- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാജുവിന് ലഭിച്ച ശിക്ഷ ലോകമറിഞ്ഞത് അഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ; സഹപ്രവർത്തകയുടെ ആത്മാവ് സന്തോഷിക്കുമായിരിക്കുമെന്നു മനോജ്; ക്ഷേത്രത്തിൽ പോകാതെ ദൈവത്തോട് പിണങ്ങി അച്ഛൻ അശോകൻ; മകൾക്ക് എന്നും കൂട്ടായി ഉണ്ടായതു ദുരിതങ്ങൾ മാത്രം ആയിരുന്നെന്നും പ്രിയ പിതാവ്
ലണ്ടൻ: ഇന്നലെ അഞ്ജുവിനു 36-ാം പിറന്നാൾ ആയിരുന്നു. ജീവൻ എടുത്തവന് കോടതിയും നിയമവും അർഹമായ ശിക്ഷ നൽകുമ്പോൾ കാലവും അതിന്റെതായ വിധി നടപ്പാക്കുക ആയിരുന്നു എന്നൂഹിക്കാം. കാരണം തികച്ചും യാദൃശ്ചികമായാണ് കോടതി അഞ്ജുവിന്റെ ഭർത്താവ് സാജുവിനുള്ള ശിക്ഷ നടപ്പാക്കാൻ ജൂലൈ മൂന്നു മാസങ്ങൾക്ക് മുൻപേ തിരഞ്ഞെടുത്തത്. ഇന്നലെ അഞ്ജുവിന്റെ അച്ഛൻ അശോകൻ ഇക്കാര്യം ഓർമ്മപ്പെടുത്തി വിതുമ്പും വരെ ആരെ അക്കാര്യം ഓർത്തിരുന്നതുമില്ല.
അഞ്ജുവിന്റെയും മക്കളുടെയും ഘാതകനായ ഭർത്താവ് സാജുവിനുള്ള ശിക്ഷ നടപ്പാക്കിയ കാര്യം വൈക്കത്തുള്ള വീട്ടിൽ അറിയുമ്പോഴേക്കും സന്ധ്യ പിന്നിട്ടിരുന്നു. ഏറെ വിഷമവും വിഷാദവും അലയടിച്ച മുഹൂർത്തത്തിൽ വിധി വിവരം വിളിച്ചു പറഞ്ഞ അഞ്ജുവിന്റെ സഹപ്രവർത്തകനും നെക്സ്റ്റ് ഓഫ് കിൻ ആയി പൊലീസ് നിയോഗിച്ച മനോജ് മാത്യുവിന് തിങ്കളാഴ്ച വൈകിട്ട് അഞ്ജുവിന്റെ പിതാവായ അശോകിനോട് അധികമായി കൂടുതൽ ഒന്നും പറയാൻ പറ്റുന്ന സാഹചര്യവും അല്ലായിരുന്നു.
എന്നാൽ മനസ്സിൽ ഇരുന്നു തികട്ടിയ മുഴുവൻ വിഷമവുമായി ഇന്നലെ യുകെ സമയം പുലർച്ചെ ആറ് ആകുന്നത് നോക്കിയിരുന്നു മനോജിനെ വിളിക്കുക ആയിരുന്നു അഞ്ജുവിന്റെ അച്ഛൻ അശോക്. എപ്പോൾ വേണമെങ്കിലും വിളിച്ചോളാൻ മനോജ് സ്വാതന്ത്ര്യം നൽകിയിട്ടുള്ളതിനാൽ ഫോൺ എടുത്ത ഉടനെ അശോകൻ പറഞ്ഞതും മകളുടെ ജന്മദിനത്തെ പറ്റിയാണ്. അവൾ ജീവിച്ചിരുന്നെങ്കിൽ ഇന്ന് മക്കളോടൊപ്പം പിറന്നാൾ പായസം ഉണ്ടേനെ.
മുപ്പത്തിയാറിലേക്ക് കടക്കാൻ വിധി അവൾക്ക് അവസരം നൽകിയില്ല. അശോകന്റെ വാക്കുകൾ കേട്ട് മറുത്തൊരു അക്ഷരം പോലും പറയാൻ വിഷമിച്ച മനോജ് ഫോണിൽ സ്‌ക്രോൾ ചെയ്യവേ അഞ്ജുവിന്റെ പിറന്നാൾ തിയതിയും തെളിഞ്ഞു വന്നു. ഒരു പക്ഷെ കാലം അവൾക്കായി കാത്തുവച്ച പിറന്നാൾ സമ്മാനം ആയിരിക്കാം കോടതി വിധി. അവളുടെ ആത്മാവിന് സ്വയം മറന്നു ഒന്ന് ചിരിക്കാനായി കാലമെന്ന സത്യം തിരഞ്ഞെടുത്തത് ആകും തിങ്കളാഴ്ചയിലെ വിധിദിനം.
