- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് സഹോദരങ്ങളുള്ള കുടുംബത്തിന്റെ ഏക അത്താണി; കുടുംബത്തെ താങ്ങാൻ 10ാം ക്ലാസിൽ പഠനം നിർത്തി; സലൂണിൽ ജോലി നോക്കി സമ്പാദിച്ചു; ഇവന്റ് മാനേജ്മെന്റ് കമ്പനികളിൽ ചേർന്ന് പ്രവർത്തിച്ചതോടെ ഭേദപ്പെട്ട നിലയിൽ; നൃത്തവും പാട്ടുമായി ഇൻസ്റ്റാഗ്രാം റീലുകളിലും നിറഞ്ഞവൾ; ജീവിതം ആഘോഷിച്ചു ജീവിക്കാൻ ആഗ്രഹിച്ച അഞ്ജലിയെ ഓർത്ത് തേങ്ങി കുടുംബം
ന്യൂഡൽഹി: കഷ്ടപ്പാടുകളോട് പടവെട്ടി ജീവിതം ആഘോഷിച്ചു ജീവിക്കാൻ ആഗ്രഹിച്ചവളായിരുന്നു അഞ്ജലി സിങ്ങെന്ന 20കാരി. പുതുവത്സര രാത്രിയിൽ ഡൽഹിയിൽ കാറിന് അടിയിൽ പെട്ട് വലിച്ചിഴക്കപ്പെട്ട് ജീവൻ നഷ്ടമായി ഈ പെൺകുട്ടിക്ക്. കുടുംബത്തെ പോറ്റാൻ വേണ്ടി ചെറുപ്രായത്തിൽ ജോലിക്കിറങ്ങിയിരുന്നു അഞ്ജലി. ഈ ദുരന്തെേത്താ കുടുംബത്തിന്റെ ഏക അത്താണിയാണ് ഇല്ലാതായത്. മകളെ നഷ്ടമായ അമ്മയുടെ കണ്ണീരും ഏവരെയും ദുഃഖിപ്പിക്കുന്നു.
'എനിക്ക് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. മോർച്ചറിയിൽ എന്താണ് കണ്ടതെന്ന് വിശദീകരിക്കാൻ കഴിയില്ല. എങ്ങനെയാണ് ആ അഞ്ചുപേർക്ക് അവളെ അങ്ങനെ ഉപേക്ഷിച്ചുപോകാൻ തോന്നിയത്?. അവൾ പീഡനത്തിനിരയായി എന്ന് ഞാൻ വിശ്വസിക്കുന്നു. അവളെ 10 കിലോമീറ്ററോളം വലിച്ചിഴച്ചുവെന്ന് എന്നോടു പറഞ്ഞു. എന്റെ പാവം കുട്ടി. എന്റെ മറ്റു പെൺമക്കളെപ്പോലെയായിരുന്നില്ല അവൾ. ധൈര്യശാലിയായിരുന്നു. സഹോദങ്ങൾക്കു ജോലി കിട്ടുന്നതുവരെ വിവാഹം കഴിക്കില്ലെന്ന് അവൾ പറയാറുണ്ടായിരുന്നു. അവൾ എന്റെ എല്ലാം ആയിരുന്നു'' അമ്മ പറഞ്ഞു.
അഞ്ച് സഹോദരങ്ങളുള്ള അഞ്ജലി, കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. ഒൻപതു വർഷം മുൻപ് പിതാവ് മരിച്ചു. അമ്മയ്ക്കു വൃക്ക സംബന്ധമായ അസുഖമുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പത്താം ക്ലാസിൽ പഠനം നിർത്തി സലൂണിൽ ജോലി ചെയ്തു. ശേഷം ഇവന്റ്മാനേജ്‌മെന്റ് കമ്പനിയിൽ ചേർന്നു. വിവാഹങ്ങളിലും പരിപാടികളിലും 500-1,000 രൂപയായിരുന്നു പ്രതിഫലം. അതിഥികളെ സ്വാഗതം ചെയ്യുക, പൂക്കൾ ക്രമീകരിക്കുക, വധുക്കളെ മേക്കപ്പിലും ഡ്രസ്സിങ്ങിലും സഹായിക്കുക എന്നിവയായിരുന്നു ജോലി. അധിക പണം സമ്പാദിക്കുന്നതിനായി ചെറിയ സലൂണുകളിൽ പാർട്ട് ടൈമായി ജോലി ചെയ്തു. എന്നാൽ, കോവിഡ് കാലത്ത് വൻ പ്രതിസന്ധി നേരിട്ടിരുന്നു.
''അവൾ പഠനം തുടരാൻ ആഗ്രഹിച്ചു. പക്ഷേ, എന്നെയും സഹോദരങ്ങളെയും സഹായിക്കാൻ ഒരു ചെറിയ ബ്യൂട്ടി സലൂണിൽ ജോലി ചെയ്യാൻ തുടങ്ങി. പിന്നീട്, ഇവന്റ്മാനേജ്‌മെന്റിൽ ജോലി കണ്ടെത്തി. പ്രതിമാസം 10,000-15,000 രൂപ വരെ സമ്പാദിച്ചു'' അമ്മ രേഖ പറയുന്നു. രേഖ മൂന്ന് വർഷം മുൻപു വരെ ഒരു സ്വകാര്യ സ്‌കൂളിൽ ഹെൽപ്പർ ആയി ജോലി ചെയ്തിരുന്നു.
