മലപ്പുറം: മേലുദ്യോഗസ്ഥരിൽ നിന്നുള്ള പീഡനവും നീതിനിഷേധവും ആരോപിച്ച് സർക്കാർ ജോലി രാജിവെച്ച് ദമ്പതിമാർ ചർച്ചയാക്കുന്നത് ഉദ്യോഗസ്ഥ മാഫിയയുടെ ഇടപെടലുകൾ. തിരുനാവായ മൃഗസ്സ്പത്രിയിലെ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ എ.ജെ. ജെയ്സണും ഭാര്യ തവനൂർ സർക്കാർ വയോജന മന്ദിരത്തിലെ മേട്രൻ പി.എസ്. അനിതാ മേരിയുമാണ് ജോലി രാജിവെച്ചത്. ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ ദമ്പതികൾ രണ്ടു പേർക്കുംകൂടി ഒരു ലക്ഷം രൂപയിലേറെ രൂപ വേതനം കിട്ടുന്നജോലിയാണ് ഉപേക്ഷിച്ചത്.

ജീവിതം അസാധ്യമായ സാഹചര്യത്തിലാണ് രാജി വയ്ക്കുന്നത്. ഇതോടെ ഇവരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാകും. കുറ്റിപ്പുറത്തെ വീടും സ്ഥലവും വിറ്റ് ആറുവയസ്സുള്ള മകനെയുംകൂട്ടി ഉടൻ ഇരുവരും നാട്ടിലേക്ക് മടങ്ങും. നിർമ്മാണ ജോലിക്കോ കടലിൽ പോയോ കുടുംബത്തെ നോക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ജോൺസണുള്ളത്. ജെയ്സൺ ജില്ലാ മൃഗസംരക്ഷണ ഓഫീസിലേക്കും അനിതാ മേരി സാമൂഹികനീതി വകുപ്പ് ഡയരക്ടർക്കുമാണ് രാജിക്കത്ത് ചെയ്തത്.

ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യം വകുപ്പിൽ ഇല്ലെന്ന് ബോധ്യമായെന്നും അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്പെൻഷൻ പിൻവലിക്കുന്ന മുറയ്ക്ക് രാജി സ്വീകരിക്കണമെന്നുമാണ് ജെയ്‌സണിന്റെ ആവശ്യം. ആത്മാഭിമാനത്തോടെ ജോലിയിൽ തുടരാൻ കഴിയുന്നില്ലെന്നും തനിക്ക് സംരക്ഷണം നൽകുന്നതുമൂലം ഭർത്താവ് വേട്ടയാടപ്പെടുന്നൂവെന്നും അനിതാ മേരിയുടെ രാജിക്കത്തിൽ വിശദീകരിക്കുന്നു. ഇതു രണ്ടും വകുപ്പ് അംഗീകരിക്കാൻ തന്നെയാണ് സാധ്യത.

ജെയ്സൺ 2005-ലും അനിത 2020 -ലുമാണ് ജോലിയിൽ പ്രവേശിച്ചത്. മേലുദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് അനിത 2020-ൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ പ്രശ്‌നം തുടങ്ങി. പണം മോഷ്ടിച്ചുവെന്ന് പരാതിയുണ്ടാക്കി ഏഴുമാസത്തോളം സസ്പെൻഡ് ചെയ്തു. പിന്നീട് മേലുദ്യോഗസ്ഥനെ സ്ഥലംമാറ്റിയെങ്കിലും തന്റെ പരാതി പൊലീസ് തള്ളിയതായും അനിത പറഞ്ഞു. രണ്ടുമാസമായി അനിത ജോലിക്ക് പോയിരുന്നില്ല.

പിന്നീട് സംഘടനകളെ ഉപയോഗിച്ച് വകുപ്പിൽ തന്നെയും പീഡിപ്പിച്ചതായി ജെയ്സൺ ആരോപിക്കുന്നു. വ്യാജ ചികിത്സ നടത്തിയെന്നാരോപിച്ച് ജനുവരിയിൽ സസ്പെൻഡ് ചെയ്തു. അതിനുപിന്നാലെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് വെറ്ററിനറി സർജൻ തിരൂർ പൊലീസിൽ പരാതിയും നൽകി. ഫെബ്രുവരി 13-ന് അറസ്റ്റുചെയ്ത് ഏഴുദിവസം ജയിലിലടച്ചു. സസ്‌പെൻഷൻ തുടരുകയാണ്. ഇതെല്ലാം പകപോക്കലാണെന്നാണ് ആരോപണം.

ഉദ്യോഗസ്ഥ പീഡനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വനിതാ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ തുടങ്ങി പലരേയും സമീപിച്ചു. ആരും സഹായിച്ചില്ലെന്നും ഈ സാഹചര്യത്തിൽ സർക്കാർ ജോലിയിൽ തുടരാൻ കഴിയില്ലെന്നും ദമ്പതിമാർ വ്യക്തമാക്കിയിരുന്നു. ജോലി ആവശ്യാർഥമാണ് ഇരുവരും മലപ്പുറത്തെത്തിയത്.