ഒട്ടേറെ ജീവിത ദുരിതത്തിലൂടെ കടന്നു പോയ മകളെ ദൈവവും നിഷ്ടൂരമായി കൈവിട്ടു എന്ന് കരുതുന്ന അച്ഛൻ അശോകൻ ഇപ്പോൾ ദൈവവുമായി പിണക്കത്തിലാണ്. ദൈവം നോക്കിയിരുന്നെങ്കിൽ മകളുടെ ദുർവിധി തടയാൻ ആകുമായിരുന്നില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മകളുടെ പിറന്നാൾ ആയതിനാൽ ക്ഷേത്രത്തിൽ പോയി വഴിപാട് വല്ലതും സമർപ്പിച്ചോ എന്ന ചോദ്യത്തോടാണ് അദ്ദേഹം ദൈവവുമായി പിണക്കത്തിലായ കാര്യം തുറന്നു പറഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് അറിഞ്ഞ കോടതി ശിക്ഷയെ കുറിച്ച് കൂടുതലറിയാൻ ഇന്നലെ പുലർച്ചെ മുതലേ വാർത്ത ചാനലുകൾ വൈക്കത്തെ വീട്ടിൽ എത്തിയിരുന്നു. ആ തിരക്കുകൾ കൂടുതൽ വിഷമിപ്പിക്കുന്ന സാഹചര്യത്തിൽ മകളുടെ പിറന്നാൾ ദിനത്തിൽ സ്വയം അവളെക്കുറിച്ചുള്ള ഓർമ്മകളിൽ മുഴുകാൻ ആയിരുന്നു അശോകൻ ശ്രമിച്ചത്.
ജീവിതത്തിൽ ഒരിക്കലും അവൾക്ക് സന്തോഷം ലഭിച്ചിട്ടില്ല എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ വലിയ സങ്കടം. ചെറുപ്പത്തിൽ അമ്മയുടെ മരണം കണ്മുന്നിൽ കാണേണ്ടി വന്നവരാണ് തന്റെ രണ്ടു മക്കളും. ഇപ്പോൾ രണ്ടാനമ്മയാണ് ഇവരുടെ അമ്മയായി കൂടെയുള്ളത്. പെറ്റമ്മയുടെ മരണം സൃഷ്ടിച്ച ഞടുക്കം എന്നും മക്കളെ പ്രയാസപ്പെടുത്തികൊണ്ടിരുന്ന ഓർമ്മയാണ് എന്നും അശോകൻ പറയും. വിവാഹത്തോടെ നല്ലൊരു ജീവിതത്തിലേക്ക് മകൾ നടന്നടുക്കുകയാണ് എന്ന പ്രതീക്ഷയാണ് വളരെ വേഗത്തിൽ സാജു തല്ലിക്കെടുത്തിയത്. എന്നും വഴക്കും ബഹളവും. ഇപ്പോൾ മരണത്തിലൂടെ അവൾ എല്ലാം ഇല്ലാതാക്കിയിരിക്കുന്നു. ഇനി ഓർമ്മകളിൽ മാത്രം, ഈ വാക്കുകൾ പങ്കിടുമ്പോൾ അശോകന്റെ വാക്കുകൾ പൂക്കുല പോലെ വിറച്ചിരുന്നു.
കുട്ടികളെ എടുത്തു പൊക്കി ഒക്കെ അടിക്കുന്ന ശീലം കാരണം അഞ്ചു ഒരു ദിവസം പോലും അധികമായി ജോലി ചെയ്തിരുന്നില്ല എന്നാണ് സഹപ്രവർത്തകൻ ആയ മനോജിന് ഓർമ്മിക്കാനുള്ളത്. കാരണം കുട്ടികളെ ഒറ്റയ്ക്കു കയ്യിൽ കിട്ടിയാൽ അവൻ എന്തും ചെയ്യും എന്ന ഭീതിയിലാണ് അവൾ കഴിഞ്ഞിരുന്നത്. ബാങ്ക് ഷിഫ്റ്റ് ഒക്കെ എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അധികമാരോടും ഒന്നും പറയാതെ കഴിഞ്ഞിരുന്ന അഞ്ജു കുട്ടികളെ നോക്കാനുണ്ട് എന്ന് മാത്രം പറഞ്ഞു ഒഴിയുക ആയിരുന്നു.
ഇനി ആ ക്രൂരത ഇല്ലല്ലോ എന്നോർത്ത് അഞ്ജു ഇപ്പോൾ സമാധാനമായി അന്ത്യ നിദ്രയിൽ ആയിരിക്കും എന്നാണ് മനോജ് അടക്കമുള്ള സഹപ്രവർത്തകർ കരുതുന്നത്. സാമ്പത്തിക പ്രയാസം ഒഴിവാക്കാൻ എല്ലാവരും അധിക ഡ്യുട്ടി എടുക്കുമ്പോൾ അതിനു ശ്രമിക്കാതെ അഞ്ജു ഒഴിഞ്ഞു മാറിയതും ആ ഒഴിവാകലിന്റെ പിന്നിലെ യഥാർത്ഥ കാരണവും സഹപ്രവർത്തകർക്ക് അടക്കം മനസിലാകുന്നത് ഇപ്പോൾ അവൾ ക്രൂരമായി കൊലചെയ്യപ്പെട്ട ശേഷം മാത്രവും ആണെന്നത് ജീവിച്ചിരിക്കുമ്പോൾ സ്വയം പുകയുന്ന അഗ്നി പർവതമായി ഇനിയും എത്രയോ പേർ നമുക്കൊപ്പം ഉണ്ടായിരിക്കും എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണെന്നും മനോജ് കൂട്ടിച്ചേർത്തു.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.