ജോലി ചെയ്ത പണവും വായ്പയുമെടുത്താണ് അഞ്ജലി സ്‌കൂട്ടർ വാങ്ങിയത്. അഞ്ജലി അവൾക്കായി വാങ്ങിയ ആദ്യ സമ്മാനമായിരുന്നു അത്. അഞ്ജലിയുടെ ഇഷ്ടനിറമായ പർപ്പിൾ നിറമാണ് സ്‌കൂട്ടറിനും. ''കഴിഞ്ഞ വർഷമാണ് സ്‌കൂട്ടർ വാങ്ങിയത്. അവൾ വളരെ ശക്തയായിരുന്നു. അവൾക്ക് ഇത് എങ്ങനെ സംഭവിക്കും?. ആദ്യം പൊലീസ് സ്റ്റേഷനിലേക്കും തുടർന്ന് സംഭവ സ്ഥലത്തേക്കും ഞങ്ങളെ കൊണ്ടുപോയി. എന്റെ സഹോദരി മരിച്ചു കിടക്കുന്നു, നഗ്‌നയായി, തെരുവിന്റെ നടുവിൽ. കുറ്റക്കാർ ശിക്ഷിക്കപ്പെടണം'' സഹോദരി പ്രീതി പറഞ്ഞു.
രാഷ്ട്രീയത്തിലും പൗരപ്രശ്‌നങ്ങളിലും അഞ്ജലിക്കു താൽപ്പര്യമുണ്ടായിരുന്നുവെന്നു മറ്റൊരു സഹോദരി അൻഷിക പറഞ്ഞു. ''കഴിഞ്ഞ വർഷം, റോഡിലെ കുഴി ശരിയാക്കാൻ ഒരു എംഎൽഎയെ കാണാൻ പോയതും രാഷ്ട്രീയക്കാരുമായി വഴക്കിട്ടതും ഓർക്കുന്നു. വെള്ളത്തെക്കുറിച്ചും റോഡ് ഗതാഗതത്തെക്കുറിച്ചും അവൾ പരാതിപ്പെട്ടു. അവൾ അധികാരികളെ ഭയപ്പെട്ടിരുന്നില്ല. രാഷ്ട്രീയത്തിൽ വരാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ആഗ്രഹമുണ്ടെന്ന് ഒരിക്കൽ അവൾ എന്നോട് പറഞ്ഞിരുന്നു'' അൻഷിക പറഞ്ഞു.
പഞ്ചാബി പാട്ടുകളുടെ ആരാധികയായിരുന്ന അഞ്ജലി സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. നൃത്തവും പാട്ടുമായി ഇൻസ്റ്റാഗ്രാം റീലുകളും ചെയ്തിരുന്ന അഞ്ജലി, വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനും ഇഷ്ടപ്പെട്ടിരുന്നു. ജോലി കഴിഞ്ഞ് പലപ്പോഴും വൈകിയാണ് വീട്ടിലെത്തുന്നത്. സംഭവ ദിവസവും വീട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നു കുടുംബം പറയുന്നു.
പുതുവത്സരരാവിൽ മദ്യലഹരിയിലായിരുന്ന യുവാക്കളുടെ കാർ അഞ്ജലിയുടെ സ്‌കൂട്ടറിൽ ഇടിച്ചശേഷം 12 കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുൽത്താൻപുരിയിലെ കാഞ്ചവാലയിലാണ് കണ്ടെത്തിയത്. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷണൻ (27), മിഥുൻ (26), മനോജ് മിത്തൽ എന്നിവർ പിടിയിലായി. അതേസമയം കാഞ്ചവാലയിൽ യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ പിടികൂടിയ കാറിൽനിന്നു മദ്യക്കുപ്പികളും ലഹരി പദാർഥങ്ങളും കണ്ടെത്തി. അക്രമികൾ രണ്ടര കുപ്പി മദ്യം കുടിച്ചതായി പൊലീസ് പറഞ്ഞു.
ദാബ ഭക്ഷണത്തിനു പ്രസിദ്ധമാണ് ഈ സ്ഥലം. ഇവിടെ തിരക്കായതിനാൽ ഇവർ തിരിച്ചുപോയി. റോഡരികിൽ വച്ച് ഇവർ ഭക്ഷണം കഴിച്ചു. അതിനുശേഷം വാഹനം അലക്ഷ്യമായി ഓടിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ വച്ചുതന്നെ മദ്യം കഴിക്കുന്നുണ്ടായിരുന്നു. അഞ്ജലി സിങ്ങിന്റെ കാല് കാറിൽ കുടുങ്ങിയെന്നും അഞ്ജലിയുടെ ശരീരവുമായി കാർ 13 കിലോമീറ്റർ ഓടിയെന്നും ഇവർ പിന്നീടാണ് തിരിച്ചറിഞ്ഞത്. കാറിൽ സഞ്ചരിക്കുന്നതിനിടെ ഇവരിൽ ഒരാൾ യുവതിയുടെ കൈ കാറിനടിയിൽ കാണുകയും ഭയന്ന് കാർ തിരിച്ച് വിടുകയുമായിരുന്നു. തുടർന്ന് മൃതദേഹം കാഞ്ചവാലയിൽ ഉപേക്ഷിച്ചു.
യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരിച്ച അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നും കണ്ടെത്തി. യുവതിയുടെ മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു കണ്ടെത്തിയത്.
മറുനാടന് ഡെസ്ക്