കൊച്ചി: കൊല്ലം അഞ്ചലില്‍ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പതിനെട്ട് വര്‍ഷക്കാലം നിയമത്തിന്റെ കണ്ണില്‍പ്പെടാതെ കഴിഞ്ഞെങ്കിലും പ്രതികളായ ദിബില്‍കുമാറിനെയും രാജേഷിനെയും കുരുക്കിയത് ചെന്നൈ സി.ബി.ഐ ഓഫീസിലേക്ക് എത്തിയ അജ്ഞാത സന്ദേശം. വിഷ്ണു എന്ന പേരില്‍ ഒരാള്‍ പോണ്ടിച്ചേരിയില്‍ കാര്‍പെന്റര്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്നയാള്‍ കേരളത്തിലെ പ്രമാദമായ കൊലപാതകങ്ങളിലെ പ്രതിയാണ് എന്ന ചെന്നൈ സി.ബി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരമായിരുന്നു ഇരു പ്രതികളെയും കുടുക്കിയത്.

പ്രതികളെ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം നടത്തുകയും ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിലൊടുവില്‍ വ്യക്തമായ തെളിവുകളോടെ അന്വേഷണസംഘം പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. പ്രതികളെ ശനിയാഴ്ച കൊച്ചിയിലെത്തിച്ചു. ഈ മാസം 18 വരെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. വൈകാതെ സി.ബി.ഐ കസ്റ്റഡിയില്‍ വാങ്ങും. അഞ്ചലില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. നേരത്തെ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ കിട്ടിയിരുന്നില്ല. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം കൂടി സമര്‍പ്പിക്കാനാണ് സി.ബി.ഐ തയാറെടുക്കുന്നത്.

ആര്‍മിയുടെ പഠാന്‍കോട്ട് യൂണിറ്റിലായിരുന്നു ദിബില്‍ കുമാറും രാജേഷും സേവനമനുഷ്ഠിച്ചിരുന്നത്. അഞ്ചല്‍ സ്വദേശിനിയായ രജ്ഞിനിയുമായി ദിബില്‍ അടുക്കുകയും തുടര്‍ന്ന് അവിവാഹിതയായിരിക്കെ രഞ്ജിനി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ദിബില്‍ തയാറാകാതിരുന്നതോടെ രഞ്ജിനി പൊലീസിനെയും വനിതാ കമീഷനെയും സമീപിച്ചു. വനിതാ കമീഷന്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ നിര്‍ദേശിച്ചതിനു പിന്നാലെ പ്രതികള്‍ നാട്ടില്‍ മടങ്ങിയെത്തി. ആസൂത്രിതമായി രഞ്ജിനിയുടെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു.

കൊലപാതകത്തിനു പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി. അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച കുടുംബം, ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. പഠാന്‍കോട്ടിലേക്ക് സൈനികര്‍ തിരിച്ചെത്തിയിട്ടില്ല എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാപക അന്വേഷണം നടത്തി. പ്രതികള്‍ വിദേശത്തേക്ക് കടന്നിരിക്കാം എന്ന നിഗമനത്തില്‍ ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കി. അടുത്തിടെ പ്രതികള്‍ പോണ്ടിച്ചേരിയിലുണ്ടെന്ന സൂചന ലഭിച്ച സി.ബി.ഐ ചെന്നൈ യൂണിറ്റ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ദിബില്‍കുമാര്‍ വിഷ്ണു എന്ന പേരിലായിരുന്നു പോണ്ടിച്ചേരിയില്‍ കഴിഞ്ഞിരുന്നത്.

പിതൃത്വത്തെക്കുറിച്ച് തര്‍ക്കം, കൊലപാതകം

2006 ഫെബ്രുവരിയിലാണ് വെറും 17 ദിവസം മാത്രം പ്രായമായ ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളും യുവതിയായ അമ്മയും വാടകവീട്ടില്‍ അതിക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മക്കളുടെ പിതൃത്വം ഏറ്റെടുക്കണമെന്ന് അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനി പ്രതി ദിബില്‍കുമാറിനോട് ആവശ്യപ്പെട്ടതാണ് അരുംകൊലയ്ക്ക് കാരണം. അഞ്ചല്‍ അലയമണ്‍ സ്വദേശി തന്നെയായ ദിബില്‍കുമാര്‍ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ യുവതി നിയമനടപടികളുമായി മുന്നോട്ടുനീങ്ങി. ആ നീക്കം ദിബിലിനെ പ്രകോപിപ്പിച്ചു. സുഹൃത്തും സൈനികനുമായ കണ്ണൂര്‍ സ്വദേശി രാജേഷും ദിബിലും ഒന്നിച്ചാണ് അവധിയ്ക്ക് നാട്ടിലെത്തുന്നത്. യുവതിയുടെ വീട്ടില്‍ ആളില്ലാത്ത നേരം നോക്കി അതിക്രമിച്ചുകയറിയ പ്രതികള്‍ യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

വിദേശത്ത് തിരയുമ്പോഴും ഒളിത്താവളം തൊട്ടരികെ

പത്താംകോട്ട് റെജിമെന്റില്‍ സൈനികരായിരുന്നു ദിബിലും രാജേഷും. ദിബിലിനെതിരെ യുവതി നിയമപരമായി നീങ്ങിയതാണ് പ്രതികളെ പ്രകോപ്പിച്ചത്. യുവതിയുടെ അമ്മ പഞ്ചായത്ത് ഓഫീസില്‍ പോയ സമയത്തായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. രഞ്ജിനി നല്‍കിയ കേസിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ദിബില്‍കുമാറിനെതിരെ നീങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

രഞ്ജിനി എസ്.ഐ.ടി ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയമായപ്പോള്‍ ദിബിലിന്റെ സുഹൃത്താണെന്ന് പറഞ്ഞ് കണ്ണൂരുകാരനായ രാജേഷ് സമീപിക്കുകയും രഞ്ജിനിയെയും കുഞ്ഞുങ്ങളെയും ദിബില്‍ ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വാക്കു കൊടുത്തു. അതേ രാജേഷാണ് ഈ ക്രൂരകൊലപാതകങ്ങളിലെ കൂട്ടുപ്രതി. രഞ്ജിനിയുടെ വീട്ടുകാരുടെ വിശ്വാസ്യത നേടിയെടുത്ത് വീട്ടില്‍ വരാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു രാജേഷ്.

