗേഷ് ഗുപ്ത, ഹരിനാഥ് മിശ്ര, രാവാഡാ ചന്ദ്രശേഖർ എന്നിവരാണ് പട്ടികയിൽ ഉള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ.
യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിൽ ഒന്നിന്റെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടങ്ങിയ സമിതി മൂന്നംഗ അന്തിമ പാനൽ തയ്യാറാക്കിയതിനു ശേഷം അവ സർക്കാറിന് കൈമാറുന്നതാണ്.
മറുനാടന് ഡെസ്ക്