മുംബൈ: അനധികൃത ഖനനം തടയാനെത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രംഗത്തു വരുമ്പോഴും ചര്‍ച്ചയാകുന്നത് മലയാളി ഐപിഎസ് ഓഫീസറുടെ ധീരത. സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയായ വി.എസ്. അഞ്ജന കൃഷ്ണയെയാണ് അജിത് പവാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. അജിത് പവാര്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അഞ്ജന കൃഷ്ണ മഹാരാഷ്ട്രയിലെ കര്‍മല ഡിഎസ്പിയായാണ് പ്രവര്‍ത്തിക്കുന്നത്. 2022-ലാണ് അഞ്ജന കൃഷ്ണ സിവില്‍ സര്‍വീസ് നേടിയത്.

2022-23 വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 355-ാം റാങ്കുകാരിയായിരുന്നു അഞ്ജന നേടിയത്. പിതാവ് ബിസിനസുകാരനും അമ്മ വഞ്ചിയൂര്‍ കോടതി ജീവനക്കാരിയുമാണ്. നാലാംശ്രമത്തിലായിരുന്നു അഞ്ജന സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത്. പൂജപ്പുര സെയിന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിലും തിരുവനന്തപുരം എന്‍എസ്എസ് വനിതാ കോളേജിലുമായിട്ടായിരുന്നു(നിറമണ്‍കര) വിദ്യാഭ്യാസം. ഇതിനുശേഷമാണ് അഞ്ജന സിവില്‍ സര്‍വീസിലെത്തുന്നത്. മലയിന്‍കീഴ് ആല്‍ത്തറ ജങ്ഷന്‍ 'ദേവൂസാണ്' അഞ്ജനയുടെ വീട്. ബിസിനസുകാരന്‍ വിജുവിന്റെയും വഞ്ചിയൂര്‍ കോടതിയില്‍ ടൈപ്പിസ്റ്റ് ക്ലാര്‍ക്കായ സീനയുടെയും മകള്‍. വിജുവിന് തുണിക്കച്ചവടമാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളമായിരുന്നു വിഷയം. ഖനന മാഫിയകളെ പൂട്ടിയ അഞ്ജന മഹാരാഷ്ട്രയിലെ എന്‍സിപിയുടെ കണ്ണിലെ കരടായി മാറുകയാണ്. മലയിന്‍കീഴിന് അടുത്താണ് മൂക്കുന്നിമല. ഖനന മാഫിയയുടെ ഇരയായിരുന്നു ഒരു കാലത്ത് മൂക്കുന്നിമല. നിരവധി പാരസ്ഥിതിക പ്രതിഷേധങ്ങള്‍ ഉയര്‍ന്ന നാടാണ് മൂക്കുന്നിമല. അതിന്റെ തൊട്ടടുത്തു നിന്നുള്ള ഐപിഎസുകാരിയ്ക്ക് ഖനനത്തിന്റെ ദോഷവശം നന്നായി അറിയാം. അതുകൊണ്ടാണ് കടുത്ത നടപടികള്‍ എടുത്തത്.

ഐപിഎസ് ഉദ്യോഗസ്ഥയുമായി ഒരു എന്‍സിപി പ്രവര്‍ത്തകന്റെ ഫോണിലാണ് അജിത് പവാര്‍ സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് അജിത് പവാര്‍ ആദ്യം ഫോണിലൂടെ പറഞ്ഞത്. എന്നാല്‍, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്റെ നമ്പരിലേക്ക് വിളിക്കാനും ഇവര്‍ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി. 'നിങ്ങള്‍ക്കെതിരേ ഞാന്‍ നടപടി സ്വീകരിക്കും' എന്ന് അജിത് പവാര്‍ പിന്നീട് ഉദ്യോഗസ്ഥയോട് പറഞ്ഞു. ''നിങ്ങള്‍ക്ക് എന്നെ കാണണം അല്ലേ. നിങ്ങളുടെ നമ്പര്‍ തരൂ, അല്ലെങ്കില്‍ എന്നെ വാട്‌സാപ്പില്‍ വിളിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ മുഖം മനസിലാകും. ഇതുപോലെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യംവന്നു'' എന്നും അജിത് പവാര്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതായത് പവാറിനെ ക്ഷുഭിതനാക്കിയിരുന്നു അഞ്ജന കൃഷ്ണയുടെ മറുപടി.

സംഭവം വിവാദമായതോടെ സ്ഥിതിഗതികള്‍ ശാന്തമാക്കാനും കൂടുതല്‍ വഷളാകാതിരിക്കാനുമാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു അജിത് പവാറിന്റെ മറുപടി. ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വിവാദമായതിന് പിന്നാലെ സാമൂഹികമാധ്യമമായ എക്സിലൂടെയാണ് അജിത് പവാര്‍ വിശദീകരണം നല്‍കിയത്. പോലീസിനെ തടസപ്പെടുത്തുക എന്നതായിരുന്നില്ല ഉദ്ദേശ്യം. സ്ഥിതിഗതികള്‍ ശാന്തമാക്കാനും കൂടുതല്‍ വഷളാകാതിരിക്കാനുമാണ് ഇടപെട്ടത്. പോലീസ് സേനയോടും വനിതകള്‍ അടക്കമുള്ള അതിലെ ഉദ്യോഗസ്ഥരോടും വലിയ ബഹുമാനമാണുള്ളത്. അതിലുപരി നിയമവാഴ്ചയെ അങ്ങേയറ്റം വിലമതിക്കുകയുംചെയ്യുന്നു. മണല്‍ഖനനം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമമനുസരിച്ച് കര്‍ശനമായി കൈകാര്യംചെയ്യുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. അജിത് പവാറിന് ഉപമുഖ്യമന്ത്രിയായി തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും മഹാരാഷ്ട്രയെ അദ്ദേഹം കള്ളന്മാരുടെ സംസ്ഥാനമാക്കി മാറ്റിയെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. അതേസമയം, എന്‍സിപി നേതാവ് സുനില്‍ താക്കറെയും റവന്യൂമന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രശേഖര്‍ ഭവാന്‍കുളെയും അജിത് പവാറിനെ ന്യായീകരിച്ച് രംഗത്തെത്തി. അജിത് പവാര്‍ ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അത് അദ്ദേഹത്തിന്റെ സാധാരണരീതിയിലുള്ള സംസാരമാണെന്നുമായിരുന്നു ഇവരുടെ ന്യായീകരണം. 'ഇത് അദ്ദേഹത്തിന്റെ സാധാരണ സംസാരരീതിയാണ്. ഇതേ സ്വരത്തിലാണ് അദ്ദേഹം ഞങ്ങളോടും സംസാരിക്കാറുള്ളത്. ആ ഉദ്യോഗസ്ഥ അവരുടെ ജോലിയാണ് ചെയ്യുന്നത്. അവരെ കുറ്റപ്പെടുത്തുന്നില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ അവരുടെ പരാതികള്‍ പറയും. അതാണ് അജിത് പവാര്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചത്'', എന്‍സിപി മഹാരാഷ്ട്ര പ്രസിഡന്റ് സുനില്‍ താക്കറെ വിശദീകരിച്ചു.