മകള്‍ക്കും പേരക്കുഞ്ഞുങ്ങള്‍ക്കും മരണാനന്തരമെങ്കിലും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിനിയുടെ അമ്മ കയറാത്ത ഓഫീസ് വരാന്തകളില്ല. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നത് അങ്ങനെയാണ്. ഇതേ കേസിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യവും കേസ് ഫയല്‍ചെയ്തതോടെ സൈന്യവും നിയമനടപടികള്‍ ആരംഭിച്ചു.

അഞ്ചല്‍ കൊലപാതകങ്ങളിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ കേരള പോലീസ് പ്രതികളെ കണ്ടെത്തുന്നവര്‍ക്കായി 50000 രൂപ ഇനാം പ്രഖ്യാപിച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രതികള്‍ക്കായി രാജ്യവ്യാപകമായ തിരച്ചില്‍ നടത്തി. പിന്നീട് ഇനാം തുക 2 ലക്ഷമാക്കി ഉയര്‍ത്തി നോക്കി. ദിബിലും രാജേഷും നിയമസംവിധാനങ്ങളെ കബളിപ്പിച്ച് കാണാമറയത്തുതന്നെ. പിന്നീട് കേസ് സിബി.ഐയ്ക്ക് വിടുകയായിരുന്നു. 2006-ല്‍ സംഭവം നടക്കുമ്പോള്‍ കേരളത്തിലെ ക്രൈം കേസുകളുടെ ചുമതല സി.ബി.ഐ ചെന്നൈ യൂണിറ്റിനായിരുന്നു. അതുകൊണ്ടാണ് പ്രതികളെത്തിരഞ്ഞ് ചെന്നൈ യൂണിറ്റ് തന്നെ പോണ്ടിച്ചേരിയിലെത്തിയത്.

തികച്ചും ആസൂത്രിതമായിരുന്ന കൊലപാതകങ്ങള്‍ക്കുശേഷവും എന്തു ചെയ്യണമെന്നതിനെക്കുറിച്ച് പ്രതികള്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു. കൃത്യനിര്‍വഹണത്തിനുശേഷം നാടുവിട്ട പ്രതികള്‍ അധികം അകലെയൊന്നുമല്ല എത്തിപ്പെട്ടത്. പോണ്ടിച്ചേരിയില്‍ പോയി പേരും രൂപവും തന്നെ മാറ്റി. ഇത്രയധികം സാങ്കേതിക വിദ്യകള്‍ പുരോഗമിച്ച കാലത്ത് പതിനെട്ട് വര്‍ഷമാണ് പോണ്ടിച്ചേരിയില്‍ ആരാലും തിരിച്ചറിയപ്പെടാതെ സൈ്വര്യജീവിതം ഇവര്‍ നയിച്ചുവന്നത്.

പോണ്ടിച്ചേരിയില്‍ സുഖജീവിതം

ഒരു ഇന്ത്യന്‍ പൗരന്റെ അടിസ്ഥാനരേഖയായി കരുതിപ്പോരുന്ന ആധാര്‍കാര്‍ഡിന്റെ ആധികാരികതയെപ്പോലും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ് ആദ്യം പ്രതികള്‍ നടത്തിയത്. പോണ്ടിച്ചേരിയില്‍ സ്വന്തമായി വിലാസമുണ്ടാക്കി, അവിടെനിന്നും ആധാര്‍കാര്‍ഡെടുത്തു. പോണ്ടിച്ചേരിയില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം തുടങ്ങി. കാര്‍പെന്റര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് സ്ഥാപനം നല്ലരീതിയില്‍ നടത്തിപ്പോന്നു. പ്രതികളില്‍ ഒരാള്‍ വിഷ്ണു എന്ന പേരിലാണ് സ്ഥാപന ഉടമയായി ബിസിനസ് നടത്തിയത്.

ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഉണ്ടാക്കിയ പ്രതികള്‍ ഇത്രയും കാലം നാടുമായോ കുടുംബവുമായോ ബന്ധപ്പെട്ടില്ല എന്ന സംശയാസ്പദമായ കാര്യമാണ്. രണ്ടുപേരും വിവാഹം ചെയ്തു. പോണ്ടിച്ചേരിയില്‍ത്തന്നെ അധ്യാപികമാരായി ജോലി ചെയ്യുന്ന യുവതികളെയാണ് ഇവര്‍ വിവാഹം ചെയ്തത്. രണ്ടുപേര്‍ക്കും കുട്ടികളുമായി. പതിനെട്ട് വര്‍ഷക്കാലം നിയമത്തിന്റെ കണ്ണില്‍പ്പെടാതെ കഴിഞ്ഞെങ്കിലും ആ അജ്ഞാത സന്ദേശം സിബിഐയ്ക്ക് അന്വേഷണത്തില്‍ തുമ്പായി മാറി.